ബെംഗളുരു : തങ്ങളുടെ പ്രിയ ക്രിക്കറ്റ് താരങ്ങളെ ഒരു നോക്കുകാണാനായി ബംഗളുരുവിലേക്ക് എത്തിയവ രാണ് ഞൊടിയിടയിൽ മരണത്തിന് കീഴടങ്ങിയത്.ബംഗളുരു നഗരത്തിൽനിന്നുമാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിൽ നിന്നുവരെ ആർ.സി.ബിയുടെ ആഹ്ളാദമുഹൂർത്തങ്ങൾക്ക് സാക്ഷിയാകാൻ ആരാധകർ ഒഴുകിയെത്തിയിരുന്നു. ഔദ്യോഗികകണക്കുകൾ അനുസരിച്ച് 11 പേരാണ് മരിച്ചത്. 47 പേർ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടു. ഇവരിൽ ആരുടെയും നില ഗുരുതരമല്ല.
മരണപ്പെട്ടവരിൽ കൗമാരം കടക്കാത്ത മൂന്നുപേരുണ്ടായിരുന്നു. 20 നും 35നും ഇടയിൽ പ്രായമുണ്ടായിരുന്നവരാണ് ആറുപേർ. സോഫ്റ്റ്‌വെയർ എൻജിനീയറും വിദ്യാർത്ഥികളുമൊക്കെ മരിച്ചവരിൽപ്പെടുന്നു. പെട്ടെന്ന് സംഘടിപ്പിച്ച ചടങ്ങായതിനാൽ പലരും വീടുകളിൽ അറിയിക്കാതെയാണ് ബംഗളുരുവിലേക്ക് എത്തിയത്. അതുകൊണ്ടുതന്നെ മരിച്ചവരെയും പരിക്കേറ്റവരെയും തിരിച്ചറിയുന്നതിൽ കാലതാമസമുണ്ടായി.
ഇവർ മരണപ്പെട്ടവർ
പൂർണചന്ദ്രൻ (26 വയസ്), ദിവ്യാംശി(13),പ്രജ്വാൾ (20), ചിൻമയി ഷെട്ടി(19),ശിവലിംഗ സ്വാമി (15),ഭൂമിക്ക് (20),സഹാന (19), ശ്രാവൺ (20),ദേവി (29), മനോജ് കുമാർ (33), അക്ഷത (27).
മലയാളികളില്ല
മരണപ്പെട്ടവരിൽ മലയാളികളില്ല. സംഭവം നടന്ന ദിവസം ഒരു മലയാളിയും മരണപ്പെട്ടിട്ടുണ്ടെന്ന് ചില ദേശീയ മാദ്ധ്യമങ്ങളും ചാനലുകളും റിപ്പോർട്ട് ചെയ്തിരുന്നു. പിന്നീട് ആശുപത്രി അധികൃതരും പൊലീസും മലയാളികളില്ലെന്ന് സ്ഥിരീകരിച്ചു.
ആന്ധ്രയിൽ നിന്ന്
വിരാടിന്റെ ചിത്രവുമായി
മരണത്തിലേക്ക് 13കാരി
ഏറ്റവും സങ്കടമായത് 13വയസ് മാത്രം പ്രായമുള്ള ദിവ്യാംശിയുടെ മരണമാണ്.തന്റെ പ്രിയതാരം വിരാട് കൊഹ്‌ലി, 18 വർഷത്തെ കിരീടക്കാത്തിരിപ്പ് അവസാനിപ്പിച്ചത് ആഘോഷിക്കാനാണ് ദിവ്യാംശി ആന്ധ്രാപ്രദേശിൽ നിന്ന് കുടുംബാംഗങ്ങൾക്കൊപ്പം ബംഗളുരുവിൽ വന്നത്. വിരാടിന്റെ ചിത്രം പതിപ്പിച്ച പ്ളക്കാർഡുമായി ചിന്നസ്വാമി സ്റ്റേഡിയത്തിനടുത്ത് നിൽക്കുന്ന ചിത്രം ദിവ്യാംശി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. സ്റ്റേഡിയത്തിന്റെ ഗേറ്റിലൂടെ അകത്തേക്ക് കടക്കവേ ആൾക്കൂട്ടത്തിനിടെ ചവിട്ടേറ്റുവീണുപോയ കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചത്.ദിവ്യാംശിയുടെ മൃതദേഹം ഇന്നലെ ആന്ധ്രയിലേക്കുകൊണ്ടുപോയി.
മൈസൂരിലെ എൻജിനീയറും
മൈസൂരിലെ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി നോക്കുന്ന 26കാരനായ പൂർണചന്ദ്രയും തിക്കിലും തിരക്കിലുംപെട്ട് മരിച്ചു. കർണാടകയിലെ മാണ്ഡ്യ ജില്ലയാണ് പൂർണചന്ദ്രയുടെ സ്വദേശം. ചിന്താമണി ജില്ലയിലുള്ള ചിന്താമണി ഒരു ജോലി ഇന്റർവ്യൂവിനായാണ് ബംഗളുരുവിലെത്തിയത്. ആർ.സി.ബിയുടെ പരേഡുണ്ടെന്നറിഞ്ഞ് ഇന്റർവ്യൂവിന് പോകാതെ ചിന്നസ്വാമിയിലേക്ക് എത്തുകയായിരുന്നു.
കൂട്ടുകാർ വിളിച്ചു,
ചിൻമയിയും
മോഹിനിയാട്ടം,യക്ഷഗാനം എന്നീ കലകളിൽ തത്പരയായിരുന്ന 19കാരി ചിൻമയിക്ക് ക്രിക്കറ്റിനോട് വലിയ താത്പര്യമില്ലായിരുന്നെങ്കിലും കൂട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് സ്റ്റേഡിയത്തിലേക്ക് പോയത്. പക്ഷേ കൂട്ടുകാരെ തനിച്ചാക്കി മരണത്തിലേക്ക് ഒറ്റയ്ക്ക് പോകേണ്ടിവന്നു.
ടി.സി വാങ്ങാനെന്നു
പറഞ്ഞിറങ്ങി ശിവലിംഗസ്വാമി
ഈ വർഷം പത്താം ക്ളാസ് പാസായ ശിവലിംഗ സ്വാമി സ്കൂളിൽ നിന്ന് ടി.സി വാങ്ങാനെന്ന് പറഞ്ഞാണ് ഇറങ്ങിയത്. എന്നാൽ നേരേ സ്റ്റേഡിയത്തിലേക്കാണ് പോയത്. യാദ്ഗിർ ജില്ലക്കാരായ ശിവയുടെ കുടുംബം ബെംഗളുരു യെലഹങ്കയിലാണ് താസമം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |