കുഴൽമന്ദം: ബലിപെരുന്നാളിനെ വരവേൽക്കാൻ വിശ്വാസികൾ ഒരുങ്ങുമ്പോൾ പെരുന്നാൾ വിപണിയിൽ പ്രതീക്ഷയോടെ പാലക്കാട് ജില്ലയിലെ കന്നുകാലിച്ചന്തകളും. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ കന്നുകാലിച്ചന്തകളിൽ ഒന്നായ കുഴൽമന്ദത്താണ് പെരുന്നാൾ സീസണിൽ വ്യാപാരം കൂടുതൽ നടക്കുന്നത്. ഈ വർഷത്തെ ചെറിയ പെരുന്നാളിനും മെച്ചപ്പെട്ട കച്ചവടമാണ് നടന്നത്. ജില്ലയിൽ കുഴൽമന്ദം കന്നുകാലി ചന്തയ്ക്കു പുറമെ വാണിയംകുളം, കോങ്ങാട്, അലനല്ലൂർ എന്നിവിടങ്ങളിലും കന്നുകാലിച്ചന്തകളുണ്ട്. കോടികളുടെ കച്ചവടം നടക്കുന്നത് കുഴൽമന്ദത്തും വാണിയംകുളത്തുമാണ്. തമിഴ്നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നുമാണ് ജില്ലയിലെ കന്നുകാലിച്ചന്തകളിലേക്ക് ഉരുക്കളെത്തുന്നത്. സാധാരണ ദിവസം എത്തുന്നതിനേക്കാൾ കൂടുതൽ ലോഡ് കന്നുകാലികൾ പെരുന്നാളിനു മുമ്പുള്ള ചന്തകളിലെത്താറുണ്ട്. ജില്ലയ്ക്ക് അകത്തുനിന്നുള്ള വ്യാപാരികൾക്ക് പുറമെ തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നും കുഴൽമന്ദം, വാണിയംകുളം ചന്തകളിലേക്ക് വ്യാപാരികളെത്താറുണ്ട്. കോങ്ങാട് തിങ്കളാഴ്ചയും വാണിയംകുളത്ത് വ്യാഴാഴ്ചയും കുഴൽമന്ദത്ത് ശനിയാഴ്ചയുമാണ് കന്നുകാലിച്ചന്ത നടക്കാറുള്ളത്.
പ്രാദേശികമായി വളർത്തുന്നതും ഫാമുകളിലുമുള്ള കന്നുകൾക്ക് ആവശ്യക്കാരേറെയാണെങ്കിലും ചന്തകളിലെത്തി കന്നുകൾ വാങ്ങുന്നവരാണ് കൂടുതലും. പെരുന്നാൾ വിപണിയിൽ കുഴൽമന്ദം, വാണിയം ചന്തകളിൽ 100-120 കോടി രൂപയുടെ വ്യാപാരമാണ് നടക്കാറുള്ളത്. ഒരു കിലോ ബീഫിന് ഇപ്പോൾ 360-380 രൂപയാണെന്നിരിക്കെ പെരുന്നാളിനോട് അനുബന്ധിച്ച് വില ഇനിയും ഉയരാൻ സാദ്ധ്യതയുണ്ട്. 20000 രൂപ മുതൽ 75,000 രൂപ വരെയുള്ള ഉരുക്കളാണ് സാധാരണ ചന്തകളിലെത്തുന്നത്. പെരുന്നാൾ വിപണിയോടനുബന്ധിച്ച് ഒന്നരലക്ഷം വരെയുള്ള ഭീമൻ ഉരുക്കളും ചന്തയിലെത്താറുണ്ട്. അയൽ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തുന്ന കന്നുകാലി ലോഡുകൾ തട്ടിയെടുക്കുന്ന സംഘങ്ങൾ ദേശീയപാതകളിൽ സജീവമായത് കന്നുകാലി വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. പ്രതിവർഷം കോടികളുടെ കച്ചവടമാണ് ഓരോ കന്നുകാലിച്ചന്തകളിലും നടക്കുന്നതെന്നിരിക്കെ പഞ്ചായത്തിനും ലക്ഷങ്ങൾ വരുമാനം ലഭിക്കുമ്പോൾ ചന്തകളിലെത്തുന്നവർക്ക് ദുരിതങ്ങൾ മാത്രമാണ്. ഇത്തവണ ബലിപെരുന്നാൾ ശനിയാഴ്ച ആയതിനാൽ അതിനുമുമ്പത്തെ വ്യാഴാഴ്ചയും ശനിയാഴ്ചയുമുള്ള വാണിയംകുളം കുഴൽമന്ദം ചന്തകളിൽ മെച്ചപ്പെട്ട കച്ചവടമാണ് നടക്കുക. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന ശക്തമായ മഴ പ്രതികൂല കാലാവസ്ഥയാണെങ്കിലും പെരുന്നാൾ വിപണിയിൽ ഇത്തവണ കന്നുകാലിച്ചന്തകളിൽ കച്ചവടം പൊടിപാറുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികളും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |