SignIn
Kerala Kaumudi Online
Saturday, 05 July 2025 8.02 PM IST

ആർ.എസ്.എസിന്റെ പ്രവർത്തകരാണെന്ന സംശയം അന്വേഷിച്ചപ്പോൾ ശരിയാണെന്നറിഞ്ഞു, ക്ഷേത്രത്തിൽ വച്ചുണ്ടായ ദുരനുഭവം പങ്കുവച്ച് ജ്യോതി വിജയകുമാർ

Increase Font Size Decrease Font Size Print Page
jyothi-vijayakumar-

തിരുവോണ ദിവസം നാട്ടിലെ ക്ഷേത്രത്തിൽ ദർശനത്തിനായി പോയപ്പോഴുണ്ടായ ദുരനുഭവം ഫേസ്ബുക്കിൽ പങ്കു വച്ചിരിക്കുകയാണ് ജ്യോതി വിജയകുമാർ. കോൺഗ്രസ് നേതാവ് വിജയകുമാറിന്റെ മകളായ ജ്യോതി രാഹുൽ ഗാന്ധിയുടെ കേരളത്തിലെ തിരഞ്ഞെടുപ്പ് കാലത്തെ പ്രസംഗങ്ങൾ പരിഭാഷപ്പെടുത്തിയതിലൂടെയാണ് മലയാളികൾക്ക് സുപരിചിതയായി മാറിയത്.

എന്നുമുതലാണ് കേരളത്തിലെ ക്ഷേത്രങ്ങൾ ആർ.എസ്.എസിന്റെ സ്വകാര്യ സ്വത്തായതെന്നാണ് തനിക്കുണ്ടായ ദുരനുഭവത്തെ മുൻനിർത്തി അവർ ചോദിക്കുന്നത്. ജന്മനാടായ പുലിയൂരിലെ ക്ഷേത്രത്തിൽ സ്വന്തം വാഹനത്തിൽ പോയശേഷം പാർക്കിംഗിനെ സംബന്ധിച്ച് ക്ഷേത്രത്തിലെ ചിലരുമായുണ്ടായ സംഭാഷണത്തെയാണ് ദുരനുഭവമായി ജ്യോതി ചൂണ്ടിക്കാട്ടുന്നത്. ക്ഷേത്രത്തിലേക്കുള്ള പടികൾക്ക് നേരെ താഴെ റോഡിൽ വാഹനം പാർക്കു ചെയ്തതിനെ ചോദ്യം ചെയ്തുകൊണ്ട് മോശമായി സംസാരിച്ചവരെ കുറിച്ചാണ് ജ്യോതി കുറിക്കുന്നത്. മതത്തിന്റെയും ക്ഷേത്രത്തിന്റെയും 'സംരക്ഷകരുടെ ' ഭീഷണി കേട്ടപ്പോൾ അവർ ആർ.എസ്.എസിന്റെ പ്രവർത്തകരാണെന്ന സംശയമുണ്ടായെന്നും അന്വേഷണത്തിൽ സംശയിച്ച പോലെ അവർ ആർ.എസ്.എസ് പ്രവർത്തകരായിരുന്നുവെന്നും ജ്യോതി ഫേസ്ബുക്കിൽ കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം


എന്നു മുതലാണ് കേരളത്തിലെ ക്ഷേത്രങ്ങൾ ആർഎസ്എസിന്റെ സ്വകാര്യ സ്വത്തായത്?

ഇത് പറയാതെ വയ്യ ഈ തിരുവോണദിവസം ഏറെ വേദനയോടെ. ഓണ ദിവസം തുടങ്ങേണ്ടി വന്നത് ഈ രാജ്യത്തെ ക്ഷേത്രങ്ങൾ നിങ്ങളുടെ സ്വകാര്യ സ്വത്തല്ല എന്ന് കുറെ ആർ എസ് എസ് പ്രർത്തകരുടെ മുഖത്ത് നോക്കി പറഞ്ഞു കൊണ്ടാണ്. എത്ര മാത്രം ഫാസിസം കേരളത്തിലും പിടിമുറുക്കിയിരിക്കുന്നു എന്ന് ഓർമ്മിപ്പിച്ച ഈ സംഭവം നല്കുന്ന ആഘാതം ചെറുതല്ല.

ജനിച്ചു വളർച്ച നാടാണ് പുലിയൂർ.. ഇന്നും മിക്കവാറും അവധി ദിവസങ്ങളിൽ പുലിയൂരാണ്. ചെറുപ്പത്തിൽ നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു പുലിയൂർ ക്ഷേത്രം.. ഇപ്പോൾ ആരാധനാലയങ്ങളിൽ പൊതുവെ പോകാറില്ല. ഇന്ന് തിരുവോണ ദിവസം പോയി ക്ഷേത്ര മുറ്റത്തെ അത്തപ്പൂക്കളം കുട്ടികളെ കാണിക്കാൻ അനുജത്തിയോടും അച്ഛനോടും കുട്ടികളോടുമൊപ്പം..

അച്ഛൻ പുലിയൂരിൽ ജനിച്ചു 45 വർഷങ്ങളായി ചെങ്ങന്നൂരിൽ അഭിഭാഷകനും രാഷ്ടീയ പ്രവർത്തകനും കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയും ( പുലിയൂരിലെ ആളുകൾക്ക് അപരിചിത നല്ലെന്ന് പറയാൻ വേണ്ടി മാത്രം സൂചിപ്പിച്ചത്).. ചെറിയ കുട്ടികൾക്കൊപ്പമായതിനാലും മഴയായതിനാലും അധികം പാർക്കിംഗ് സൗകര്യമില്ലാത്തതിനാലും വണ്ടി ക്ഷേത്രത്തിലേക്കുള്ള പടികൾക്ക് നേരെ താഴെ റോഡിൽ പാർക്ക് ചെയ്തു ( അതിനടുത്താണ് ആളുകൾ ചെരുപ്പുകളഴിച്ചിട്ടിരുന്നത്).


നല്ല മഴയുള്ള സമയം പുറത്തേക്കിറങ്ങുമ്പോൾ കണ്ടു പരിചയമുള്ള ആൾ (അച്ഛനെ പരിചയമുണ്ടാകാതിരിക്കാൻ വഴിയില്ല) ഒട്ടും സൗഹൃദകരമല്ലാത്ത രീതിയിൽ "നിങ്ങളുടേതാണോ വണ്ടി? നിങ്ങൾക്ക് മര്യാദക്ക് പാർക്ക് ചെയ്തു കൂടേ.. നടയ്ക്ക് നേരെയാണോ പാർക്ക് ചെയ്യുന്നത്?" എന്നെന്നോട് ചോദിച്ചു. അപ്പോൾ തന്നെ അച്ഛന്റെ കയ്യിലാണ് താക്കോൽ. അച്ഛനോട് പറയാമെന്നറി യിക്കുകയും ഉടൻ തന്നെ അച്ഛൻ താഴെപ്പോയി വണ്ടി മാറ്റുകയും ചെയ്തു. പോയി നോക്കിയപ്പോൾ വണ്ടിക്കു താഴെ ചെരിപ്പുകൾ ഉണ്ടായിരുന്നില്ല.
ആ വ്യക്തി സംസാരിച്ച, പെരുമാറിയ രീതി വല്ലാണ്ട് അസ്വസ്ഥമാക്കി, പ്രത്യേകിച്ചും എല്ലാ രാഷ്ട്രീയ വ്യത്യാസങ്ങൾക്കു മതീതമായി മനുഷ്യർ തമ്മിൽ ഒരു സ്നേഹമുണ്ടെന്ന് വിശ്വസിക്കുന്ന ഒരു നാട്ടുമ്പുറത്ത്. സാധാരണ നമ്മുടെ എന്തെങ്കിലും ശ്രദ്ധക്കുറവ് മൂലം ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടാകുന്നത് ചൂണ്ടിക്കാണിക്കുമ്പൊ ക്ഷമ ചോദിച്ച് തിരുത്താറാണ് പതിവ്. പക്ഷേ ഇവിടെ വണ്ടിയുടെ പാർക്കിംഗിനപ്പുറം മറ്റെ ന്തോ ആണ് പ്രശ്നമെന്ന് തോന്നി ."ചേട്ടാ ഓണദിവസമല്ലേ.. ഇങ്ങനെയല്ലല്ലോ ഇവിടെയൊക്കെ നമ്മൾ പെരുമാറുക. കുറച്ചു കൂടി മര്യാദയോടെ സംസാരിക്കാമല്ലോ. കാര്യം പറഞ്ഞാൽ മതിയായിരുന്നല്ലോ" എന്ന് തിരിച്ചു ചോദിച്ചു, ഉള്ള അമർഷം വ്യക്തമാക്കിത്തന്നെ.


അതിനു മറുപടി രണ്ടു മൂന്നു പേർ കൂടിത്തന്നത് " അമ്പലവുമായി ബന്ധപ്പെട്ട എന്തു കാര്യങ്ങളും ഞങ്ങൾ ചോദ്യം ചെയ്യും. നിങ്ങളാ രാണ്" എന്നാണ്. അപ്പോൾ "നിങ്ങളാരാണ്..ഞാനും ഈ നാട്ടിൽ ജനിച്ചു വളർന്നതാണ്.. ആദ്യമായാണ് ഇങ്ങനെയൊരനുഭവം നാട്ടിൽ നിന്നുണ്ടാകുന്നത് " എന്നായിരുന്നു. പിന്നെ രൂക്ഷമായ നോട്ടത്തോടെ മതത്തിന്റെയും ക്ഷേത്രത്തിന്റെയും "സംരക്ഷകരുടെ " ഭീഷണിയുടെ ശബ്ദമുയർന്നു. ആർ എസ് എസിന്റെ പ്രവർത്തകരാണെന്ന സംശയം അന്വേഷിച്ചപ്പോൾ ശരിയാണെന്നറിഞ്ഞു അവിടെ നിന്നവരിൽ നിന്നും. നിങ്ങൾ ക്ഷേത്രത്തിന്റെ ഔദ്യോഗിക കമ്മിറ്റിയുടെ ആളുകളാണോ, നിങ്ങളെ ആരാണ് ക്ഷേത്രത്തിലെ കാര്യങ്ങളുടെ ചുമതലയേൽപ്പിച്ചത് എന്ന ചോദ്യത്തിന് "നിങ്ങൾക്കറിയേണ്ട കാര്യമില്ല " എന്നായിരുന്നു മറുപടി. " നിങ്ങളെ ആരാണ് ക്ഷേത്രങ്ങളുടെ സംരക്ഷകരും എന്നു മുതലാണ് അമ്പലങ്ങൾ നിങ്ങളുടെ സ്വത്തായതെന്നും" എല്ലാ ആത്മരോഷത്തോടെ യും ചോദിച്ച് " ക്ഷേത്രങ്ങൾ എല്ലാവരുടേതുമാണെന്നും രാഷ്ട്രീയം

കളിക്കേണ്ടതിവിടെയല്ല എന്നും അങ്ങനെ ചെയ്യുമ്പോൾ ചോദ്യം ചെയ്യുമെന്നും" എനിക്കാകുമാറുറക്കൈ പറഞ്ഞിട്ടാണ് ആ കൂർത്ത നോട്ടങ്ങളുടെയും ആളുകളുടെയുമിടയിൽ നിന്ന് മടങ്ങിയത്.. മനസ്സ് വേദനിക്കുകയാണ്..എത്ര രാഷ്ട്രീയ വ്യത്യാസങ്ങളുണ്ടങ്കിലും നാട്ടിൻ പുറങ്ങളെ ബന്ധിപ്പിക്കുന്ന സ്നേഹത്തിന്റെ, കരുതലിന്റെ ഒരു ബന്ധം ഇല്ലാണ്ടാകുന്നതിൽ... ഓടിക്കളിച്ചു വളർന്ന ക്ഷേത്ര മുറ്റത്തിന്റെ ഉടമസ്ഥാവകാശം ആർ എസ് എസിന്റേതായി മാറിക്കൊണ്ടിരിക്കുന്നതിൽ.. സ്വന്തം നാട്ടിലും അന്യതാബോധം അന്യമല്ല എന്നു തിരിച്ചറിയുന്നതിൽ..എന്റെ കേരളത്തെക്കുറിച്ച് എത്ര കാലം എനിക്കഭിമാനിക്കാനാകും എന്ന ആശങ്ക വളരുന്നതിൽ .. ഇപ്പൊ കശ്മീരിനെയും ആസാമിനേയും ഏറെ മനസ്സിലാകുന്നു.. എങ്ങനെയാണ് ഇന്ന് സമാധാനമായി ഓണസദ്യയുണ്ണുക?

(ഭയപ്പെടില്ല.. മിണ്ടാതിരിക്കില്ല.. ആവുന്നിടത്തോളം ശബ്ദിക്കുകയും പ്രതിരോധിക്കുകയും തന്നെ ചെയ്യും..)

TAGS: RSS, SOCIAL MEDIA, TEMPLE, ONAM, CAR PARKING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.