കൊല്ലം: കപ്പലുകൾ ക്രൂ ചെയ്ഞ്ചിന് അടുപ്പിക്കാനുള്ള സാദ്ധ്യത തെളിഞ്ഞു നിൽക്കുന്ന കൊല്ലം പോർട്ടിൽ ഇന്നലെ എമർജൻസി ക്രൂ ചെയ്ഞ്ചിംഗ് നടന്നു. മുംബയിൽ നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന എം.ടി ഭീം എന്ന ടഗിലെ ചീഫ് എൻജിനിയർ കൊല്ലം പോർട്ടിൽ ഇറങ്ങിയ ശേഷം പകരമുള്ള ഉദ്യോഗസ്ഥൻ ടഗിൽ പ്രവേശിച്ചു.
രാവിലെ 9.30 ഓടെയെത്തിയ ടഗ് ഉച്ചയ്ക്ക് 1.15ന് ക്രൂ ചെയ്‌ഞ്ചിംഗ് പൂർത്തിയാക്കി മടങ്ങി. തിങ്കളാഴ്ച രാത്രിയാണ് ടഗിന്റെ ഉടമസ്ഥർ കൊല്ലം പോർട്ട് അധികൃതരെ ബന്ധപ്പെട്ടത്. ഇതോടെ എമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് വിവരം കൈമാറി. തിരുവനന്തപുരം ഫോറിൻ റീജിണൽ രജിസ്ട്രേഷൻ ഓഫീസിൽ നിന്നു ഉദ്യോഗസ്ഥരെത്തിയാണ് എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയത്.
ക്രൂ ചെയ്ഞ്ചിംഗിന് കൂടുതൽ സഞ്ചരിക്കുന്നത് യാനങ്ങൾക്ക് നഷ്ടമാണ്. അതിനാൽ അന്താരാഷ്ട്ര കപ്പൽ ചാലിനോട് ഏറ്റവും അടുത്തുകിടക്കുന്ന പോർട്ടുകളാകും ഇതിനായി തിരഞ്ഞെടുക്കുക. കേരളത്തിൽ അന്താരാഷ്ട്ര കപ്പൽ ചാലിനോട് ഏറ്റവും അടുത്ത് കിടക്കുന്ന തുറമുഖം കൊല്ലമാണ്. എമിഗ്രേഷൻ ചെക്ക് പോയിന്റ് ഇല്ലാഞ്ഞതിനാലാണ് കപ്പലുകൾ ക്രൂ ചെഞ്ചിംഗിനായി ഇവിടേക്ക് എത്താതിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |