തേഞ്ഞിപ്പാലം: കാലിക്കറ്റ് സർവ്വകലാശാല എഞ്ചിനിയറിംഗ് ക്യാമ്പസിൽ നിന്ന് കണ്ടെടുത്ത 30 പെരുമ്പാമ്പിന്റെ മുട്ടകളിൽ 23 എണ്ണം വിരിഞ്ഞു. പാമ്പ് പിടുത്തക്കാരനായ ചേളാരി കോയപ്പപ്പാടം പെരിയാണിപുരം വീട്ടിൽ ഷിഹാബുദ്ദീനാണ് മുട്ടകൾ സ്വന്തം വീട്ടിലെത്തി വിരിയിച്ചത്. ക്യാംപസിന്റെ മതിലിനരികെയുള്ള കാട് നീക്കം ചെയ്യുന്ന സമയത്താണ് പാമ്പിനെയും മുപ്പതോളം മുട്ടകളും തൊഴിലാളികൾ കണ്ടത്. വിവരം അറിഞ്ഞെത്തിയ ശിഹാബുദ്ദീൻ പാമ്പിനെ പിടിച്ച് കിറ്റിലാക്കുകയും മുട്ടകൾ പ്രത്യേക പെട്ടിയിലാക്കി വീട്ടിലെത്തിക്കുകയുമായിരുന്നു.
വനംവകുപ്പിനെ വിവരം അറിയിച്ച് പാമ്പിനെ കൈമാറിയെങ്കിലും മുട്ടകൾ വിരിഞ്ഞ ശേഷം എത്തിക്കാമെന്നും അറിയിച്ചു. ഇത് ഉദ്യോഗസ്ഥർ സമ്മതിക്കുകയും ചെയ്തു. തെർമോക്കോൾ പെട്ടിയിൽ ഊഷ്മാവ് ക്രമീകരിച്ചാണ് മുട്ടകൾ വിരിയിച്ചത്. 30 മുട്ടകളിൽ ഏഴെണ്ണം ഒഴികെ ബാക്കി എല്ലാം വിരിഞ്ഞു. 23 പാമ്പിൻ കുഞ്ഞുങ്ങളെ ഉടൻ വനംവകുപ്പിന് കൈമാറും. അഞ്ച് വർഷങ്ങൾക്ക് മുമ്പാണ് ശിഹാബുദ്ദീന് വനം വകുപ്പിന്റെ അംഗീകൃത പാമ്പുപിടുത്ത സർട്ടിഫിക്കറ്റ് ലഭിച്ചത്. 300 പാമ്പുകളെ ഇതിനോടകം പിടിച്ച് വനംവകുപ്പിന് കൈമാറിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |