തിരുവനന്തപുരം: തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി സന്ദേശം നൽകിയ പ്രതി പിടിയിൽ. ആറ് ക്രിമിനൽ കേസുകളിൽ പ്രതിയും പത്തനംതിട്ട കോയിപ്പുറം സ്വദേശിയുമായ ഹരിലാലിനെയാണ് തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി മെട്രോയിൽ ബോംബ് ഭീഷണി മുഴക്കിയ കേസിൽ ഇയാളെ കൊച്ചി സെൻട്രൽ പൊലീസ് തെരയുന്നതിനിടെയാണ് തമ്പാനൂർ പൊലീസിന്റെ പിടിയിലായത്.
തമ്പാനൂരിലെ ബസ് ടെർമിനലിൽ ഇയാൾ ജോലിക്കുനിന്ന ഹോട്ടലിലെ കടയുടമ ഹരിലാലിനെ മർദ്ദിക്കുകയും ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ടെർമിനലിൽ വ്യാജ ബോംബ് ഭീഷണിയിറക്കിയതെന്ന് ഹരിലാൽ മൊഴിനൽകി.
മാസങ്ങൾക്ക് മുമ്പ് കൊച്ചി മെട്രോയിൽ പ്ലാറ്റ്ഫോം ടിക്കറ്റ് എടുക്കാത്തതിന്റെ പേരിൽ ജീവനക്കാർ ഹരിലാലിനെ മർദ്ദിച്ചിരുന്നു. ഈ വൈരാഗ്യമാണ് കൊച്ചിമെട്രോയിലും ബോംബ് ഭീഷണിയിറക്കിയതെന്നും ഹരിലാൽ പറഞ്ഞു.
മേയ് 24ന് ഉച്ചയ്ക്ക് 12.30നായിരുന്നു പൊലീസ് കൺട്രോൾ റൂമിലേക്ക് ബോംബ് ഭീഷണിയെത്തിയത്. പരിശോധനയിൽ സന്ദേശം വ്യാജമാണെന്ന് കണ്ടെത്തി. തുടർന്ന് ഫോൺ നമ്പർ കേന്ദ്രീകരിച്ച് സൈബർസെൽ നടത്തിയ അന്വേഷണത്തിൽ കൊച്ചി വെല്ലിംഗ്ടൺ ഐലൻഡിന് സമീപത്തുവച്ച് ഓഫ് ചെയ്ത ഫോൺ പിന്നീട് ഒരുതവണ ഓണായതായി കണ്ടെത്തി. ഇതിലെ കോൾലിസ്റ്റ് പരിശോധിച്ചപ്പോൾ സംഭവദിവസം തമ്പാനൂരിലെ കടയുടമ ഇയാളെ വിളിച്ചതായി കണ്ടെത്തി. തുടർന്ന് പൊലീസ് കടയുടമയെക്കൊണ്ട് ഹരിലാലിനെ ഫോണിൽവിളിച്ച് ജോലിക്കായി തിരിച്ചുവരാൻ അറിയിക്കുകയും ഹരിലാൽ തമ്പാനൂരിലെത്തിയപ്പോൾ പിടികൂടുകയുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |