ന്യൂഡൽഹി: സിൽവർലെെന് ബദലായി ഇ ശ്രീധരൻ നിർദേശിച്ച പദ്ധതി പരിഗണനയിലെന്ന് കേന്ദ്ര സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വെെെഷ്ണവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് മെട്രോ മാൻ ഇ ശ്രീധരൻ പദ്ധതി കേന്ദ്രത്തിന് സമർപ്പിച്ചത്.
ബദൽ പാത സംബന്ധിച്ച് കേന്ദ്രത്തിന്റെ നിലപാട് അറിയിക്കാൻ കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. ഇ ശ്രീധരൻ ഡൽഹിയിലെത്തി കേന്ദ്രമന്ത്രിയെ കാണും. അതിന് ശേഷമായിരിക്കും കേരളത്തോട് കേന്ദ്രം നിലപാട് അറിയിക്കുക. അങ്കമാലി ശബരി റെയിൽപാത യാഥാർഥ്യമാക്കാനും തീരുമാനിച്ചതായി മന്ത്രി വി അബ്ദുറഹിമാനും അറിയിച്ചു. കേന്ദ്ര വിദഗ്ധ സംഘം ഇതിനായി കേരളത്തിൽ എത്തും.
ഇരുപത് മിനിറ്റിടവിട്ട് തിരുവനന്തപുരം- കാസർകോട് റൂട്ടിൽ 200കിലോമീറ്റർ വേഗത്തിൽ ട്രെയിനുകളോടിക്കാനുള്ളതായിരുന്നു സിൽവർ ലൈൻ. പാരിസ്ഥിതിക, സാങ്കേതിക പ്രശ്നങ്ങളുന്നയിച്ച് കേന്ദ്രം അനുമതി നൽകിയില്ല. ഭൂമിയേറ്റെടുക്കുന്നത് പരമാവധി കുറച്ച്, തൂണുകളിലും തുരങ്കങ്ങളിലൂടെയുമുള്ളതാണ് ശ്രീധരന്റെ തിരുവനന്തപുരം- കണ്ണൂർ ബദൽപാത. സിൽവർ ലൈനിന്റേതു പോലെ സ്റ്റാൻഡേർഡ് ഗേജിൽ 200കിലോമീറ്റർ വേഗത്തിലാണിതും. 30കിലോമീറ്റർ ഇടവിട്ട് സ്റ്റേഷനുകളുണ്ട്. സിൽവർ ലൈനിലിത് 50കിലോ മീറ്ററായിരുന്നു.
ഈ ബദൽ പദ്ധതിക്ക് ഒരു ലക്ഷം കോടിയിലേറെ ചെലവുണ്ടാവും. പരമാവധി 200 കിലോമീറ്റർ വേഗത്തിൽ, സ്റ്റാൻഡേഡ് ഗേജിലുള്ള 'സ്റ്റാൻഡ് എലോൺ പാത'യാണ് ഇ. ശ്രീധരന്റെ ബദൽ. ഇത് സംസ്ഥാന സർക്കാരിന്റെ സിൽവർലൈനുമായി യോജിക്കുന്നതാണ്. പാതയിൽ ഏറിയ പങ്കും തൂണുകളിലും തുരങ്കങ്ങളിലുമായിരിക്കണം, ഓരോ 30 കിലോമീറ്ററിലും സ്റ്റേഷൻ വേണം, പാത കണ്ണൂർ വരെ മതി എന്നിവ മാത്രമാണ് വ്യത്യസ്തമായി ശ്രീധരൻ അഭിപ്രായപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |