കൊച്ചി: അങ്കമാലി-ശബരി റെയിൽപ്പാതയ്ക്കായി സ്ഥലമേറ്റെടുക്കുന്നതിന് നൽകുന്ന വലിയ തുകയും പദ്ധതി സൃഷ്ടിക്കുന്ന തൊഴിലവസരങ്ങളും പാത കടന്നുപോകുന്ന പ്രദേശങ്ങളുടെ സാമ്പത്തിക വികസനത്തിന് വഴിയൊരുക്കും. ഏറ്റെടുക്കുന്ന സ്ഥലത്തിന് ഉയർന്ന വിലയും കാർഷിക വിളകൾക്ക് മതിയായ നഷ്ടപരിഹാരവും ലഭിക്കുന്നത് സ്ഥലമുടമകൾക്ക് നേട്ടമാകും.
2013 ലെ സ്ഥലമെടുപ്പ് നിയമപ്രകാരമാണ് സർക്കാർ സ്ഥലം ഏറ്റെടുക്കുന്നത്. ഗ്രാമപ്രദേശങ്ങളിൽ മതിപ്പുവിലയുടെ മൂന്നിരട്ടി വരെയാണ് നഷ്ടപരിഹാരത്തുക. നാണ്യവിളകൾ കൃഷി ചെയ്തിരിക്കുന്ന സ്ഥലങ്ങൾ ഏറ്റെടുക്കുമ്പോൾ, കർഷകർക്ക് വൃക്ഷങ്ങളിൽ നിന്ന് ഭാവിയിൽ ലഭിക്കാൻ സാദ്ധ്യതയുള്ള വരുമാനം കൂടി കണക്കാക്കിയാണ് നഷ്ടപരിഹാരം. ഏറ്റെടുക്കുന്ന സ്ഥലത്തെ കെട്ടിടങ്ങളുടെ നിർമ്മാണത്തിന് ഉപയോഗിച്ച വസ്തുക്കളുടെ വിലയും റെയിൽവേ പദ്ധതികൾക്ക് നഷ്ടപരിഹാരത്തുകയ്ക്ക് പരിഗണിക്കും.
ലഭിക്കുന്ന നഷ്ടപരിഹാരത്തുക ഉപയോഗിച്ച് സ്ഥലമുടമകൾക്ക് പുതിയ സ്ഥലമോ വാഹനങ്ങളോ ഉപകരണങ്ങളോ വാങ്ങാനും വീടുകളും വാണിജ്യ കെട്ടിടങ്ങളും നിർമ്മിക്കാനും കഴിയും. ഇത് പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണർവേകും. പാത കടന്നുപോകുന്ന കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകൾക്ക് പദ്ധതി പ്രയോജനം ചെയ്യും. റെയിൽപ്പാത നിർമ്മാണത്തിന് ആവശ്യമായ കരിങ്കല്ല് ഉൾപ്പെടെയുള്ള വസ്തുക്കൾ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്കും പദ്ധതിയിലൂടെ വിപണി ലഭിക്കും.
തൊഴിൽസാദ്ധ്യതകളും ഭൂമിവില വർദ്ധനവും
കൊങ്കൺ റെയിൽവേ പദ്ധതിക്ക് സ്ഥലം വിട്ടുകൊടുത്തവരുടെ കേസിലുണ്ടായ സുപ്രീം കോടതി വിധിയെത്തുടർന്ന്, പദ്ധതികൾക്ക് ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ ഉടമകൾക്ക് റെയിൽവേയിൽ ജോലി നൽകാൻ മമത ബാനർജി റെയിൽവേ മന്ത്രിയായിരുപ്പോൾ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതുപ്രകാരം സ്ഥലമുടമകൾക്ക് ജോലി ലഭിക്കാനുള്ള സാദ്ധ്യത ഒരു വലിയ നേട്ടമാകും.
കൂടുതൽ ഭൂവുടമകൾ എറണാകുളത്ത്
പദ്ധതിക്കായി മൂന്ന് ജില്ലകളിലായി രണ്ടായിരം ഉടമകളുടെ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. ഇതിൽ കൂടുതൽ ഭൂവുടമകൾ ജില്ലയിലാണ്. അങ്കമാലി ടെൽക്കിന് സമീപത്ത് ആരംഭിക്കുന്ന പാത കാലടി, പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം വഴിയാണ് ഇടുക്കി ജില്ലയിലെത്തുന്നത്. അറുനൂറോളം പേരുടെ സ്ഥലം എറണാകുളം ജില്ലയിൽ മാത്രം ഏറ്റെടുക്കാനുണ്ട്.
വ്യവസായ, വാണിജ്യ, കാർഷിക പ്രാധാന്യമുള്ള പ്രദേശങ്ങളിലൂടെയാണ് പാത നിർമ്മിക്കുക. സർക്കാർ നിശ്ചയിച്ചിട്ടുള്ള വിലയും വിപണി വിലയും ഉയർന്നതാണ്. മതിപ്പുവിലയുടെ മൂന്നിരട്ടി ഏറ്റെടുക്കുന്ന സ്ഥലത്തിന് ലഭിക്കും. ജാതി, റബ്ബർ തുടങ്ങിയ വാണിജ്യവിളകൾ കൃഷി ചെയ്യുന്ന സ്ഥലങ്ങളുമുണ്ട്. റെയിൽപ്പാത വരുന്നതോടെ ഭൂമിയുടെ വിലയിലുണ്ടാകാവുന്ന വർദ്ധനവും ഭാവിനേട്ടമാകുമെന്ന് വിലയിരുത്തപ്പെടുന്നു.
മൂന്നു ജില്ലകളിൽ കച്ചവടത്തിലും സാമ്പത്തിക ഇടപാടുകളിലും വൻകുതിപ്പിന് വഴിയൊരുക്കും.
ബാബു പോൾ
ജനറൽ കൺവീനർ
ശബരി റെയിൽവേ ആക്ഷൻ കൗൺസിൽ ഫെഡറേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |