ആലപ്പുഴ: ജില്ലാ ജയിലിലെ റിമാൻഡ് പ്രതി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിക്കേ മരിച്ചു. യു.കെ.ജി വിദ്യാർത്ഥിയെ മർദ്ദിച്ചതിന് അറസ്‌റ്റിലായ ഇടുക്കി ആലക്കോട് കോരമംഗലം ജെയ്‌സൺ ഫ്രാൻസിസാണ് (45) ഇന്നലെ രാവിലെ 9.40 ഓടെ മരിച്ചത്. ഇയാളെ 28 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിൽ രക്‌തസ്രാവമുണ്ടായിരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
വിദ്യാർത്ഥിയെ മർദ്ദിച്ചതിന് 25 നാണ് ഇയാളെ ചേർത്തല പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ചേർത്തല ഗവ. ടൗൺ എൽ.പി സ്‌കൂൾ പി.ടി.എ നൽകിയ പരാതിയെ തുടർന്നായിരുന്നു നടപടി. കുട്ടി സ്‌കൂളിൽ മുഷിഞ്ഞ വേഷം ധരിച്ചും അവശനായും എത്തിയിരുന്നതിനെ തുടർന്ന് അദ്ധ്യാപകർ അയൽവാസികളിൽനിന്നും വിവരങ്ങൾ അന്വേഷിച്ചു. രാത്രിയിൽ കുട്ടിയുടെ നിലവിളി കേൾക്കാറുള്ളതായി അവർ പറഞ്ഞതോടെയാണ് പരാതി നൽകിയത്. ജയ്‌സൺ മൂന്നുവർഷത്തോളമായി കുട്ടിയുടെ അമ്മയ്‌ക്കൊപ്പമാണ് താമസിക്കുന്നത്. കൂലിപ്പണിക്കാരനായ ഇയാൾ മദ്യലഹരിയിലാണ് കുട്ടിയെ ഉപദ്രവിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ അമ്മ ലോട്ടറിവിൽപ്പനക്കാരിയാണ്. സംരക്ഷിക്കേണ്ടയാൾ ഉപദ്രവിച്ചെന്നത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |