തിരുവനന്തപുരം: സംസ്ഥാനത്തെ നദികളിൽ നിന്ന് മണൽ വാരാൻ നൽകിയ അനുമതി സർക്കാർ റദ്ദാക്കി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് (ഐ.എൽ.ഡി. എം) തയ്യാറാക്കിയ 12 മാർഗനിർദേശങ്ങൾ അംഗീകരിച്ച് റവന്യൂവകുപ്പ് മേയ് 19ന് ഉത്തരവിറക്കിയിരുന്നു. അതാണിപ്പോൾ റദ്ദാക്കിയിത്. ഐ.എൽ.ഡി.എം മാർഗനിർദ്ദേശങ്ങൾ മാത്രം അംഗീകരിച്ച് ഉത്തരവിറക്കിയതിനെതിരെ വ്യവസായവകുപ്പും ജലവിഭവവകുപ്പും രംഗത്ത് വന്നിരുന്നു. രണ്ട് വകുപ്പുകളുടെയും അഭിപ്രായങ്ങൾ കൂടി പരിഗണിച്ച് പുതുക്കിയ ഉത്തരവിറക്കും.
10 വർഷമായി നിർത്തിവച്ചിരുന്ന മണൽവാരൽ നടപടികൾക്കാണ് റവന്യുവകുപ്പ് കഴിഞ്ഞമാസം അനുമതി നൽകിയത്. എട്ട് ജില്ലകളിലെ 17 നദികളിലെയും ഭാവിയിൽ മണൽ അടിഞ്ഞുകൂടാൻ സാദ്ധ്യതയുള്ള മറ്റു നദികളിലെയും മണൽവാരാനുള്ള മാർഗനിർദേശങ്ങൾക്കാണ് അനുമതി നൽകിയത്. പ്രളയകാലത്ത് മണൽ അടിഞ്ഞുകൂടിയ നദികളുടെ സംരക്ഷണത്തിനും സംസ്ഥാനത്തെ മണൽക്ഷാമത്തിനും പരിഹാരമാകുമെന്നുകണ്ടാണ് മണൽവാരൽ പുനരാരംഭിക്കാൻ തീരുമാനിച്ചത്.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം, കാലാവസ്ഥ വ്യതിയാന മന്ത്രാലയം എന്നിവയുടെ വിജ്ഞാപനങ്ങളും മാർഗനിർദേശങ്ങളും, സുപ്രീം കോടതിയുടെയും ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും വിധികളും മാനദണ്ഡമാക്കിയാണ് ഐ.എൽ.ഡി.എം മാർഗനിർദേശങ്ങൾ തയാറാക്കിയത്. ജില്ല കളക്ടർമാരാണ് അനുമതി നൽകുക. 2016 ജനുവരി മുതലാണ് സംസ്ഥാനത്ത് മണൽവാരൽ പൂർണമായി നിർത്തിയത്. 2006ലെ പരിസ്ഥിത ആഘാത പഠന വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ മണൽവാരലിന് പാരിസ്ഥിതിക അനുമതി വേണമെന്ന നിർദേശം 2015ൽ സംസ്ഥാനത്ത് നടപ്പാക്കിയതോടെയാണ് നിർത്തിവെക്കാൻ തീരുമാനമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |