ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു
കൊല്ലം: കനത്ത മഴയിലും കാറ്റിലും ജില്ലയിൽ വ്യാപക നാശനഷ്ടം. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 24 വീടുകൾ ഭാഗികമായി തകർന്നു. ആദിച്ചനല്ലൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. രണ്ട് വീടുകൾ ഒറ്റപ്പെട്ടതിനെ തുടർന്ന് പഞ്ചായത്തിന്റെ പകൽ വീട്ടിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. മൂന്ന് സ്ത്രീകളും ഒരു പുരുഷനും അഞ്ച് കുട്ടികളുമാണ് ക്യാമ്പിലുള്ളത്. 210 ഹെക്ടറിലായി 16.58 ലക്ഷം രൂപയുടെ കൃഷി നഷ്ടം കണക്കാക്കുന്നു. ജില്ലയിൽ ആകെ 23,78,000 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായി.
ശക്തമായ കാറ്റിൽ വ്യാപകമായി മരങ്ങൾ കടപുഴകി. കെ.എസ്.ഇ.ബി പോസ്റ്റുകൾക്കും കേടുപാടുകൾ സംഭവിച്ചു. അതിശക്തമായ മഴയുണ്ടാകുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന തിരമാലയ്ക്കും കടലക്രമണത്തിനും സാദ്ധ്യതയുള്ളതിനാൽ തീരപ്രദേശങ്ങിൽ താമസിക്കുന്നവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശിച്ചു. ഈ സാഹചര്യത്തിൽ ആലപ്പാട് മുതൽ ഇടവ വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ശക്തമായ മഴ തുടരും
ഒരു പ്രദേശത്ത് 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന ശക്തമായ മഴയ്ക്കുള്ള സാഹചര്യമാണ് നിലവിലുള്ളത്.
ഇന്നലെ പെയ്ത മഴ
കൊല്ലം-78 മില്ലി മീറ്റർ
കാരുവേലിൽ-22
ആര്യങ്കാവ്-10 മി.മീ
തെന്മല-17
പുനലൂർ-25.2
ചവറ-71
പരിപ്പള്ളി-50.5
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |