ഡി.എം.ആർ.സിയെ മുൻനിറുത്തി സെമി-ഹൈസ്പീഡ് പദ്ധതി
തിരുവനന്തപുരം: കേരളത്തിന് ആവശ്യം സെമി-ഹൈസ്പീഡ് റെയിൽപ്പാതയാണെന്ന് മെട്രോമാൻ ഇ. ശ്രീധരൻ കേന്ദ്ര സർക്കാരിനെ ബോദ്ധ്യപ്പെടുത്തും. നിലവിലെ പാതയ്ക്ക് സമാന്തരമായി രണ്ടു ലൈനുകൾകൂടി നിർമ്മിച്ചാൽ യാത്രാദുരിതം പരിഹരിക്കാനാവില്ല. തെക്കു-വടക്ക് രണ്ട് ലൈനുകൾ കൂടിയുണ്ടാക്കിയാലും അതിലൂടെ വേഗട്രെയിനുകളോടിക്കണമെങ്കിൽ ഇരുവശവും മതിൽ കെട്ടേണ്ടിവരും. ഇത് ജനങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ടാകും. അതിനാൽ 200കിലോമീറ്റർവരെ വേഗതയുള്ള റെയിൽ ഇടനാഴിയാണ് വേണ്ടത്. ഭാവികേരളത്തിന് ഇത് അനിവാര്യമാണെന്നും ഇ.ശ്രീധരൻ കേരളകൗമുദിയോട് പറഞ്ഞു.
സിൽവർലൈന് വേണ്ടതിന്റെ മൂന്നിലൊന്ന് ഭൂമി മതിയാവും ഇതിന്. തൂണുകൾക്ക് മുകളിലൂടെയും തുരങ്കങ്ങളിലൂടെയുമാണ് പാത. തൂണുകൾ നിർമ്മിച്ചശേഷം, ഭൂമി ഉടമകൾക്ക് വിട്ടുനൽകാം. അവിടെ കൃഷിയും കാലിവളർത്തലുമടക്കം നടത്താം. കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനും വലിയ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനും നിയന്ത്രണമുണ്ടാവും. തൂണുകൾക്ക് മുകളിലെ റെയിൽപ്പാതയായതിനാൽ ജനസഞ്ചാരത്തിന് തടസമുണ്ടാവില്ല. 160കി.മി വേഗതയുള്ള വന്ദേഭാരതിന് കേരളത്തിൽ പരമാവധിവേഗം 110കി.മിറ്ററാണ്. അതിവേഗപാത വരുന്നതോടെ കേരളത്തിലെ യാത്രാസംസ്കാരം മാറും. റോഡപകടങ്ങളും മരണങ്ങളും കുറയും. ഒരു വേഗപ്പാത 9ലൈൻ ഹൈവേക്ക് തുല്യമാണ്. അടുത്തുതന്നെ കേന്ദ്രറെയിൽവേ മന്ത്രിയെക്കണ്ട് പദ്ധതിയെക്കുറിച്ച് വിവരിക്കുമെന്നും അനുമതി കിട്ടുമെന്നും ഇ. ശ്രീധരൻ പറഞ്ഞു.
പണിതീരാൻ 6 വർഷം
ഡി.എം.ആർ.സിയെ ചുതല ഏൽപ്പിച്ചാൽ ആറുവർഷം കൊണ്ട് പാതനിർമ്മിക്കാനാവും. ഒരുവർഷത്തിനകം സർവേനടത്തി പദ്ധതിരേഖയും തയ്യാറാക്കാം. തൂണുകൾക്ക് മുകളിലെ പാതയായതിനാൽ ഒന്നരലക്ഷം കോടിവരെയാവും ചെലവ്. സിൽവർലൈനിന് കണക്കാക്കിയത് 78,000 കോടി.
നഗരങ്ങളിലെല്ലാം സ്റ്റോപ്പ്
25-30കിലോമീറ്റർ ഇടവിട്ട് സെമി-ഹൈസ്പീഡ് ട്രെയിനിന് സ്റ്റോപ്പുണ്ടാവും. 200കി.മീ പരമാവധി വേഗതയുണ്ടെങ്കിലും 135കിലോമീറ്ററാവും ശരാശരിവേഗം. മൂന്നേകാൽ മണിക്കൂറിൽ തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലും 1.20മണിക്കൂറിൽ കൊച്ചിയിലും രണ്ടരമണിക്കൂറിൽ കോഴിക്കോട്ടുമെത്താം.
560 യാത്രക്കാർ
തുടക്കത്തിൽ 560യാത്രക്കാരുള്ള എട്ടുകോച്ചുകളുണ്ടാവും. ഭാവിയിൽ 16കോച്ചുകൾ വരെയാക്കാം. എ.സി ചെയർകാറിന്റെ ഒന്നരയിരട്ടി നിരക്കാവും.
റെയിൽവേ നിലപാട്
നിലവിലെ ട്രാക്കുകളുടേതുപോലെ ബ്രോഡ്ഗേജിലായിരിക്കണം. വേഗത 160കി.മി മതി. ഇതിലൂടെ ഗുഡ്സ്, വന്ദേഭാരത് ട്രെയിനുകളോടിക്കണം, നിലവിലെ പാളങ്ങളുമായി 50കി.മി ഇടവിട്ട് കണക്ഷനുണ്ടാവണം. 25000 കിലോമീറ്റർ വേഗറെയിൽപ്പാതകളാണ് 15വർഷത്തിനകം കേന്ദ്രം ലക്ഷ്യമിടുന്നത്.
ശ്രീധരന്റെ നിലപാട്
ബ്രോഡ്ഗേജിലെ വേഗപ്പാത പ്രായോഗികമല്ല. സ്റ്റാൻഡേർഡ് ഗേജ് മതി. അതിവേഗയാത്രയാണ് ലക്ഷ്യം. അതിനാൽ 200കി.മി വേഗമുള്ള ട്രാക്കുണ്ടാക്കണം. യാത്രാസമയം 65%കുറയ്ക്കണം. ചരക്കുട്രെയിനുകളോടിച്ചാൽ വേഗം കൈവരിക്കാനാവില്ല, അപകടങ്ങളുമുണ്ടാവും.
പണം?
കേന്ദ്ര,സംസ്ഥാന വിഹിതവും വിദേശവായ്പയും ചേർത്ത് പദ്ധതി നടപ്പാക്കാമെന്നാണ് ശുപാർശ. വായ്പയ്ക്ക് കേന്ദ്രഗ്യാരന്റിയുണ്ടാവണം. 120 കോടിയാണ് ഒരു കിലോമീറ്റർ അതിവേഗ ട്രാക്കിന്റെ നിർമ്മാണച്ചെലവ്
ഭൂമി ?
ഹെക്ടർ ഭൂമിയാണ് സിൽവർലൈനിന് വേണ്ടത്. ബദൽപ്പാതയ്ക്ക് 400ഹെക്ടർ മതി
''ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത പദ്ധതിയാണ് തയ്യാറാക്കിയത്. പാരിസ്ഥിതിക ആഘാതം, ഭൂമിയേറ്റെടുക്കൽ എന്നിവ കുറവാണിതിൽ.
-ഇ.ശ്രീധരൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |