കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി സിനിമയിൽ സജീവമാണ് നടൻ സിദ്ദിഖ്. മമ്മൂട്ടി, മോഹൻലാൽ അടക്കമുള്ളവരോട് അദ്ദേഹത്തിന് അടുത്ത സൗഹൃദമുണ്ട്. തനിക്കൊരു വിഷമം വന്നാൽ ആദ്യം വിളിക്കുക മോഹൻലാലിനെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടനിപ്പോൾ. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സിദ്ദിഖ്.
'നമുക്ക് വിഷമം അല്ലെങ്കിൽ കൺഫ്യൂഷനൊക്കെ ഉണ്ടാകുമ്പോൾ സംസാരിക്കാൻ ഏറ്റവും നല്ലത് മോഹൻലാലാണ്. എനിക്കൊരബദ്ധം പറ്റി, ഞാൻ ചെയ്‌തൊരു സംഭവം പാളിപ്പോയെന്ന് ഒരാളോട് പറഞ്ഞാൽ, അത് ശ്രദ്ധിക്കേണ്ടേന്നൊക്കെ പറഞ്ഞ് നമ്മളെ കുറ്റപ്പെടുത്തുകയായിരിക്കും മിക്കവരും ചെയ്യുക.
മോഹൻലാലിനോട് പറയുമ്പോൾ അങ്ങനെയല്ല. നമ്മുടെ വിഷമം പറഞ്ഞാൽ അല്ലെങ്കിൽ അബദ്ധം പറ്റിയെന്ന് പറഞ്ഞാൽ മോഹൻലാൽ ആദ്യം പറയുക, ലോകത്ത് ആദ്യമായിട്ട് ഒരാൾക്ക് പറ്റുന്ന അബദ്ധം ഒന്നുമല്ലല്ലോ ഇതെന്നായിരിക്കും. ഇപ്പോൾ വിഷമമായി തോന്നും. എന്നാൽ അന്ന് അങ്ങനെ പറ്റിയത് നല്ലതായിരിക്കുമെന്ന് പിന്നീട് തോന്നാമെന്നും ലാൽ പറയും.
ഒരാവശ്യം പറഞ്ഞാൽ ഞാൻ അയാളെ വിളിച്ചുപറയാം, അല്ലെങ്കിൽ ഞാൻ മാനേജ് ചെയ്യാമെന്ന് മോഹൻലാൽ പറയും. മമ്മൂക്ക നേരെ തിരിച്ചാണ്. എന്ത് ചെയ്യണമെന്ന് ചോദിച്ചാൽ കൃത്യമായ മറുപടി നൽകുന്ന വ്യക്തിയാണ്.
രണ്ട് പേരുമായും അടുത്ത സൗഹൃദമുണ്ട്. മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും കൂടെ അഭിനയിക്കാൻ ഒരുപാട് അവസരങ്ങൾ ലഭിച്ചു. അതാണ് ഇത്തരമൊരു സൗഹൃദം ഉണ്ടാകാൻ കാരണം.'- സിദ്ദിഖ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |