കോഴിക്കോട്: കനത്ത മഴ, കടലില്‍ പോകാന്‍ വിലക്ക്, കൊച്ചിയില്‍ കപ്പല്‍ മുങ്ങിയതിനെത്തുടര്‍ന്ന് രാസവസ്തുക്കള്‍ ജലത്തില്‍ കലര്‍ന്നെന്ന ആശങ്ക... ട്രോളിംഗ് നിരോധനത്തിന് പത്തുദിവസം മുന്നേ മത്സ്യബന്ധന ബോട്ടുകളെല്ലാം കരപറ്റിയതോടെ മീനിന് കടുത്ത ക്ഷാമം. ഉള്ളവയ്ക്കാണെങ്കില്‍ തീവില. മഴയില്‍ കായല്‍, പുഴ മത്സ്യബന്ധനം കുറഞ്ഞതും പ്രതിസന്ധി രൂക്ഷമാക്കി. ഒന്‍പത് മുതലാണ് ട്രോളിംഗ് നിരോധനം തുടങ്ങുക. ഇതര സംസ്ഥാന മീന്‍ വരവ് കുറഞ്ഞതോടെ വില കുത്തനെ കൂടി. അയലയും മത്തിയും പേരിന് മാത്രം. മറ്റു മീനുകളുടെ കൂട്ടത്തില്‍ വല്ലപ്പോഴുമാണ് കിട്ടുന്നത്. നെയ്മീന്‍, ആവോലി തുടങ്ങിയവയ്ക്ക് ആയിരം രൂപയ്ക്ക് അടുത്തായി വില. കേര, ചൂര, ചെമ്മീന്‍ തുടങ്ങിയവയുടെ വിലയും ഉയര്‍ന്നു. വലുപ്പത്തിനും ലഭ്യതയ്ക്കും അനുസരിച്ച് മീന്‍ വില തോന്നുംപോലെയാണ്. കഴിഞ്ഞ വര്‍ഷം മഴക്കാലത്തിന് മുമ്പ് 50 ശതമാനം കൂടുതല്‍ മത്സ്യലഭ്യത ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ നന്നേ കുറഞ്ഞു. നേരത്തേ മീനുകള്‍ക്ക് വില കുറഞ്ഞപ്പോള്‍ സ്റ്റോക്ക് ചെയ്തവയാണ് ഇപ്പോള്‍ വില്‍ക്കുന്നത്. ജില്ലയിലെ എല്ലാ ഹാര്‍ബറുകളിലും ഏറെക്കുറെ മത്സ്യബന്ധനം നിലച്ച മട്ടാണ്.
മത്തീ നീ പൊന്നാടാ
സാധാരണക്കാരുടെ ഇഷ്ട മീനായ മത്തിക്കിപ്പോള്‍ തീപിടിച്ച വിലയാണ്. മുന്നൂറില്‍ തുടങ്ങി 350 രൂപ വരെയെത്തി വില. ചിലയിടങ്ങളില്‍ അതിലും കൂടുതലുണ്ട്. കേരളതീരത്തുനിന്ന് കിട്ടുന്ന മത്തിക്ക് വലുപ്പമില്ലാത്തതും ലഭ്യത കുറഞ്ഞതുമാണ് വില കൂടാന്‍ പ്രധാന കാരണം. കഴിഞ്ഞ ഏഴു മാസമായി കേരളതീരത്ത് ലഭിക്കുന്നത് വളരെ ചെറിയ മത്തിയാണ്. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് വലിയ മത്തി എത്തുന്നുണ്ടെങ്കിലും തീപിടിച്ച വിലയാണ്. നാടന്‍ മത്തിയുടെ രുചി ഇവയ്ക്ക് കിട്ടാറില്ല. ഇന്ത്യന്‍ മത്തിയുടെ ശരാശരി നീളം 20 സെന്റിമീറ്ററാണ്. ആറുമാസമായി 12 സെന്റിമീറ്ററില്‍ കൂടുതലുള്ള മത്തി കേരളതീരത്തുനിന്ന് കിട്ടുന്നില്ല. ഇതിന്റെ കാരണമറിയാന്‍
കൊച്ചി സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പഠനം ആരംഭിച്ചിട്ടുണ്ട്.
നടുവൊടിഞ്ഞ് മത്സ്യമേഖല
കൊല്ലത്ത് ചരക്കുകപ്പല്‍ മുങ്ങിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളും മത്സ്യമേഖലയെ ബാധിച്ചു. മുങ്ങിയ കപ്പലിലെ കണ്ടെയ്‌നറുകളില്‍ ഉണ്ടായിരുന്നത് മാരകമായ രാസപദാര്‍ത്ഥങ്ങളാണെന്നും മത്സ്യം കഴിക്കരുതെന്നുമാണ് പ്രചാരണം. ഇത്തരം പ്രചരണങ്ങള്‍ വില്‍പനയെ സാരമായി ബാധിച്ചതായി വ്യാപാരികള്‍ പറയുന്നു. ചരക്കുകപ്പല്‍ അപകടവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മൊത്തം മത്സ്യ തൊഴിലാളികളെ ബാധിച്ചതിനാല്‍ എല്ലാ ജില്ലകള്‍ക്കും ഒരു പോലെ നഷ്ടപാരിഹാരം നല്‍കണമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.
മീന്‍ വില(കിലോ)
മത്തി- 300-350
അയല-400
ചെമ്മീന്‍ (ചെറുത്) -550
ചെമ്പാന്‍- 200
കിളിമീന്‍- 250
നെയ്മീന്‍- 900
അയക്കൂറ-1000 മുകളില്‍
ചൂദ- 350
'ഇന്നലെ മഴയ്ക്ക് ശമനം വന്നതിനാല്‍ കുറച്ചു ബോട്ടുകള്‍ കടലില്‍ പോയിരുന്നു. ഇനി ട്രോളിംഗ് ദിവസം വരെ മീനുകള്‍ക്ക് തീപിടിച്ച വിലയായിരിക്കും'. മത്സ്യത്തൊഴിലാളികള്‍.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |