ചെങ്ങന്നൂർ: രണ്ടു ദിവസങ്ങളായി തകർത്ത് പെയ്ത മഴയ്ക്ക് ഇന്നലെ ഉച്ചയോടെ നേരിയ ശമനം ഉണ്ടായെങ്കിലും ദുരിതങ്ങൾ ഒഴിയാതെ ജനം വലയുന്നു. മണ്ഡലത്തിലെ താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിലാണ്. ക്യാമ്പുകളുടെ എണ്ണം കൂടി. ശനിയാഴ്ച്ച വൈകിട്ടോടെ 11ക്യാമ്പുകൾ തുറന്നു. ഇവിടങ്ങളിലായി 46 കുടുംബങ്ങളിലെ 192 അംഗങ്ങളാണുള്ളത്. എണ്ണയ്ക്കാട്, കുരട്ടിശേരി, മാന്നാർ, തിരുവൻവണ്ടൂർ, മുളക്കുഴ ,വെൺമണി എന്നീവില്ലേജുകളിലാണ് ക്യാമ്പ് ആരംഭിച്ചത്. പമ്പാ ,മണിമല ,അച്ചൻകോവിൽ എന്നീ നദികളിൽ വെള്ളം ഉയർന്നതിനെത്തുടർന്നാണ് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയത്. മഴ കനത്തതോടെ കിഴക്കൻ വെള്ളത്തിന്റെ വരവ് ക്രമാതീതമായി കൂടുന്നതനുസരിച്ച്ക്യാമ്പുകളുടെ എണ്ണം കൂടുമെന്ന് അധികൃതർ അറിയിച്ചു. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അപകടകരമായ അവസ്ഥയിൽ കഴിയുന്നവർ ക്യാമ്പിലേക്ക് മാറണമെന്നും റവന്യു വകുപ്പ് ആവശ്യപ്പെട്ടു.
വൈദ്യുതിമുടങ്ങി, കെ.എസ്.ഇ.ബി ഓഫീസ് ഉപരോധിച്ച് നാട്ടുകാർ
മൂന്ന് ദിവസമായി വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് കെ.എസ്.ഇ.ബി ഓഫീസ് ഉപരോധിച്ച് നാട്ടുകാർ. കഴിഞ്ഞ ദിവസം ചെങ്ങന്നൂരിൽ വീശിയടിച്ച ശക്‌തമായ ചുഴലിക്കാറ്റിനെത്തുടർന്ന് വൈദ്യുതി തൂണുകൾ തകർന്നിരുന്നു. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി നഗരസഭയിലും പാണ്ടനാട് ,ചെറിയനാട് ,പുലിയൂർ മൂന്നാം വാർഡ് ,പുത്തൻകാവ് ,തുടങ്ങിയ ചെങ്ങന്നൂർ സെക്ഷന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ വൈദ്യുതി പൂർണമായും വൈദ്യുതി മുടങ്ങി. കൂടാതെ നൂറ്റവൻപാറ പ്രദേശത്തെ കുടിവെള്ളത്തിന്റെ മോട്ടോർ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് പ്രവർത്തിക്കാതെയായി. മൂന്ന് ദിവസമായി ഇവിടെയുള്ളവർ കുടിവെള്ളത്തിനായി നെട്ടോട്ടമാണ്. കാറ്റിൽ തകർന്ന പോസ്റ്റുകൾ മാറ്റാനും പുതിയത് സ്ഥാപിക്കാനും കാലതാമസം വരുന്നത് ജീവനക്കാരുടെ അഭാവമാണെന്നാണ് അധികൃതർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |