ആദ്യമായി അഭിനയിച്ച സിനിമയിൽ തന്നെ നായിക വേഷം. 'യുണൈറ്റഡ് കിംഗ്ഡം ഒാഫ് കേരള" ജൂൺ 20ന് തിയേറ്ററിൽ എത്തുന്നതിന്റെ ആഹ്ളാദത്തിൽ സാരംഗി ശ്യാം. സിനിമ എന്ന സ്വപ്നം അഞ്ചാം ക്ളാസ് മുതൽ സാരംഗിയുടെ കൂടെയുണ്ട്. അരുൺ വൈഗ സംവിധാനം ചെയ്ത 'യുകെ ഓകെ" പല ഷെഡ്യൂളിൽ ഒരു വർഷം കൊണ്ടായിരുന്നു ചിത്രീകരണം. പലതവണ റിലീസ് മാറ്റിയപ്പോഴും സാരംഗിക്ക് വിഷമം തോന്നിയില്ല . നല്ല സമയത്ത് റിലീസ് ചെയ്ത് കൂടുതൽ പ്രേക്ഷകരിലേക്ക് ഇറങ്ങി ചെല്ലാനും സിനിമയിൽ ഇനിയും മുൻപോട്ടു നോക്കാനും കഴിയുന്നതിന്റെ ആവേശത്തിൽ സാരംഗി സംസാരിച്ചു.
പ്രതീക്ഷിക്കാതെ
നായിക വേഷം
ഇൻസ്റ്റഗ്രാമിൽ ഡാൻസ് വീഡിയോ കണ്ടാണ് ഓഡിഷൻ കാൾ വന്നത്. ക്യാരക്ടർ വേഷത്തിനാണ് വിളിച്ചത്. ഓഡിഷൻ അവസാനം ഏക എന്ന നായിക കഥാപാത്രത്തിന്റെ ഒരു സീൻ തന്നു. ഒരു മാസം കഴിഞ്ഞു വിളി വന്നപ്പോൾ അറിഞ്ഞു നായിക ഞാനാണെന്ന്. ഒട്ടും പ്രതീക്ഷിക്കാതെ നായികയായി.
ആറുവയസു മുതൽ നൃത്തം പഠിക്കുന്നുണ്ട്. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നിവയിൽ പ്രാവീണ്യം നേടി. അർബൻ നൃത്ത രൂപങ്ങളായ ഹിപ് ഹോപ് , ലൈറ്റ് ഫീറ്റ് എന്നിവയും അഭ്യാസിച്ചു . മദ്രാസ് ക്രിസ്ത്യൻ കോളേജിൽ ബിഎസ്സി ഫിസിക്സ് പഠനം.കോളേജിൽ 'തിയേറ്റർ നമ്പർ 59 "എന്ന നാടകസംഘത്തിൽ രണ്ടുവർഷം പ്രവർത്തിച്ചു. ന്യൂറോ സയൻസിൽ പി.ജി ചെയ്യണമെന്ന് ആഗ്രഹിച്ചു.എന്നാൽ അതിനേക്കാൾ സന്തോഷം കലാരംഗത്തുനിന്ന് ലഭിക്കുന്നുവെന്ന് തിരിച്ചറിഞ്ഞു. അപ്പോഴാണ്നൃത്തരംഗത്ത് സജീവമാകുന്നത്. ക്ളാസിക്കൽ - പാശ്ചാത്യ നൃത്തങ്ങളെ സമന്വയിപ്പിച്ച് 'സ്ട്രീറ്റ് ഒ ക്ളാസിക്കൽ" എന്ന പേരിൽ ഫ്യൂഷൻ അവതരിപ്പിക്കുന്നു. ഓൺലൈൻ ക്ളാസ് എടുക്കാറുണ്ട്.
മറുവശത്ത് സിനിമയുടെ ഓഡിഷനുമായി മുൻപോട്ട് പോയി. ആദ്യമായി പോസിറ്റീവ് റെസ്പോൺസ് ലഭിച്ചത് 'യുകെഒാകെ"യിലാണ്.എന്റെ അഭിരുചിക്ക് വീട്ടുകാരുടെ പ്രോത്സാഹനവും ഉപദേശവമുണ്ട്. നല്ല ഒരു അഭിനേത്രിയായി അറിയപ്പെടാനും ഇവിടെ തന്നെ തുടരാനുമാണ് താത്പര്യം. അച്ഛൻ എൻ. ശ്യാം മോഹൻ. ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ . അമ്മ സീമ ശ്യാം. കോളേജ് പ്രൊഫസറായിരുന്നു. ചേട്ടൻ സംഗീത്. ഐടി രംഗത്ത് പ്രവർത്തിക്കുന്നു . സിനിമയിൽ സംവിധായകനായും തിരക്കഥാകൃത്തായും വരാനുള്ള ശ്രമത്തിലാണ് ചേട്ടൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |