പാലക്കാട്: പാലക്കാട് ഒന്നരക്കിലോയോളം എം.ഡി.എം.എയുമായി യുവതിയും യുവാവും പിടിയിലായി. മങ്കര കണ്ണംപരിയാരം സ്വദേശി കെ.എച്ച് സുനിൽ (30), തൃശൂർ എങ്കക്കാട് വളയം പറമ്പിൽ കെ.എസ് സരിത (30) എന്നിവരാണ് കോങ്ങാട് പൊലീസിൻ്റെ പിടിയിലായത്. പ്രദേശത്തെ കാറ്ററിംഗ് സ്ഥാപനത്തിന്റെ മറവിലായിരുന്നു ലഹരി വിൽപനയെന്ന് പൊലീസ് പറയുന്നു. ബംഗളൂരുവിൽ നിന്ന് പാലക്കാടും തൃശൂരും ചില്ലറ വിൽപനക്കായി എത്തിച്ച എം.ഡി.എം.എയാണ് ഇവരിൽ നിന്ന് പിടികൂടിയത്. സുനിലും സരിതയും ഒരുമിച്ച് പഠിച്ചവരാണ്. സരിത തൃശൂരിലേക്ക് വിവാഹം കഴിച്ചു പോയെങ്കിലും സുനിലുമായി സൗഹൃദം തുടർന്നു. ഒരു വർഷമായി ഇരുവരും ചേർന്ന് കോങ്ങാട് ടൗണിൽ കാറ്ററിംഗ്സ്ഥാപനവും ആരംഭിച്ചിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇരുവരും ഡാൻസാഫിന്റെ നിരീക്ഷണത്തിലായിരുന്നു. ബെംഗളൂരുവിൽ ഒരുമിച്ച് യാത്ര ചെയ്ത് രാസലഹരി മൊത്തമായെടുക്കുന്ന ഇവർ ഇത് കേരളത്തിലെത്തിച്ച് പാലക്കാട് ,തൃശൂ൪ ജില്ലകളിൽ ചില്ലറ വിൽപന നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസം ഇരുവരും ബംഗളൂരുവിലേക്ക് പോയ വിവരവും പൊലീസിന് ലഭിച്ചിരുന്നു. ഇന്നലെ വൈകിട്ട് ഇരുവരും വാഹനത്തിൽ തിരിച്ചെത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |