കൊച്ചി: ചികിത്സാപ്പിഴവ് ആരോപിച്ച് കൊച്ചിയിലെ പ്രമുഖ ക്യാൻസർ ചികിത്സാ വിദഗ്ദ്ധനെയും കുടുംബത്തെയും വധിക്കുമെന്ന് ഗൂഢസംഘത്തിന്റെ ഭീഷണി. മരിച്ച കുട്ടിയുടെ കുടുംബത്തിന് 8.25 ലക്ഷം രൂപ നൽകിയില്ലെങ്കിൽ കൊല്ലുമെന്നാണ് കത്തിൽ പറയുന്നത്.
സിറ്റിസൺ ഫോർ ജസ്റ്റിസ് എന്ന സംഘത്തിന്റെ പേരിൽ മുംബയിൽ നിന്ന് മേയ് 17നാണ് തപാലിൽ കത്ത് ലഭിച്ചത്. വൈദ്യരംഗത്ത് ഏറെ പ്രശസ്തനായ ഡോക്ടർ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്. ഡോക്ടറുടെ പരാതിയിൽ സിറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു.
ഡോക്ടറുടെ ചികിത്സാ പിഴവുമൂലം ഒരു പെൺകുട്ടി മരിച്ചെന്നും പിന്നാലെ കുട്ടിയുടെ മാതാവ് ആത്മഹത്യ ചെയ്തെന്നും കത്തിൽ പറയുന്നു. ഇക്കാര്യത്തിൽ കുട്ടിയുടെ പിതാവ് നൽകിയ പരാതി ക്വട്ടേഷൻ പോലെ ഏറ്റെടുത്തെന്നാണ് ഭീഷണിക്കത്തിന്റെ ഉള്ളടക്കം. കത്ത് അയച്ച പിൻകോഡും പോസ്റ്റ് ബോക്‌സ് നമ്പരും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതേ രീതിയിൽ മറ്റാർക്കെങ്കിലും ഭീഷണിക്കത്ത് ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
ബിറ്റ്‌കോയിനും
ക്യു.ആർ കോഡും
പണം ബിറ്റ്കോയിനായി നൽകണമെന്നാണ് കത്തിലെ ആവശ്യം. ഇതിനായി ബിറ്റ് കോയിൻ ലിങ്കും ക്യൂ.ആർ. കോഡും കത്തിൽ നൽകിയിട്ടുണ്ടായിരുന്നു. സൈബർ പൊലീസിന്റെ സഹായവും അന്വേഷണ സംഘം തേടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |