SignIn
Kerala Kaumudi Online
Saturday, 26 July 2025 7.01 PM IST

തവളകൾ 'വെറും തവളകളല്ല' !

Increase Font Size Decrease Font Size Print Page
frog-

മഴക്കാലത്ത് പാടങ്ങളിൽ നിന്ന് തവളകളുടെ കരച്ചിൽ കേൾക്കുമ്പോൾ അതൊരു ശല്യമായി തോന്നരുത്. കാരണം, മനുഷ്യരുടെ നിലനിൽപ്പിന് തവളകളുടെ സാന്നിദ്ധ്യം ഈ മണ്ണിൽ ഏറെ അനിവാര്യമാണ്. തണ്ണീർത്തടങ്ങൾ നശിച്ചപ്പോൾ എത്രയോ ലക്ഷോപലക്ഷം തവളകൾ മണ്ണായി മാറി. എത്രയോ ഇനങ്ങൾ വംശനാശത്തിലായി. അതെല്ലാം രോഗങ്ങളായി മനുഷ്യരെ തിരിഞ്ഞു കൊത്തുന്നുണ്ടെന്ന് ഓർക്കുക.

രോഗങ്ങൾ പരത്തുന്ന പ്രാണികളേയും കൃഷിയെ നശിപ്പിക്കുന്ന കീടങ്ങളേയും തിന്നൊടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്ന തവള ഇനങ്ങൾ കേരളത്തിൽ ഗുരുതരമായി വംശനാശഭീഷണിയിലാണ്. കേരളത്തിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള 181 തവളവർഗങ്ങളിൽ 77 ഇനവും (39.2%) വംശനാശഭീഷണിയിൽപ്പെട്ട ജീവികളുളള ചുവന്ന പട്ടികയിലാണ്. 41% തവള ഇനങ്ങൾ ആഗോളതലത്തിൽ തന്നെ വംശനാശഭീഷണിയിലാണെന്ന ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഒഫ് നേച്ചറിന്റെ ഗ്ലോബൽ അസെസ്‌മെന്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, തവള പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് കേരള വനഗവേഷണ കേന്ദ്രം. കാലം തെറ്റിയ മഴ, കാലാവസ്ഥാ വ്യതിയാനം, ആവാസവ്യവസ്ഥയുടെ നഷ്ടം, ജലമലിനീകരണം, വാഹനപ്പെരുപ്പം തുടങ്ങിയവയാണ് തവളകളുടെ നാശത്തിന് കാരണം. വാഹനങ്ങൾ കയറിയും മറ്റും ഇവ കൂട്ടത്തോടെ ചാവുന്നതും പതിവാണ്. അതുകൊണ്ടുതന്നെ തവളസംരക്ഷണത്തിന് കാടിനു പുറത്തുള്ള ആവാസവ്യവസ്ഥകൾക്കും പ്രാധാന്യം കൊടുക്കണമെന്നാണ് ശാസ്ത്രജ്ഞരുടെ ആവശ്യം.

തവളകൾക്കായൊരു സർവ്വേ
തവളകളുടെ സർവേ പദ്ധതി തുടർച്ചയായി മൂന്നാം വർഷവും കേരള വനഗവേഷണ കേന്ദ്രത്തിന് കീഴിലുള്ള സെന്റർ ഫോർ സിറ്റിസൺ സയൻസ് ആൻഡ് ബയോഡൈവേഴ്‌സിറ്റി ഇൻഫോർമാറ്റിക്‌സ് ആരംഭിച്ചിട്ടുണ്ട്. മഴക്കാലത്ത് കേരളത്തിലെ തവളകളെ രേഖപ്പെടുത്തുന്നതിനായി ആരംഭിച്ച "മൺസൂൺ ക്രോക്ക്‌സ് ബയോബ്ലിറ്റ്‌സ് ഇത് മൂന്നാം വർഷത്തിലേക്കാണ്. കാലാവസ്ഥാ വകുപ്പ് മൺസൂൺ ആരംഭമായി പ്രഖ്യാപിച്ച മേയ് 23 നാണ് സർവ്വേ തുടങ്ങിയത്. ഒക്ടോബർ ഒന്ന് വരെ സർവേ തുടരും. തവളകൾ സജീവമാകുന്നതും പ്രജനനം നടത്തുന്നതും മഴക്കാലത്താണ്.

കഴിഞ്ഞ രണ്ടു വർഷങ്ങളിൽ നടത്തിയ ബയോബ്ലിറ്റ്‌സ്സിൽ 100-ലധികം തവളയിനങ്ങളുടെ 3000-ത്തിലധികം നിരീക്ഷണങ്ങൾ രേഖപ്പെടുത്തപ്പെടുത്തിയിട്ടുണ്ട്. സാധാരണയായി കാണുന്ന വയനാടൻ കരിയിലത്തവള, ചൊറിത്തവള എന്നിവ ധാരാളമായി റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ വംശനാശ ഭീക്ഷണി നേരിടുന്ന ആനമുടി ഇലത്തവള, തീവയറൻ നീർചൊറിയൻ, മഞ്ഞക്കരയൻ പച്ചിലപ്പാറാൻ, പുള്ളിപ്പച്ചിലപ്പാറാൻ, പാതാളത്തവള, ഉത്തമന്റെ ഈറ്റത്തവള, കളക്കാട് പച്ചിലപ്പാറാൻ തുടങ്ങിയവയും രേഖപ്പെടുത്തിയ നിരീക്ഷങ്ങളിൽപ്പെടുന്നു. ഇത്തരത്തിൽ ലഭ്യമാകുന്ന മുഴുവൻ ശാസ്ത്രീയ നിരീക്ഷണങ്ങളും ജൈവവൈവിദ്ധ്യ ഓപ്പൺ സോഴ്‌സ് ഡാറ്റാബേസായ ഗ്ലോബൽ ബയോഡൈവേഴ്‌സിറ്റി ഇൻഫർമേഷൻ ഫെസിലിറ്റിയുടെ ഭാഗമാകും. ജൈവവൈവിദ്ധ്യ അവബോധം, ആവാസ വ്യവസ്ഥ സംരക്ഷണം, വിവിധ സ്പീഷിസുകളുടെ സംരക്ഷണ നില വിലയിരുത്തൽ, ശാസ്ത്രീയ സാക്ഷരത, കാലാവസ്ഥാ വ്യതിയാന ഗവേഷണം, നയരൂപീകരണം എന്നിവക്കെല്ലാം ഈ വിവരങ്ങൾ പ്രയോജനപ്പെടുത്താനാവും.

സർവ്വേയിൽ പങ്കാളിയാകാം
വീട്ടുമുറ്റത്തോ, പറമ്പിലോ, വഴിയിലോ, അരുവികളുടെയും കുളങ്ങളുടെയും സമീപത്തോ കാണുന്ന തവളകളുടെയും വാൽമാക്രികളുടെയും ഫോട്ടോഗ്രാഫുകൾ, അവയുടെ ശബ്ദങ്ങൾ എന്നിവ ഐനാച്ചുറലിസ്റ്റ് ആപ്പ് വഴി അപ്‌ലോഡ് ചെയ്ത് ഈ പദ്ധതിയിൽ പങ്കാളികളാകാം. വനപ്രദേശത്തിനകത്തും പുറത്തുമുള്ള വിവിധയിനം തവളകളുടെ സാന്നിദ്ധ്യത്തെക്കുറിച്ചുള്ള അറിവ് വർദ്ധിപ്പിക്കാൻ ഈ നിരീക്ഷണങ്ങൾ പ്രയോജനപ്പെടും. കൂടാതെ, സംരക്ഷിത പ്രദേശങ്ങൾക്ക് പുറത്തുള്ള ആവാസവ്യവസ്ഥകളിൽ കാണാറുള്ള വംശനാശഭീഷണി നേരിടുന്ന പർപ്പിൾ തവള, മലബാർ ടോറന്റ് തവള, ആനമല ഗ്ലൈഡിംഗ് തവള തുടങ്ങിയവയുടെ പ്രധാന ആവാസ വ്യവസ്ഥകൾ തിരിച്ചറിയാൻ ലക്ഷ്യമിടുന്ന ഈ പദ്ധതി ഇവയെ സംരക്ഷിക്കുന്നതിനുള്ള നിർണായകമായ ആദ്യപടിയാണ്. ആവാസവ്യവസ്ഥളുടെ ആരോഗ്യസൂചകങ്ങളായി വർത്തിക്കുന്ന തവളകളുടെ സംരക്ഷണത്തിന് സംഭാവന നൽകാൻ കഴിയുമെന്ന ശാസ്ത്രീയ പ്രാധാന്യത്തിന് പുറമേ, പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും രസകരവും, പ്രകൃതി നിരീക്ഷണത്തിലൂടെ ശാരീരിക-മാനസിക ഉല്ലാസം ലഭിക്കുന്നതിനുമുളള അവസരമാണെന്ന് വനഗവേഷണ കേന്ദ്രം വൈൽഡ് ലൈഫ് ബയോളജി വിഭാഗം മേധാവിയും പദ്ധതിയുടെ കോർഡിനേറ്ററുമായ ഡോ. പേരോത്ത് ബാലകൃഷ്ണൻ പറയുന്നു.

പദവി കിട്ടാത്ത മാവേലിത്തവള

ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പുണ്ടായതെന്ന് കരുതപ്പെടുന്നതും പ്രജനനത്തിനായി മൺസൂണിൽ മാത്രം മണ്ണിനടിയിൽ നിന്ന് പുറത്തുവരുന്നതുമായ 'മാവേലിത്തവള' സംസ്ഥാനത്തിന്റെ ഔദ്യോഗിക ഉഭയജീവിയാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അത് അസ്ഥാനത്തായി. ഔദ്യോഗിക ഉഭയജീവിയായാൽ കേരളത്തിലെയും തമിഴ്‌നാട്ടിലെയും പശ്ചിമഘട്ട താഴ്‌വരകളിൽ കാണുന്നതിനാൽ വെള്ളച്ചാട്ടവും വിനോദസഞ്ചാര കേന്ദ്രങ്ങളും മറ്റ് ജീവികളും സംരക്ഷിത പട്ടികയിൽ വരും. മണ്ണിനടിയിലെ ജൈവ സന്തുലിതാവസ്ഥയെ നിലനിറുത്തുന്നവയാണ് മാവേലിത്തവള. വെള്ളം മലിനപ്പെടുകയാണെങ്കിൽ തവളയ്ക്ക് അതിജീവിക്കാനാവില്ല. എല്ലാ തവളകളും പ്രാണിവർഗങ്ങളെ ഭക്ഷിക്കുമെങ്കിലും മാവേലിത്തവള മണ്ണിനടിയിലെ പ്രാണികളെയും നിയന്ത്രിക്കും. ജനങ്ങളുടെ അവബോധവും പ്രകൃതിസംരക്ഷണവും മെച്ചപ്പെടും. മണ്ണ് സ്വാഭാവികമായി ജൈവസമ്പന്നവും ഫലഭൂയിഷ്ഠവുമാകും.


മാവേലിയെപ്പോലെ...
ഭൂരിഭാഗവും മണ്ണിനടിയിൽ കഴിയുന്ന ഈ തവളകൾ മൺസൂൺ സമയത്ത് പ്രത്യുത്പാദനത്തിന് മാത്രമായാണ് രണ്ടാഴ്ചയോളം പുറത്തേക്കുവരുന്നത്. ആദിമകാലത്തുണ്ടായതിനാൽ ജീവിച്ചിരിക്കുന്ന ഫോസിലുകൾ എന്നും ഇവയെ വിശേഷിപ്പിക്കുന്നുണ്ട്. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഒഫ് നേച്ചറിന്റെ ചുവപ്പ് പട്ടികപ്രകാരം വംശനാശം നേരിടുന്ന ജീവിയാണിത്. ഷെഡ്യൂൾ വണ്ണിലും ഉൾപ്പെടുത്തിയിരുന്നു. ഉഭയജീവികളുടെ വരവ് കരയിലൂടെയായതിനാൽ ഇന്ത്യയും ആഫ്രിക്കയും ഒന്നായിരുന്നു എന്ന ഗോണ്ട്വാന സിദ്ധാന്തത്തിന്റെ തെളിവായും കണക്കാക്കുന്നു. 1.5 മീറ്റർ ആഴത്തിലാണ് ഇവയുടെ താമസം. അച്ചൻകോവിൽ, അതിരപ്പിളളി, വാഴാനി, ചിമ്മിനി, പീച്ചി, പട്ടത്തിപ്പാറ എന്നിവിടങ്ങളിലെല്ലാം കണ്ടെത്തിയിട്ടുണ്ട്. ആഫ്രിക്കയുടെയും ഇന്ത്യയുടെയും മദ്ധ്യേ ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ സീഷെൽസിലുള്ള സൂഗ്ലോസിഡെ എന്നയിനം തവളകളുമായി സാമ്യമുണ്ട്. പാതാളത്തവള, പർപ്പിൾ ഫ്രോഗ്, കുറവൻ, കുറത്തി, കൊട്രാൻ, പതയാൾ, പന്നിമൂക്കൻ, പാറമീൻ എന്നിങ്ങനെ പേരുണ്ട്. നാസികാ ബത്രക്കസ് സഹ്യാദ്രിയെൻസിസ് എന്നാണ് ശാസ്ത്രീയനാമം. മഴ പെയ്യുമ്പോൾ പുറത്തുവരുന്നവയാണിവ. പെൺതവളകളിൽ 2000 മുതൽ 4000 വരെ മുട്ടകളിടും. പെൺതവള ആണിനെയും ചുമന്നാണ് പ്രത്യുൽപാദനം നടത്തുന്നത്. 7 ദിവസത്തിൽ മുട്ടകൾ വിരിഞ്ഞ് 110 ദിവസത്തിനുള്ളിൽ മണ്ണിനടിയിലേക്കെത്തും. അങ്ങനെ എത്രയോ അപൂർവ്വ ഉഭയജീവികളും ഈ മണ്ണിലുണ്ട്. അവയും ഇവിടെ നിലനിന്നാലേ മനുഷ്യർക്കും നിലനിൽപ്പുളളൂ എന്ന് ഇനി എന്നാണ് തിരിച്ചറിയുക?

TAGS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.