കടുത്തുരുത്തി: മദ്യലഹരിയിൽ കാറോടിച്ച് മോൻസ് ജോസഫ് എംഎൽഎയുടെ നേരെ പാഞ്ഞടുത്ത് യുവാവ്. ഇന്നലെ രാവിലെ അറുനൂറ്റിമംഗലത്തായിരുന്നു സംഭവം. തലനാരിഴയ്ക്കാണ് എംഎൽഎ രക്ഷപ്പെട്ടത്. മുളക്കുളം ഭാഗത്തുനിന്ന് അമിതവേഗത്തിൽ എത്തിയ ബിഎംഡബ്ല്യു കാർ റോഡരികിൽ നാട്ടുകാരുമായി സംസാരിച്ചു നിൽക്കുകയായിരുന്ന മോൻസ് ജോസഫ് എംഎൽഎയുടെ നേരെ പാഞ്ഞടുക്കുകയായിരുന്നു.
നാട്ടുകാരിൽ ചിലർ എംഎൽഎയെ പിടിച്ചുമാറ്റിയതിനാൽ അപകടം ഒഴിവായി. നിർത്താതെ മുന്നോട്ടെടുത്ത കാറിന്റെ മുൻവശം റോഡിൽ ഇറക്കിയിട്ടിരുന്ന മണ്ണിൽ ഇടിച്ചുനിന്നു. പിന്നോട്ടെടുത്ത കാർ നാട്ടുകാരായ രണ്ടുപേരുടെ ദേഹത്ത് തട്ടി. തുടർന്ന് നാട്ടുകാർ കാർ തടഞ്ഞ് ഡോർ തുറന്നതോടെ ഡ്രെെവറായ യുവാവ് മദ്യലഹരിയിലാണെന്ന് മനസിലാക്കി. നാട്ടുകാരിൽ പലർക്കും പരിചയമുള്ള ആളായിരുന്നു വാഹനം ഓടിച്ചത്. സംഭവത്തിൽ പരാതിയില്ലെന്ന് എംഎൽഎ പറഞ്ഞു. വെള്ളൂർ പൊലീസും സ്ഥലത്തെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |