പത്തനാപുരം: കിഴക്കൻ മലയോര മേഖലയിൽ രണ്ടാഴ്ചയായി മഴ കനത്തിട്ടും തെന്മല പരപ്പാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നില്ല. അണക്കെട്ടിന് സമീപത്തെ കുളത്തൂപ്പൂഴ, ആര്യങ്കാവ്, തെന്മല പഞ്ചായത്തുകളിലും വനമേഖലകളിലും മഴ തിമിർത്ത് പെയ്തിട്ടും അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ജലനിരപ്പ് ഉയരാത്തതാണ് ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുന്നത്.
115.72 മീറ്റർ സംഭരണ ശേഷിയുള്ള അണക്കെട്ടിൽ 99.44 മീറ്ററാണ് ഇന്നലെ വൈകിട്ട് 4ന് രേഖപ്പെടുത്തിയത്. അണക്കെട്ടിന്റെ പോഷക നദികളായ കുളത്തൂപ്പുഴ, കഴുതുരുട്ടി, ശെന്തുണി തുടങ്ങിയവയെല്ലാം നിറഞ്ഞൊഴുകുമ്പോഴും പദ്ധതി പ്രദേശത്ത് ജലനിരപ്പ് കാര്യമായ തോതിൽ ഉയർന്നിട്ടില്ല. കനത്ത മഴയെ തുടർന്ന് അച്ചൽകോവിൽ, ചാലിയക്കര, വന്മള ആറുകളും സമീപപ്രദേശങ്ങളിലെ തോടുകളും നിറഞ്ഞൊഴുകുകയാണ്.
17 മില്ലി മീറ്റർ മഴയാണ് ഇന്നലെ പദ്ധതി പ്രദേശത്ത് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച 34 മില്ലി മീറ്റർ മഴ രേഖപ്പെടുത്തിയിരുന്നു ഇത്തവണ കാലവർഷം ചതിച്ചാൽ അടുത്ത വർഷത്തെ വേനൽക്കാല കൃഷികൾക്കുള്ള ജലവിതരണം അടക്കമുള്ളവ പ്രതിസന്ധിയിലാകും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വേനൽക്കാല കൃഷികൾക്കാണ് തെന്മല പരപ്പാർ അണക്കെട്ടിൽ നിന്ന് കെ.ഐ.പിയുടെ ഇടത് - വലത്കര കനാലുകൾ വഴി വെള്ളം എത്തിക്കുന്നത്.
വൈദ്യുതി ഉത്പാദനം കുറച്ചു
ജലനിരപ്പ് ഉയരാത്തതിനാൽ പവർ ഹൗസിൽ നിന്നുള്ള വൈദ്യുതി ഉത്പാദനം ഭാഗീകമാക്കി
പവർ ഹൗസിലെ രണ്ട് ജനറേറ്റുകൾ വഴി വ്യാഴാഴ്ച മാത്രം 9 മെഗാവാൾട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിച്ചത്
കാലവർഷം ആരംഭിക്കുമ്പോൾ രണ്ട് ജനറേറ്ററുകൾ വഴി ദിവസവും 15 മെഗാവാൾട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിച്ചിരുന്നത്
ഒരു ജനറേറ്റർ വഴി ദിവസവും 7.5 മെഗാ വാൾട്ട് വൈദ്യുതിയാണ് കഴിഞ്ഞവർഷം വരെ ഉത്പാദിപ്പിച്ചത്
വൃഷ്ടി പ്രദേശത്തെ ജലനിരപ്പ് 110.05 മീറ്ററിൽ എത്തുമ്പോഴാണ് അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളും തുറന്ന് വെള്ളം കല്ലടയാറ്റിലേക്ക് ഒഴുക്കുന്നത്
കിഴക്കൻ മലയോര മേഖലകളിൽ രാപകൽ ഭോദമന്യേ കനത്ത മഴയാണ്. എന്നാൽ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിൽ കാര്യമായ മഴ ലഭിച്ചിട്ടില്ല.
ബീനാ കുമാരി
അസി.എൻജിനിയർ, കല്ലട ഇറിഗേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |