നിതീഷ് സഹദേവ്, ഖാലിദ് റഹ്‌മാൻ, ടിനു പാപ്പച്ചൻ എന്നിവരുടെ ചിത്രത്തിലും മമ്മൂട്ടി
മഹേഷ് നാരായണന്റെ ചിത്രത്തിൽ അടുത്ത മാസം ജോയിൻ ചെയ്യും
അൻവർ റഷീദിന്റെ ചിത്രത്തിൽ വീണ്ടും മമ്മൂട്ടി. മെഗാഹിറ്റായ അണ്ണൻതമ്പിക്കുശേഷം മമ്മൂട്ടിയും അൻവർറഷീദും ഒരുമിക്കുന്നു എന്ന പ്രത്യേകതയുണ്ട് . മമ്മൂട്ടി നിറഞ്ഞാടിയ രാജമാണിക്യം എന്ന ചിത്രത്തിലൂടെയാണ് അൻവർ റഷീദ് സ്വതന്ത്ര സംവിധായകനാവുന്നത്. മമ്മൂട്ടിയും അൻവർ റഷീദും ഒരുമിച്ച രണ്ടു സിനിമകളും മെഗാഹിറ്റുകളായി. ആരോഗ്യപ്രശ്നത്തെ തുടർന്ന് രണ്ടുമാസമായിഅഭിനയരംഗത്തുനിന്ന് മാറിനിൽക്കുന്ന മമ്മൂട്ടി അടുത്ത മാസം മഹേഷ് നാരായണന്റെ ചിത്രത്തിൽ ജോയിൻ ചെയ്യും. മഹേഷ് നാരായണന്റെ ചിത്രം പൂർത്തിയാക്കിയശേഷം ഫാമിലിയുടെ സംവിധായകൻ നിതീഷ് സഹദേവിന്റെ ചിത്രത്തിൽ മമ്മൂട്ടി അഭിനയിക്കും. ഇതിനുശേഷം ഖാലിദ് റഹ്‌മാന്റെ ചിത്രത്തിലാണ് അഭിനയിക്കുക. ഉണ്ടയ്ക്കുശേഷം മമ്മൂട്ടിയും ഖാലിദ് റഹ്‌മാനും വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ഇതിനുശേഷം ടിനു പാപ്പച്ചന്റെ ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിക്കുക. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം, ചാവേർ എന്നീ ചിത്രങ്ങൾ ഒരുക്കിയ ടിനു പാപ്പച്ചൻ ആദ്യമായാണ് സൂപ്പർ സ്റ്റാർ ചിത്രം സംവിധാനം ചെയ്യുന്നത്. ടിനു പാപ്പച്ചൻ ചിത്രത്തിനു ശേഷമാണ് മമ്മൂട്ടി- അൻവർ റഷീദ് ചിത്രം ആരംഭിക്കുക. അതേസമയം നവാഗതനയ ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവൽ ആണ് മമ്മൂട്ടിയുടെ അടുത്ത റിലീസ്. മിക്കവാറും ഓണം റിലീസാകാനാണ് സാദ്ധ്യത. റിലീസ് തീയതി അടുത്ത മാസം തീരുമാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |