ന്യൂഡൽഹി: പാകിസ്ഥാന്റേത് കള്ളപ്രചാരണമാണെന്നും ആറ് ഇന്ത്യൻ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടെന്ന വാദം അസംബന്ധമാണെന്നും സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ. അതേസമയം യുദ്ധവിമാനം ഏതെങ്കിലും നഷ്ടമായോ എന്നതിൽ വ്യക്തത വരുത്തിയിട്ടില്ല. നഷ്ടമെത്ര എന്നതല്ല, തന്ത്രപരമായ പിശകുകൾ കണ്ടെത്താനായതാണ് പ്രധാനം. തെറ്റ് തിരുത്തി രണ്ട് ദിവസത്തിന് ശേഷം ദീർഘദൂര ലക്ഷ്യങ്ങളിലേക്ക് യുദ്ധവിമാനങ്ങൾ പറത്തി. യുദ്ധവിമാനം വീണോയെന്നതല്ല എന്തുകൊണ്ട് വീണു എന്നതാണ് പ്രധാനം. ഓപ്പറേഷൻ സിന്ദൂറിൽ ചില നഷ്ടങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ ഇവയൊക്കെ പരിഹരിച്ച് പാകിസ്ഥാന് കനത്ത തിരിച്ചടി നൽകിയെന്നും ജനറൽ ചൗഹാൻ പറഞ്ഞു. ഒരു ടെലിവിഷൻ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആണവായുധങ്ങൾ ഉപയോഗിക്കേണ്ട സാഹചര്യം ഒരിക്കലും ഉണ്ടായിട്ടില്ല. പരമ്പരാഗത യുദ്ധ രീതിയിലായിരുന്നു സംഘർഷം.സംഘർഷം അതിരുവിട്ടാൽ നിയന്ത്രിക്കാൻ കഴിയുന്ന വിധത്തിൽ പാകിസ്ഥാനുമായുള്ള ആശയവിനിമയ ചാനലുകൾ തുറന്നിട്ടിരുന്നതായി ജനറൽ ചൗഹാൻ പറഞ്ഞു.
കൃത്യമായ
ആക്രമണം
ആണവായുധം ഉപയോഗിക്കുന്ന തലത്തിലേക്ക് പോകാതെ പ്രശ്‌നപരിഹാരത്തിനുള്ള വഴികളുണ്ടായിരുന്നു. ചൈന നൽകിയ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാന് പ്രയോജനപ്പെട്ടില്ലെന്നും ജനറൽ ചൗഹാൻ പറഞ്ഞു. 300 കിലോമീറ്ററിനുള്ളിൽ, കൃത്യതയോടെ, കനത്ത വ്യോമ പ്രതിരോധമുള്ള വ്യോമതാവളങ്ങളിൽ കൃത്യമായ ആക്രമണം നടത്താൻ ഇന്ത്യൻ സേനയ്‌ക്ക് കഴിഞ്ഞു.ആണവയുദ്ധം ഒഴിവാക്കാൻ ഇടപെട്ടെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തെക്കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം വിസമ്മതിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |