ന്യൂഡൽഹി: ഇന്ത്യൻ സ്ത്രീശക്തിയുടെ പ്രതീകമായ സിന്ദൂരം ഓപ്പറേഷൻ സിന്ദൂറിലൂടെ വീര്യത്തിന്റെ ചിഹ്‌നമായെന്ന് പ്രധാനമന്ത്രി മോദി. നാരീശക്തിയെ വെല്ലുവിളിക്കുന്നത് വിനാശകരമാണെന്ന് ഭീകരർക്കും അവരെ നയിക്കുന്നവർക്കും ബോദ്ധ്യമായെന്നും പറഞ്ഞു. മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ അഹല്യബായി ഹോൾക്കറുടെ 300-ാം ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന മഹിളാ ശക്തികരൺ മഹാസമ്മേളനത്തെ അഭിസംബോധ ചെയ്യുകയായിരുന്നു അദ്ദേഹം. ഭോപ്പാലിൽ നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിച്ചു.
പഹൽഗാമിൽ ഭീകരർ രക്തം ചിന്തുകയും നമ്മുടെ സാംസ്കാരിക മൂല്യങ്ങളെ കടന്നാക്രമിക്കുകയും ഭിന്നതയുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തു. ഓപ്പറേഷൻ സിന്ദൂർ, സ്ത്രീകളുടെ കരുത്തിന്റെയും ധീരതയുടെയും സാക്ഷ്യമാണ്. ജമ്മു, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് അതിർത്തികളിൽ ബി.എസ്.എഫ് വനിതാ ഉദ്യോഗസ്ഥരാണ് പാക് ആക്രമണത്തെ ചെറുത്തത്. അതിർത്തി കടന്നുള്ള വെടിവയ്പ്പിനെ അവർ ധീരമായി ചെറുത്തു. പാകിസ്ഥാന്റെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകൾ അടക്കം കേന്ദ്രങ്ങൾ ഇല്ലാതാക്കി.
പെൺമക്കളുടെ
കഴിവ് ലോകം കണ്ടു
ദേശീയ പ്രതിരോധത്തിൽ ഇന്ത്യയുടെ പെൺമക്കളുടെ കഴിവ് ലോകം കാണുന്നു.സ്ത്രീകൾ നയിക്കുന്ന വികസനമെന്ന ദർശനം രാജ്യത്തിന്റെ പുരോഗതിയുടെ കാതലാണ്. എല്ലാ പ്രധാന സർക്കാർ സംരംഭങ്ങളും അമ്മമാരെയും സഹോദരിമാരെയും ശാക്തീകരിക്കാൻ ലക്ഷ്യമിട്ടാണ്. സുരക്ഷാ സേനകളിൽ സ്ത്രീകളുടെ പങ്ക് ശക്തിപ്പെടുത്തി. വനിതകൾ കര, നാവിക, വ്യോമസേനകളുടെ മുൻനിര സ്ഥാനങ്ങളിൽ സേവനമനുഷ്ഠിക്കുന്നു. യുദ്ധവിമാനങ്ങൾ മുതൽ ഐ.എൻ.എസ് വിക്രാന്ത് യുദ്ധക്കപ്പൽ വരെയുള്ള സംവിധാനങ്ങളിൽ വനിതാ ഓഫീസർമാർ ധൈര്യവും നേതൃത്വവും പ്രകടിപ്പിക്കുന്നു.
നാവികസേനയിലെ രണ്ട് വനിതാ ഓഫീസർമാർ പായ് വഞ്ചി ഉപയോഗിച്ച് 250 ഓളം രാജ്യങ്ങൾ ചുറ്റി സമുദ്ര യാത്ര പൂർത്തിയാക്കി. ഏറ്റവും ശക്തമായ വെല്ലുവിളികളെപ്പോലും ചെറുത്തുതോൽപ്പിക്കാനുള്ള ഇന്ത്യയുടെ പെൺമക്കളുടെ കഴിവിന്റെ തെളിവാണിത്.
മദ്ധ്യപ്രദേശ് ഗവർണർ മംഗുഭായ് ഛഗൻഭായ് പട്ടേൽ, മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |