ഭയക്കണം, റോഡിലെ വെള്ളത്തുള്ളികളെയും!
കൊല്ലം: അപകട സാഹചര്യമില്ലാത്ത റോഡുകളിൽ പോലും കനത്ത മഴയിൽ വാഹനങ്ങൾ ഡ്രൈവർമാരുടെ കയ്യിൽ നിന്ന് വഴുതിപ്പോകുന്നത് വർദ്ധിക്കുന്നു. ടയറും റോഡും തമ്മിലുള്ള ബന്ധം വിച്ഛേദിക്കുന്ന 'ഹൈഡ്രോ പ്ളെയിനിംഗ്' എന്ന പ്രവർത്തനമാണ് മഴക്കാലത്ത് വണ്ടികളുടെ ബാലൻസ് കളയുന്നത്.
റോഡിൽ ജലത്തിന്റെ അളവ് കൂടുമ്പോൾ റോഡിനും ടയറിനുമിടയിലെ ഘർഷണം കുറയും. ആ സമയം, നിയന്ത്രിക്കാൻ കഴിയാതെ വാഹനം തെന്നി നീങ്ങും. മിനുസമുള്ള റോഡിൽ ജലത്തിന്റെ അളവ് കൂടുമ്പോൾ വേഗത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങളുടെ ടയറിന്റെ പമ്പിംഗ് ഇഫക്ട് കാരണം റോഡിനും ടയറിനുമിടയിൽ വെള്ളത്തിന്റെ ഒരു പാളി രൂപപ്പെടും. ഇത് വാഹനത്തിന്റെ ടയർ മുന്നിലേക്കും പിന്നിലേക്കും തെന്നിമാറാൻ കാരണമാകും. കൂടാതെ റോഡിൽ വാഹനങ്ങളിൽ നിന്ന് വീഴുന്ന ഇന്ധനത്തുള്ളികൾ മഴപെയ്യുന്നതോടെ അപകടക്കെണികളാകും.
ഹൈഡ്രോ പ്ലെയിനിംഗ് മൂലം വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായാൽ സഡൻ ബ്രേക്കിംഗും സ്റ്റിയറിംഗ് വെട്ടിത്തിരിക്കുന്നതും ഒഴിവാക്കണം. ഇത്തരത്തിൽ അപകടം ഉണ്ടാകാതിരിക്കാൻ റോഡിൽ നനവും വെള്ളക്കെട്ടും ഉള്ള ഭാഗത്ത് വാഹനത്തിന്റെ വേഗം കുറയ്ക്കുക എന്നതും ഏറ്റവും പ്രധാനമാണ്. തേയ്മാനം സംഭവിച്ച ടയറുകൾ ഒഴിവാക്കുക തന്നെ വേണം. ടയറുകളിൽ ശരിയായ മർദ്ദത്തിൽ കാറ്റ് നിറയ്ക്കുകയെന്നതും അനിവാര്യമാണ്.
ജില്ലയിൽ കഴിഞ്ഞ 26 ന് ഉച്ചയോടെ മലയോര ഹൈവേ പാതയിൽ മടത്തറ കൊച്ചുകലുങ്ക് ജംഗ്ഷനിൽ മടത്തറയിൽ നിന്നെത്തിയ പാഴ്സൽ സർവീസ് വാൻ റോഡിൽ നിന്ന് തെന്നി മാറി സമീപത്തെ വീടിന്റെ ഗേറ്റു തകർത്ത്, പാതയ്ക്ക് സമീപം പാർക്ക് ചെയ്തിരുന്ന ബൈക്കിന്റെ മുകളിലേക്ക് വീണു. കഴിഞ്ഞ 31 ന് ഉച്ചയ്ക്ക് 12.30 ഓടെ ഓയൂർ ഇത്തിക്കര റോഡിൽ പുളിമുക്കിൽ ശക്തമായ മഴയിൽ ബൈക്കിന്റെ നിയന്ത്രണം വിട്ട് കെ.എസ്.ആർ.ടി.സി ബസിലേക്ക് ഇടിച്ചുകയറി ഓയൂർ സ്വദേശി മരണമടഞ്ഞിരുന്നു.
ഡ്രൈവിംഗിൽ വേണം ജാഗ്രത
ശക്തമായ മഴയത്ത് വാഹനം ഓടിക്കാതിരിക്കുക
വെള്ളക്കെട്ട് ചെറുതായാലും അതിനു മുകളിലൂടെ വേഗത്തിൽ വാഹനം ഓടിക്കരുത്
വേഗം നിയന്തിക്കാൻ കഴിയുമെന്ന് മനസിലായാൽ ഇടവേളകളിട്ട് ബ്രേക്ക് ചെയ്ത് വാഹനം നിറുത്താം
വാഹനത്തിൽ ഫോഗ് ലൈറ്റ് ഉണ്ടെങ്കിൽ അത് ഉപയോഗിക്കാം
ഹെഡ്‌ലൈറ്റ് ലോ ബീമിലാക്കി വാഹനം ഓടിക്കുക
ടയറിന്റെ നിലവാരം പരിശോധിക്കുക
ടയറിന് തേയ്മാനം കൂടുമ്പോൾ ഗ്രിപ്പ് കുറയും.
അലൈൻമെന്റും വീൽ ബാലൻസിംഗും കൃത്യമാക്കുക
ടയറിലെ വായുമർദ്ദം നിശ്ചിത അളവിൽ നിലനിറുത്തണം
ഹെഡ്‌ലൈറ്റ്, ബ്രേക്ക് ലൈറ്റ്, ഇൻഡിക്കേറ്റർ, വൈപ്പർ, ഹാൻഡ് ബ്രേക്ക് തുടങ്ങിയവ ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് യാത്ര തുടങ്ങും മുമ്പേ പരിശോധിക്കുക.
വലിയ വാഹനങ്ങളുടെ തൊട്ടുപിന്നാലെ വാഹനം ഓടിക്കാതിരിക്കാൻ ശ്രമിക്കുക
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |