വ്യത്യസ്ത ആലാപന ശൈലിയിലൂടെയാണ് യുവഗായകൻ ബി.മുരളീകൃഷ്ണ ശ്രദ്ധിക്കപ്പെടുന്നത്. കേരള സർവകലാശാല യുവജനോത്സവത്തിൽ ഹിന്ദുസ്ഥാനി സംഗീത മത്സരത്തിൽ വിജയം നേടിയതോടെ പയ്യന്റെ സമയം തെളിഞ്ഞു. എ.ആർ. റഹ്മാന്റെ കടുത്ത ആരാധകനായ മുരളി പിന്നീട് റഹ്മാന്റെ ഹിറ്റ് പാട്ടുകൾ കവർ സോങായി പുറത്തിറക്കി സോഷ്യൽ മീഡിയയിലും ആരാധകവൃന്ദത്തെ നേടി. പിന്നണി ഗായകനായും സംഗീത സംവിധായകനായും ലൈവ് പെർഫോമറായും തന്റേതായ ഇടം സൃഷ്ടിക്കുന്ന മുരളീകൃഷ്ണ സംസാരിക്കുന്നു.
ഗസലും ബാന്റും
ആറു വയസു മുതൽ സംഗീതം പഠിക്കുന്നുണ്ട്. ലേകോൾ ഫെസ് റ്റിൽ തുടർച്ചയായി 12 വർഷം ലളിതഗാനത്തിൽ ഒന്നാം സ്ഥാനം നേടി . 2021 മുതൽ കേരള സർവകലാശാല യുവജനോത്സവത്തിൽ ഹിന്ദുസ്ഥാനി ക്ലാസികിൽ ഒന്നാംസ്ഥാനം നേടുന്നുണ്ട്. കഴിഞ്ഞവർഷം ഗസലിലും ഒന്നാംസ്ഥാനം . മൂന്നു വർഷം മുൻപ് സ്റ്റീഫൻ ദേവസിയുടെ 'സോളിഡ് "ബാന്റിൽ ചേർന്നു. ഇവിടുത്തെ വോക്കലിസ്റ്റ് ആണ് ഞാൻ. ഹരിഹരൻ, ശങ്കർ മഹാദേവൻ എന്നിവരോടൊപ്പവും പ്രോഗ്രാമുകൾ ചെയ്യാൻ അവസരം ലഭിച്ചു. കെ.എൽ.ഫ്, കേരളീയം ,കേരള ചലച്ചിത്ര അവാർഡ് തുടങ്ങിയ ഇവന്റുകളിലും പ്രോഗ്രാം ചെയ്യാൻ അവസരം ലഭിച്ചു. എം.കെ ലൈവ് എന്ന സ്വന്തം ബാന്റും ഉണ്ട്.
ട്രാക് പാടി സിനിമയിൽ
'മഹേഷും മാരുതിയും" സിനിമയിൽ ' മനസിൻ പാതയിൽ പലവുരു വന്നിടും..."എന്ന ഗാനത്തിലൂടെയാണ് പിന്നണി ഗായകനായി എത്തുന്നത്. ഗുമസ്തൻ, ഗഗനചാരി, ത്രയം, ബാന്ദ്ര, പാൻ ഇന്ത്യൻ ചിത്രമായ കണ്ണപ്പ തുടങ്ങിയ സിനിമകളിലും പാടി. കണ്ണപ്പയിലെ 'ശിവ ശിവ ശങ്കര" ഗാനത്തിന്റെ ബാക്കിംഗ് വോക്കൽ ആയിരുന്നു. ത്രയത്തിലും ഗഗനചാരിയിലും ടൈറ്റിൽ ട്രാക്കും.
ഇഷ്ടം സംഗീത സംവിധാനം
മുരളീ സ്ട്രീം എന്ന എന്റെ യൂട്യൂബ് ചാനലിന് വേണ്ടിയാണ് ആദ്യത്തെ പാട്ട് സംവിധാനം ചെയ്യുന്നത്. നീലോല്പലം എന്നാണ് പേര്. കേരള ക്രിക്കറ്റ് ലീഗ് ആലപ്പി റിപ്പിൾസിന്റ തീം സോങാണ് ആദ്യമായി സംഗീത സംവിധാനം ചെയ്യുന്ന സ്പോർട്സ് ആൽബം.കംപോസിംഗ് ആണ് കൂടുതൽ താത്പര്യം. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ എംകോം അവസാനവർഷം വിദ്യാർത്ഥിയാണ്. അച്ഛൻ കെ.എസ്.ബാലഗോപാൽ . ബിസിനസ് ചെയ്യുന്നു .അമ്മ. മഞ്ജുള . ചേച്ചി ദേവിപ്രിയ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |