കൊല്ലം: നാല് ദിനരാത്രങ്ങൾ നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിൽ കലാകിരീടം ചൂടി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്. മഴയെ തോൽപ്പിച്ചുള്ള കലാപോരാട്ടത്തിൽ 226 പോയന്റുകളോടെയാണ് കേരള സർവകലാശാല യൂണിയൻ യുവജനോത്സവത്തിൽ യൂണിവേഴ്സിറ്റി കോളേജ് ഓവറാൾ ചാമ്പ്യൻമാരായത്.
രണ്ടാം ദിനം മുതലായിരുന്നു യൂണിവേഴ്സിറ്റി കോളേജിന്റെ കുതിപ്പ്. കേരള യൂണിവേഴ്സിറ്റി കാമ്പസ് അവസാന നിമിഷം വരെ പൊരുതിയെങ്കിലും 119 പോയിന്റുകളോടെ രണ്ടാമതെത്തി. മൂന്നാമതുള്ള തിരുവനന്തപുരം ശ്രീ സ്വാതി തിരുന്നാൾ സംഗീത കോളേജിന് 98 പോയിന്റുണ്ട്. 96 പോയിന്റുമായി ആതിഥേയരായ കൊല്ലം എസ്.എൻ കോളജ് നാലാം സ്ഥാനത്തെത്തി. 80 പോയിന്റുമായി അഞ്ചാം സ്ഥാനത്തുള്ള വഴുതക്കാട് ഗവ. വനിതാകോളേജ് ഏറ്റവും കൂടുതൽ പോയിന്റുകൾ നേടിയ വനിതാ കോളേജിനുള്ള പുരസ്കാരം നേടി. നിരവധി തവണ കലാകിരീടം സ്വന്തമാക്കിയ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിന് ഇത്തവണ ആദ്യ അഞ്ചുസ്ഥാനങ്ങളിൽ പോലും എത്താനായില്ല. എന്നാൽ മാർ ഇവാനിയോസ് കോളേജിലെ നന്ദകിഷോർ 24 പോയന്റുകളോടെ കലാപ്രതിഭയായി. കൊല്ലം എസ്.എൻ കോളേജിലെ ആർ.ഭാഗ്യ 13 പോയന്റോടെ കലാതിലകവും 31 പോയിന്റുകൾ നേടി യൂണിവേഴ്സിറ്റി കോളേജിലെ എ.എസ്.അദീന കലാരത്നവുമായി.
സംഘാടകസമിതി ചെയർമാൻ കൂടിയായ എം.നൗഷാദ് എം.എൽ.എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സംവിധായകനും നടനുമായ ബേസിൽ ജോസഫ് മുഖ്യാതിഥിയായി. സർവകലാശാല യൂണിയൻ ചെയർമാൻ എസ്.അശ്വിൻ അദ്ധ്യക്ഷനായി. സർവകലാശാല രജിസ്ട്രാർ ഡോ. കെ.എസ്.അനിൽകുമാർ, ഡി.എസ്.എസ് സിദ്ദിക്, സംഘാടകസമിതി ജനറൽ കൺവീനർ ആർ.ഗോപീകൃഷ്ണൻ, സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറി കെ.വി.ഗോവിന്ദ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ കാർത്തിക് ആനന്ദ്, സിൻഡിക്കേറ്റ് അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |