മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി അഡ്വ. മോഹൻ ജോർജ് മത്സരിക്കും. ബിജെപി കേന്ദ്ര നേതൃത്വമാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. നിലവിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന കമ്മിറ്റി അംഗമാണ് മോഹൻ ജോർജ്. അദ്ദേഹം ഇന്ന് ഉച്ചയ്ക്കുശേഷം ബിജെപിയിൽ അംഗത്വമെടുക്കും. നാല് പതിറ്റാണ്ടായി കേരള കോൺഗ്രസ് ബി പ്രവർത്തകനായിരുന്ന അഡ്വ. മോഹൻ ജോർജ് നിലമ്പൂർ ചുങ്കത്തറ സ്വദേശിയാണ്. നിലമ്പൂർ കോടതിയിലെ അഭിഭാഷകനാണ്. നിലമ്പൂരിൽ ശക്തമായ മത്സരം നടക്കുമെന്ന് മോഹൻ ജോർജ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. മലയോര കുടിയേറ്റ മേഖലയിലെ ജനങ്ങൾക്കുവേണ്ടിയായിരിക്കും പ്രവർത്തിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. നാമനിർദ്ദേശപത്രിക സമർപ്പിക്കേണ്ട അവസാന തീയതിക്ക് തൊട്ടുമുമ്പുതന്നെ ബിജെപിയും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പിന്റെ ഏകദേശ ചിത്രം വ്യക്തമായിരിക്കുകയാണ്.
നിലമ്പൂരിൽ മത്സരിക്കേണ്ട ആവശ്യമില്ലെന്ന തരത്തിൽ ബിജെപി അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചിരുന്നു. ഇത് പാർട്ടിക്കുള്ളിൽത്തന്നെ കടുത്ത വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. നാളെയാണ് നാമനിർദ്ദേശ പത്രിക നൽകേണ്ട അവസാന തീയതി. രാജീവ് ചന്ദ്രശേഖർ ഇന്ന് നിലമ്പൂരിലെത്തുമെന്നാണ് വിവരം.
കഴിഞ്ഞ ദിവസങ്ങളിൽത്തന്നെ എൽഡിഎഫും യുഡിഎഫും നിലമ്പൂരിലെ സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും നിലമ്പൂർ സ്വദേശിയുമായ എം സ്വരാജാണ് ഇടതുപക്ഷ സ്ഥാനാർത്ഥി. കെപിസിസി ജനറൽ സെക്രട്ടറിയായ ആര്യാടൻ ഷൗക്കത്താണ് യുഡിഎഫ് സ്ഥാനാർത്ഥി.ഇതിനിടയിൽ എൽഡിഎഫ് എംഎൽഎ സ്ഥാനം രാജിവച്ച് തൃണമൂൽ കോൺഗ്രസിൽ ചേർന്ന പി വി അൻവറും നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ അദ്ദേഹം തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിക്കും.
നിലമ്പൂരിൽ മത്സരിക്കാൻ അൻവറിന് അനുമതി നൽകിയ തൃണമൂൽ കോൺഗ്രസ് അദ്ദേഹത്തിന് പാർട്ടി ചിഹ്നവും അനുവദിച്ചു. സ്ഥാനാർത്ഥിത്വം സംബന്ധിച്ച് തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുതന്നെ ഉണ്ടായേക്കുമെന്നാണ് അറിയുന്നത്. പ്രചാരണത്തിന് ബംഗാളിലെ മന്ത്രിമാർ ഉൾപ്പെടെയുള്ളവർ നിലമ്പൂരിലെത്തിയേക്കും. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രചാരണത്തിന് എത്തുമെന്ന് അൻവർ തന്നെ നേരത്തേ സൂചിപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |