കാൽനൂറ്റാണ്ടിലേറെയായി ചുവപ്പ് നാടയിൽ കുരുങ്ങി കിടക്കുന്ന അങ്കമാലി-ശബരി റെയിൽ പദ്ധതി യാഥാർത്ഥ്യമാകുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകിയതോടെ ട്രെയിൻ സർവീസ് ഇല്ലാത്ത ജില്ലയായ ഇടുക്കിയും പ്രതീക്ഷയിലാണ്. സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് അനിശ്ചിതാവസ്ഥയിലായ ജില്ലയിലെ നിരവധി കുടുംബങ്ങൾക്കും പുതിയ തീരുമാനം ആശ്വാസമാകും. 27 വർഷം മുമ്പ് അനുമതി ലഭിച്ചതും കല്ലിട്ട് തിരിച്ചതും നിർമ്മാണമാരംഭിച്ചതുമായ പദ്ധതിയാണിത്. 264 കോടിയുടെ നികുതി പണം ഉപയോഗിച്ചു എട്ട് കിലോമീറ്റർ റെയിൽപാത നിർമ്മിച്ചു. കാലടി റെയിൽവേ സ്റ്റേഷനും ഒരു കിലോമീറ്റർ ദൈർഘ്യത്തിൽ പെരിയാറിന് കുറുകെ റെയിൽവേ പാലവും നിർമ്മിച്ചു. എന്നാൽ പിന്നീട് പദ്ധതി നിലച്ചു. 2016ൽ നരേന്ദ്രമോദി പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തുന്ന പ്രഗതി പ്ലാറ്റ് ഫോമിൽ പദ്ധതി ഉൾപ്പെടുത്തിയിരുന്നു. പദ്ധതിതുക 550 കോടിയിൽ നിന്ന് 2017 ആയപ്പോഴേക്കും 2815 കോടിയായി ഉയർന്നു. ഇതോടെ പുതുക്കിയ പദ്ധതി തുകയുടെ അമ്പത് ശതമാനം സംസ്ഥാനം വഹിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. മുഴുവൻ തുകയും കേന്ദ്രം തന്നെ വഹിക്കണമെന്ന നിലപാടിൽ കേരളവും ഉറച്ചുനിന്നു. ഒടുവിൽ നിർമ്മാണ ചെലവ് പങ്കുവെയ്ക്കുന്നതിന് 2021 ജനുവരിയിൽ സംസ്ഥാന മന്ത്രിസഭ തീരുമാനമെടുത്തു. സംസ്ഥാന ബഡ്ജറ്റിൽ 2000 കോടി അനുവദിക്കുകയും ചെയ്തു. 111 കിലോമീറ്റർ ദൈർഘ്യമുള്ള എരുമേലി വരെയുള്ള ഒന്നാം ഘട്ടത്തിലെ ഫൈനൽ ലൊക്കേഷൻ സർവേ നടത്തി തയ്യാറാക്കിയ പുതുക്കിയ എസ്റ്റിമേറ്റ് സമർപ്പിച്ചു. കോട്ടയം ജില്ലയിൽ ഏറ്റെടുക്കേണ്ട സ്ഥലങ്ങൾ കുറച്ച് പകരം കൂടുതൽ ടണലുകൾ ഉൾപ്പെടുത്തിയാണ് പുതുക്കിയ എസ്റ്റിമേറ്റ്. പുതിയ എസ്റ്റിമേറ്റ് പ്രകാരം 3801 കോടിയാണ് പ്രതീക്ഷിക്കുന്ന ചെലവ്. അങ്കമാലി- ശബരി റെയിൽവേയ്ക്കായി 24 വർഷം മുമ്പ് കല്ലിട്ട് തിരിച്ച അങ്കമാലി മുതൽ രാമപുരം സ്റ്റേഷൻ വരെയുള്ള 70 കിലോമീറ്റർ പ്രദേശത്തെ സ്ഥലങ്ങളുടെ ഉടമകൾക്ക് നിലവിൽ സ്ഥലം വിൽക്കാനോ, വീട് നിർമ്മിക്കാനോ, സ്ഥലം ഈട് വെച്ചു വായ്പ എടുക്കാനോ കഴിയാത്ത സ്ഥിതിയാണ്.
ഒരോ ജില്ലയിലും
നേട്ടങ്ങളേറെ
എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ അഞ്ച് ജില്ലകളിലൂടെ (അങ്കമാലിയിൽ നിന്ന് എരുമേലി, പുനലൂർ വഴി തിരുവനന്തപുരത്തേയ്ക്ക്)പോകുന്ന റെയിൽപാതകളുടെ ഒന്നാം ഘട്ടമാണ് അങ്കമാലി-എരുമേലി ശബരി റെയിൽവേ. പദ്ധതിയുടെ രണ്ടാം ഘട്ടം കൂടി പൂർത്തിയാകുമ്പോൾ 25 പുതിയ റെയിൽവേ സ്റ്റേഷനുകളം കേരളത്തിന് ലഭിക്കും. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ഗതാഗത സൗകര്യങ്ങളിൽ വൻ കുതിപ്പുണ്ടാകും. റബ്ബർ തടി സംസ്‌കരിക്കുന്ന പെരുമ്പാവൂരിലെ 540 പ്ലൈ വുഡ് നിർമ്മാണ യൂണിറ്റുകൾ, ഐരാപുരം കിൻഫ്രാ റബ്ബർ പാർക്ക്, കോതമംഗലം നെല്ലികുഴിയിലെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഫർണീച്ചർ നിർമ്മാണ ക്ലസ്റ്റർ, മൂവാറ്റുപുഴ നെല്ലാടിലെ കിൻഫ്രാ ഫുഡ് പാർക്ക്, കേരളത്തിൽ ഉപയോഗിക്കുന്ന അരിയുടെ 80 ശതമാനവും സംസ്‌കരിക്കുന്ന കാലടിയിലെ അരിമില്ലുകൾ, തൊടുപുഴയിലെ കിൻഫ്രാ സ്‌പൈസസ് പാർക്ക് എന്നിവയെ എല്ലാം വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിച്ചു കേരളത്തിലെ വ്യവസായ വികസനത്തിന് വേഗം കൂട്ടാൻ തിരുവനന്തപുരത്തിനുള്ള സമാന്തര റെയിൽവേയായി വികസിപ്പിക്കാവുന്ന അങ്കമാലി ശബരി റെയിൽവേ പദ്ധതി വഴി സാധിക്കും. 600 ട്രക്ക് പ്ലൈവുഡ് ദിവസേന ദേശീയ അന്തർദേശീയ മാർക്കറ്റുകളിലേക്ക് കയറ്റി അയക്കുന്നുണ്ടെന്നാണ് പ്ലൈവുഡ് മാനുഫാക്‌ച്ചേർസ് അസോസിയേഷന്റെ കണക്കുകളിൽ പറയുന്നത്. ഇന്ത്യയുടെ പൈനാപ്പിൾ സിറ്റിയായ വാഴക്കുളം വഴി എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്ന് ശരാശരി 250 ട്രക്ക് പൈനാപ്പിൾ ദിനംപ്രതി ദേശീയ അന്തർദേശീയ മാർക്കറ്റുകളിലേക്ക് കയറ്റി അയക്കുന്നതായാണ് പൈനാപ്പിൾ ഗ്രോവേഴ്സ് അസോസിയേഷന്റെ കണക്കുകൾ പറയുന്നത്. ഏലം, കുരുമുളക്, റബർ തുടങ്ങിയ കാർഷിക ഉത്പന്നങ്ങളുടെ മെച്ചപ്പെട്ട വിപണന സൗകര്യത്തിനായി അങ്കമാലി ശബരി റെയിൽവേയെ വിഴിഞ്ഞം പോർട്ടുമായി ബന്ധിപ്പിക്കുന്നത് ഗുണകരമാണ്.
ടൂറിസം മേഖലയ്ക്ക് കുതിപ്പ്
മൂന്നാർ, ഭൂതത്താൻകെട്ട്, തട്ടേക്കാട്, മലങ്കര ഡാം, ഇടുക്കി ഡാം, കുളമാവ്, രാമക്കൽമേട്, ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല്, വാഗമൺ, കുട്ടിക്കാനം, പീരുമേട്, പാഞ്ചാലിമേട്, തേക്കടി, ഗവി, അടവി, തെന്മല ഡാം, പൊന്മുടി തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ സമീപത്തുള്ള ടൗണുകളിൽ റെയിൽവേ സ്റ്റേഷനുകൾ വരുന്നത് ടൂറിസം മേഖലയ്ക്ക് വലിയ കുതിപ്പേകും. വിഴിഞ്ഞം പോർട്ട് വഴി ക്രൂയിസ് ഷിപ്പിൽ വരുന്ന വിനോദ സഞ്ചാരികൾക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വിനോദ സഞ്ചാരികൾക്കും മെച്ചപ്പെട്ട യാത്രാ സൗകര്യം ലഭ്യമായാൽ കേരളത്തിന്റെയൊന്നാകെ ടൂറിസം സമ്പത്ത് ഘടനയ്ക്ക് വളരെ ഗുണകരമാണ്.
തീർത്ഥാടകർക്കും എളുപ്പം
ദേശീയ തീർത്ഥാടന കേന്ദ്രമായ ശബരിമലയിലേക്കും ഭാരതത്തിലെ മതമൈത്രിയുടെ കേന്ദ്രസ്ഥാനമായ വാവരു സ്വാമിയുടെ എരുമേലിയിലേക്കും പ്രമുഖ ക്രിസ്ത്യൻ പുണ്യകേന്ദ്രമായ ഭരണങ്ങാനത്തേക്കും ആദിശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടിയിലേക്കും വടക്കൻ കേരളത്തിൽ നിന്നും തെക്കൻ കേരളത്തിൽ നിന്നും മദ്ധ്യകേരളത്തിൽ നിന്നും കൊല്ലം പുനലൂർ ചെങ്കോട്ട റെയിൽവേ വഴി തമിഴ്നാട്ടിൽ നിന്നും തീർത്ഥാടകർക്ക് എത്തിചേരാൻ സഹായകരമായ പദ്ധതിയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |