SignIn
Kerala Kaumudi Online
Wednesday, 09 July 2025 10.20 AM IST

'പദ്മനാഭസ്വാമി ക്ഷേത്രത്തിൽ മാത്രമല്ല, തുറക്കാത്ത ബി നിലവറകൾ ഇവിടെയുമുണ്ട്'

Increase Font Size Decrease Font Size Print Page
padmanabhaswamy-temple

പദ്മനാഭസ്വാമി ക്ഷേത്രത്തിൽ മാത്രമല്ല സർക്കാരിലും ബി നിലവറയുണ്ടെന്ന് യു എൻ ദുരന്ത ലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കെഎസ്ഇബിയിൽ പ്രതീകാത്മകമായി ബി നിലവറയുണ്ടെന്നാണ് മുരളി തുമ്മാരുകുടി പറയുന്നത്. വെെദ്യുതി ഉപയോഗം നമ്മുടെ വരുമാനവുമായി ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണെന്നും കുടുംബങ്ങളുടെ സാമ്പത്തികനില വെെദ്യുതി ഉപയോഗം വച്ച് അറിയാനാകുമെന്നുമാണ് അദ്ദേഹത്തിന്റെ കണ്ടെത്തൽ.

പോസ്റ്റിന്റെ പൂർണരൂപം

KSEB യിലെ B നിലവറ

കുറച്ചുവർഷം മുൻപ് പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകൾ പരിശോധിച്ച് അവിടുത്തെ ശതകോടികൾ വിലവരുന്ന സ്വർണ്ണത്തിന്റെ കണക്കെടുത്തപ്പോൾ ഇനിയും തുറക്കാതെ ബാക്കി വച്ചതാണ് B നിലവറ. ഇപ്പോൾ ഉള്ളതിനേക്കാൾ അമൂല്യമായ നിധികൾ അവിടെ ഉണ്ടായേക്കാം എന്നാണ് പ്രതീക്ഷ. അതവിടെ നിൽക്കട്ടെ.

AI യുടെ കാലത്ത് ഡേറ്റ ആണ് ഏറ്റവും അമൂല്യമായത്. അതുകൊണ്ടാണ് ‘ഡേറ്റ ഈസ് ദി ന്യൂ ഓയിൽ’ എന്ന് പറയുന്നത്. പക്ഷെ ഡേറ്റയെ ഉപയോഗിക്കണമെങ്കിൽ ആദ്യം അത് ശേഖരിക്കണം. പിന്നീട് ശേഖരിക്കുന്നത് എളുപ്പത്തിൽ കൈമാറാനും ഉപയോഗിക്കാനും പറ്റുന്ന രീതിയിൽ ആകണം. ഒരുദാഹരണം പറയാം,

കേരളത്തിലെ ഇലക്ട്രിസിറ്റി ബോർഡിന് ഒരു കോടി ഡൊമസ്റ്റിക് കണക്ഷനുകൾ ഉണ്ടെന്നാണ് ഇന്റർനെറ്റ് പറയുന്നത്. കേരളം സമ്പൂർണ്ണമായും വൈദ്യുതി വൽക്കരിക്കപ്പെട്ടിരിക്കുന്നതു കൊണ്ട് എല്ലാ വീടുകളും ഫ്ലാറ്റുകളും അവരുടെ ഉപഭോക്താക്കളായിരിക്കും. അവരുടെ വീടുകളിൽ ഉപയോഗിക്കുന്ന വൈദുതിയുടെ മാസമാസമുള്ള കണക്കുകൾ KSEB യുടെ കയ്യിലുണ്ട്. ആരാണ് കൃത്യസമയത്തിന് ബില്ലടക്കുന്നത്, ആരാണ് സമയത്തിന് മുൻപ് ബില്ലടക്കുന്നത്, ആരാണ് കുടിശ്ശിക വരുത്തുന്നത്, ആരുടെ കണക്ഷൻ ആണ് ഇടക്ക് കട്ട് ചെയ്യുന്നത്, തുടങ്ങിയ കണക്കുകൾ കഴിഞ്ഞ പല പതിറ്റാണ്ടുകൾ ആയിട്ട് ഉണ്ട്.

നമ്മുടെ വൈദ്യതി ഉപയോഗം നമ്മുടെ വരുമാനവുമായി ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ്. കുടുംബങ്ങളുടെ സാമ്പത്തികനില മെച്ചപ്പെടുമ്പോൾ അവർക്ക് കൂടുതൽ ഗൃഹോപരണങ്ങൾ ഉണ്ടാകാം, എ.സി. വരുന്നു, വീടുകൾ തന്നെ വലുതാകുന്നു, ഗാർഡൻ, ഫൗണ്ടൻ എന്നിങ്ങനെ. അപ്പോൾ ഒരു കസ്റ്റമറുടെ കഴിഞ്ഞ പത്തുവർഷത്തെ വൈദ്യുതി ഉപയോഗം പരിശോധിച്ചാൽ അവരുടെ സാമ്പത്തികനില മാറുന്നത് എങ്ങനെയെന്ന് നമുക്ക് ഏകദേശ കണക്കു കിട്ടും.

ഇത് നമുക്ക് പല തരത്തിൽ ഉപയോഗപ്രദമാണ്. ഒരുദാഹരണം പറയാം. ഇന്റർനെറ്റിലൊക്കെ നമ്മൾ എന്ത് വായിക്കുന്നു എന്നതനുസരിച്ച് നമ്മുടെ ഫീഡിൽ ഓരോ പരസ്യങ്ങൾ വരാറുണ്ടല്ലോ. അതുപോലെ നമ്മുടെ ക്രെഡിറ്റ് കാർഡ് കൊണ്ട് സൂപ്പർമാർക്കറ്റിൽ പച്ചക്കറി വാങ്ങി ഇറങ്ങിയാൽ അടുത്ത ദിവസം തന്നെ പഴങ്ങളുടെ പരസ്യം വരും. ഇതൊക്കെ നമ്മുടെ ഡേറ്റ ഉപയോഗിച്ചുള്ള കളിയാണ്. ഇതുകൊണ്ടാണ് ഡേറ്റ ഇത്ര സാമ്പത്തിക മൂല്യം ഉള്ളതാകുന്നത്. വൈദ്യുതിയുടെ ഉപഭോഗം അനുസരിച്ച് ചൂടുകാലം ആകുമ്പോൾ ഫാനാണോ എ സി ആണോ ഒരാൾ വാങ്ങാൻ സാദ്ധ്യതയുളളതെന്ന് നിർമ്മിത ബുദ്ധിക്ക് എളുപ്പത്തിൽ പ്രവചിക്കാൻ കഴിയും.

ആരാണ് സോളാർ പാനൽ സ്ഥാപിക്കാൻ കൂടുതൽ സാദ്ധ്യത അല്ലെങ്കിൽ ആർക്കായിരിക്കും അവ കൂടുതൽ ഉപയോഗപ്രദം ഇതൊക്കെ നിർമ്മിത ബുദ്ധിക്ക് എളുപ്പത്തിൽ പ്രവചിക്കാൻ പറ്റുന്ന ഒന്നാണ്. വളരെയധികം വൈദ്യുതി ഉപഭോഗമുളള ഒരു കസ്റ്റമർ ഉണ്ടെന്ന് കരുതുക, അവർ നികുതിദായകരുടെ ലിസ്റ്റിൽ ഇല്ലെങ്കിൽ തീർച്ചയായും അത് ശ്രദ്ധിക്കാവുന്ന ഒന്നാണ്.

വീടുകളിൽ ഉണ്ടാക്കപ്പെടുന്ന ഖരമാലിന്യത്തിന്റെ അളവ് കുടുംബത്തിന്റെ വൈദ്യുതി ഉപഭോഗവുമായി കാര്യകാരണ ബന്ധം ഇല്ലെങ്കിലും ബന്ധപ്പെടുത്താവുന്ന ഒന്നായിരിക്കും. സാമ്പത്തികമായ ഉപയോഗം മാത്രമല്ല ഇതിനുള്ളത്. KSEB വിചാരിച്ചാൽ ഓരോ ഉപഭോക്താവിന്റെയും ലൊക്കേഷൻ ജി.പി.എസ്. വഴി മാപ്പ് ചെയ്യാൻ പറ്റും. വീട്ടിൽ റീഡിങ് എടുക്കുമ്പോൾ മീറ്ററിന്റെ ഒരു ഫോട്ടോ എടുത്ത് കസ്റ്റമർ നമ്പറുമായി ബന്ധിപ്പിച്ചാൽ മാത്രം മതി.

കേരളത്തിലെ പ്രളയം ഉൾപ്പടെയുള്ള ഏതൊരു ദുരന്തസാദ്ധ്യതയും ഓരോ പ്രദേശങ്ങൾക്കും എങ്ങനെയാണെന്ന് മാപ്പ് ചെയ്തിട്ടുണ്ട്. ഈ വിവരവും വീടുകളുടെ ലൊക്കേഷനുമായി ബന്ധിപ്പിച്ചാൽ ഓരോ വീടിരിക്കുന്നിടത്തും ഉള്ള അപകടസാദ്ധ്യതകൾ എളുപ്പത്തിൽ മാപ്പ് ചെയ്യാം. ഇത് ദുരന്ത നിവാരണക്കാർക്ക് തൊട്ട് ഇൻഷുറൻസുകാർക്കും ബാങ്കുകാർക്കും ഗുണമുള്ള കാര്യമാണ്. ഏതൊക്കെ വിവരങ്ങൾ എന്തൊക്കെ കാര്യങ്ങൾക്ക് ഉപയോഗിക്കാം എന്നതിന് നിയമങ്ങളും നിയന്ത്രണങ്ങളും കണ്ടേക്കാം. അത് ശരിയുമാണ്.

പക്ഷെ ഇതൊക്കെ നിലനിൽക്കുമ്പോൾ തന്നെ നമ്മുടെ സർക്കാരിന്റെ കയ്യിലുള്ള ഡേറ്റ എല്ലാം ഒരുമിച്ച് കൂട്ടി ഉപയോഗിക്കാൻ സാധിച്ചാൽ അത് എല്ലാവർക്കും ഏറെ ഗുണകരമാകുമെന്നതിൽ സംശയം വേണ്ട. അത് വളരെ വിലപിടിച്ചതാണ്, സാമ്പത്തികമായിക്കൂടി. തുറക്കാതെ വെച്ചിരിക്കുന്ന B നിലവറകൾ ക്ഷേത്രത്തിൽ മാത്രമല്ല, സർക്കാരിലും ഉണ്ട്.

മുരളി തുമ്മാരുകുടി

TAGS: PADMANABHA, TEMPLE, BDOOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.