ബീജിംഗ്: മേഘങ്ങൾക്കിടയിലൂടെ പറക്കുന്ന ചെെനീസ് പാരാഗ്ലൈഡറുടെ വൈറലായ വീഡിയോ എഐ ഉപയോഗിച്ച് സൃഷ്ടിച്ചതെന്ന് റിപ്പാേർട്ട്. 55 കാരനായ പെങ് യുജിയാങാണ് ഇത്തരത്തിൽ എഐയുടെ സഹായത്തോടെ വീഡിയോ സൃഷ്ടിച്ചത്. 3,000 മീറ്ററിൽ നിന്നും 5,000 മീറ്ററോളം ഉയർന്ന് പറന്നെന്ന് അവകാശപ്പെടുന്ന വീഡിയോയാണ് സമൂഹ മാദ്ധ്യമങ്ങളിലുൾപ്പടെ വിവിധ ഇടങ്ങളിൽ പ്രചരിക്കുന്നത്.
പെട്ടെന്നുണ്ടായ മോശം കാലാവസ്ഥയെ തുടർന്ന് 3,000 മീറ്ററിൽ നിന്ന്, 5,000 മീറ്റർ കൂടി ഉയരത്തിൽ പാരാഗ്ലൈഡിംഗ് നടത്തേണ്ടി വന്നുവെന്നാണ് പെങ് യുജിയാങ് പറഞ്ഞിരുന്നത്. -40°C താപനിലയും കുറഞ്ഞ ഓക്സിജൻ ലഭ്യതയെയും അതിജീവിച്ച പെങ്, കഠിനമായ മഞ്ഞുവീഴ്ചകളെ മറികടന്ന് സാഹസികമായാണ് സുരക്ഷിത സ്ഥാനത്തേക്ക് തിരിച്ചെത്തിയതെന്ന് അവകാശപ്പെട്ടു.
എന്നാൽ വീഡിയോയിൽ കാണിച്ചിരിക്കുന്ന ആദ്യത്തെ അഞ്ച് സെക്കൻഡുകൾ എഐ സൃഷ്ടിച്ചതായിരിക്കാമെന്നാണ് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്. ക്ലിപ്പിൽ പെങിന്റെ കാലുകൾ തൂങ്ങിക്കിടക്കുന്ന നിലയിൽ ഉയരത്തിൽ തെന്നിമാറുന്നത് കാണാൻ കഴിയും, ദൃശ്യങ്ങൾ ക്രോപ്പ് ചെയ്തിരിക്കുന്നതായും കാണാൻ സാധിക്കും.
മാത്രമല്ല വീഡിയോയുടെ ഒരു ഭാഗത്ത് ഡൗബാവോ എന്ന എഐ വാട്ടർമാർക്കും ഉണ്ടായിരുന്നു. ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ഡൗബാവോ എഐയുടെ ഉപകരണം ഉപയോഗിച്ചാണ് വീഡിയോ സൃഷ്ടിച്ചതെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. എഐ-വെരിഫിക്കേഷൻ സ്ഥാപനമായ ഗെറ്റ്‌റിയൽ ലാബ്‌സ് ദൃശ്യങ്ങൾ വിശകലനം ചെയ്യുകയും എഐ ഉപയോഗിച്ചിട്ടുണ്ടെന്ന തെളിവുകൾ കണ്ടെത്തുകയും ചെയ്തു.
അതേസമയം, പെങിന്റെ ദൃശ്യങ്ങൾ വ്യാജമാണെന്ന് അറിഞ്ഞതോടെ വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സും മറ്റ് വാർത്താ ഏജൻസികളും വീഡിയോ നീക്കം ചെയ്തിട്ടുണ്ട്. വീഡിയോ പോസ്റ്റ് ചെയ്ത പെങ്ങിനെയും സുഹൃത്തിനെയും സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിനും അനുമതിയില്ലാതെ അത്രയും ഉയരത്തിൽ പറന്നതിനും ആറ് മാസത്തേക്ക് പാരാഗ്ലൈഡിംഗിൽ നിന്ന് വിലക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |