തിരുവല്ല : മഴയുടെ ശക്തികുറഞ്ഞെങ്കിലും പമ്പ, മണിമല നദികൾ കരകവിഞ്ഞൊഴുകുന്നതിനാൽ തിരുവല്ല താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ വെള്ളപ്പൊക്ക കെടുതികൾ രൂക്ഷമായി. കഴിഞ്ഞ രാത്രിയിലും ഇന്നലെയുമായി 14 ദുരിതാശ്വാസ ക്യാമ്പുകൾ കൂടി തുറന്നു. ഇതോടെ താലൂക്കിലെ ആകെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം മുപ്പതായി. തോട്ടപ്പുഴശ്ശേരി, ഇരവിപേരൂർ, കുറ്റപ്പുഴ, കുറ്റൂർ, കാവുംഭാഗം, പെരിങ്ങര, നിരണം എന്നീ വില്ലേജുകളിൽ കൂടുതൽ ക്യാമ്പുകൾ തുറന്നു. ഇന്നലെ വൈകിട്ട് 5 വരെ 265 കുടുംബങ്ങളിലെ 976 ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചു. 391 പുരുഷന്മാരും 419 സ്ത്രീകളും 166 കുട്ടികളും ക്യാമ്പുകളിൽ കഴിയുകയാണ്.
കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന കനത്തമഴ ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് നിലച്ചത്. ഇന്നലെ രാവിലെ റെഡ് അലർട്ട് പ്രഖ്യാപിച്ചെങ്കിലും പിന്നീട് മുന്നറിയിപ്പ് പിൻവലിച്ചു. മഴയുടെ ശക്തി കുറഞ്ഞത് ആശ്വാസമായെങ്കിലും അപ്പർകുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നത് ആശങ്കയായി. ഗ്രാമീണമേഖലയിലെ പ്രധാന റോഡുകളെല്ലാം വെള്ളത്തിലായി. മിക്കയിടത്തും ഗതാഗതം നിലച്ചു. കുറെ വർഷങ്ങൾക്ക് ശേഷമാണ് മേയ് മാസത്തിൽ വെള്ളപ്പൊക്കം ഉണ്ടാകുന്നത്. മഴ കുറഞ്ഞെങ്കിലും വെള്ളം ഇറങ്ങിപ്പോകാൻ ഇനിയും ദിവസങ്ങൾ വേണ്ടിവരും. സ്‌കൂൾ തുറക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ഉണ്ടായ വെള്ളപ്പൊക്കം മിക്ക കുടുംബങ്ങളെയും ആശങ്കയിലാക്കി.
വൈദ്യുതി മുടങ്ങിയിട്ട് ദിവസങ്ങളായി
കനത്തമഴയും കാറ്റും കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടാക്കിയ നാശനഷ്ടങ്ങൾക്കിടെ വൈദ്യുതി വിതരണം ഇനിയും പൂർണമായി പുനഃസ്ഥാപിച്ചിട്ടില്ല. നിരണം, കടപ്ര, പെരിങ്ങര, നെടുമ്പ്രം പഞ്ചായത്തുകളുടെ പലഭാഗങ്ങളിലും വൈദ്യുതി മുടങ്ങിയിട്ട് നാലഞ്ച് ദിവസമായി. നിരണത്ത് റോഡിന് കുറുകെ കൂറ്റൻ പുളിമരം വീണതിനെ തുടർന്ന് നിലച്ചതാണ് വൈദ്യുതി. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി വൈദ്യുതി വിതരണം അധികൃതർ പുനഃസ്ഥാപിച്ചിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു.
നെടുമ്പ്രത്ത് വോൾട്ടേജ് ഇല്ലാതായിട്ട് മൂന്ന് ദിവസം പിന്നിട്ടു. പരാതികൾ ഉടനെ പരിഹരിക്കുമെന്ന് അധികൃതർ അറിയിച്ചെങ്കിലും നടപടിയില്ല. . മോട്ടോറും ഫ്രീസറുകളുമൊക്കെ പ്രവർത്തിപ്പിക്കാൻ കഴിയാതെ മിക്ക ഹോട്ടലുകളും അടച്ചു. വൈദ്യുതി വ്യതിയാനം ഉണ്ടാകുന്നതും ഇലക്ട്രിക് ഉപകരണങ്ങളുടെ തകരാറിന് കാരണമായി.
കെ.എസ്.ആർ.ടി.സി സർവീസ് നിറുത്തിവച്ചു
തിരുവല്ല - അമ്പലപ്പുഴ സംസ്ഥാനപാതയിൽ നെടുമ്പ്രം ഭാഗത്ത് റോഡിൽ വെള്ളം കയറിയതിനാൽ കെ.എസ്.ആർ.ടി.സി സർവീസ് താത്കാലികമായി നിറുത്തിവച്ചു. എടത്വയിൽ നിന്ന് തിരുവല്ലയിലേക്കുള്ള സർവീസ് ആണ് നിറുത്തിയത്. തിരുവല്ലയിൽ നിന്നുള്ള സർവ്വീസുകൾ വാളകത്തിൽ പാലം വരെയാണ് നടത്തുന്നത്.
കൂറ്റൻ ആൽമരം കടപുഴകി
തിരുവല്ല ഉത്രമേൽ മഹാവിഷ്ണു ക്ഷേത്ര പരിസരത്ത് നിന്നിരുന്ന കൂറ്റൻ ആൽമരം കടപുഴകി. ഇന്നലെ രാവിലെ ഏഴിനാണ് ക്ഷേത്രത്തിന് പിൻവശത്തു നിന്നിരുന്ന മരം കടപുഴകിയത്. മരം വീണതിനെ തുടർന്ന് ക്ഷേത്രമതിലിന്റെ ഒരു ഭാഗം ഇടിഞ്ഞു. മറ്റ് നാശനഷ്ടങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന പെൺകുട്ടി മരം കടപുഴകുന്നതിന്റെ ദൃശ്യം മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഈ ദൃശ്യം ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |