
കൊച്ചി: സാധാരണക്കാർക്ക് ഒരു വിലയും ലഭിക്കാത്ത സംവിധാനത്തിൽ സൂരജ് ലാമയ്‌ക്കുണ്ടായ അനുഭവം ഞെട്ടിക്കുന്നതാണെന്ന് ഹൈക്കോടതി. വി.ഐ.പികൾക്ക് പരിഗണനയുള്ള നാടായി മാറി. ആരും ആരേക്കാളും വലുതല്ല. എല്ലാവരും തുല്യരാണ്. ഗാന്ധിയൻ ദർശനങ്ങളെക്കുറിച്ച് പ്രസംഗിക്കുന്നവർ അതു നടപ്പാക്കുന്നില്ല. ഗാന്ധിജി നാവിലുണ്ടെങ്കിലും ഹൃദയത്തിലില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ,ജസ്റ്റിസ് എം.ബി. സ്‌നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻബഞ്ച് വാക്കാൽ പറഞ്ഞു.
കുവൈറ്റിൽ നിന്നു നാടുകടത്തപ്പെട്ട് കൊച്ചിയിലെത്തിയ ബംഗളൂരു സ്വദേശി സൂരജ് ലാമയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി മകൻ സാന്റോൺ ലാമ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. നാടുകടത്തിയതിന്റെ രേഖകൾ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു. അറബിയിലുള്ള രേഖയുടെ പരിഭാഷയാണ് വേണ്ടത്. കോടതിയുടെ പല ചോദ്യങ്ങൾക്കും ഉത്തരമില്ല. കിട്ടിയവയ്‌ക്ക് വ്യക്തതയുമില്ല. ബംഗളൂരുവിൽ ഇറങ്ങേണ്ടയാൾ കൊച്ചിയിൽ എത്താനുണ്ടായ സാഹചര്യത്തെക്കുറിച്ചുള്ള അനിശ്ചിതത്വം അപമാനകരമാണ്. അദ്ദേഹത്തെ പൊലീസ് ആംബുലൻസിൽ കയറ്റി എറണാകുളം മെഡിക്കൽ കോളേജിലേക്ക് അയയ്‌ക്കുകയായിരുന്നു. ആംബുലൻസിന്റെ ഡ്രൈവറാണ് ഒ.പി ടിക്കറ്റെടുത്തതെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇതുസംബന്ധിച്ച പൊലീസ് രേഖക8 ഹാജരാക്കണം. ഹർജി തിങ്കഴാഴ്ച വീണ്ടും പരിഗണിക്കും.
കുവൈറ്റിൽ മദ്യദുരന്തത്തിനിരയായി ഓർമ്മ നഷ്ടപ്പെട്ട ലാമ ഒക്ടോബർ അഞ്ചിനാണ് കൊച്ചിയിലേക്കു കയറ്റിവിട്ടത്. നെടുമ്പാശേരിയിൽ ഇറങ്ങിയ ഇയാളെക്കുറിച്ച് പിന്നീട് വിവരമില്ല. കഴിഞ്ഞദിവസം കളമശേരി എച്ച്.എം.ടിക്കു സമീപത്തെ കുറ്റിക്കാട്ടിൽ കണ്ടെത്തിയ മൃതദേഹം ഇയാളുടെയാണോയെന്നു തിരിച്ചറിയാനുള്ള ഡി.എൻ.എ റിപ്പോർട്ട് പുറത്തുവന്നിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |