കിളിമാനൂർ: ട്രോളിംഗ് തുടങ്ങാൻ ഇനിയുമുണ്ട് ദിവസങ്ങൾ, അതിനുമുന്നേ മലയോരത്തെ തീൻമേശകളിൽ മത്സ്യം കാണാനില്ല. കാലവർഷം കലിതുള്ളി പെയ്തതും കൊച്ചിയിൽ കപ്പൽ മുങ്ങിയതിനെ തുടർന്നുള്ള പ്രചാരണങ്ങളും മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാൻ കഴിയാത്തതുമെല്ലാം കൂടിയായപ്പോൾ വെട്ടിൽ വീണത് മലയോര നിവാസികളാണ്. ഇനി 10-ാം തീയതി ട്രോളിംഗ് തുടങ്ങിയാൽ മത്സ്യം ഒട്ടും കിട്ടാതെയാകും. കപ്പലിൽ നിന്നുള്ള കണ്ടെയ്നറുകൾ തട്ടി ബോട്ടുകൾക്ക് കേടുപാട് വരാതിരിക്കാനും കാലവർഷംകാരണം കടൽ ക്ഷുഭിതമാവുകയും ചെയ്തതോടെ യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകൾ കരയ്ക്ക് എത്തിച്ചിരുന്നു. ഇതോടെ ചെറുവള്ളങ്ങളിൽ ലഭിക്കുന്ന മീനുകൾ മാത്രമാണ് വില്പനയ്ക്കായി മാർക്കറ്റുകളിൽ എത്തുന്നത്.
സൂക്ഷിച്ചില്ലെങ്കിൽ പണികിട്ടും...
അമോണിയം പോലുള്ള രാസവസ്തുക്കൾ ചേർത്ത് കാലങ്ങളായി സൂക്ഷിച്ച മത്സ്യങ്ങളും ഇപ്പോൾ വിപണിയിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. ചൂര,വങ്കട തുടങ്ങിയ വലിയ മത്സ്യങ്ങൾ വാങ്ങുമ്പോൾ അവയുടെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നാണ് ആരോഗ്യവിഭാഗം മുന്നറിയിപ്പ് നൽകുന്നത്.
വിലക്കൂടുതൽ:
മത്തി,നെത്തോലി തുടങ്ങിയ ചെറുമീനുകൾക്കാണ് ഇപ്പോൾ പ്രിയം. 200 മുതൽ 300 വരെയാണ് കിലോയ്ക്ക് വില. ആവോലി,നെയ്‌മീൻ തുടങ്ങിയ വലിയ മീനുകൾക്ക് വില ആയിരത്തോട് അടുക്കുന്നു. ചൂര,ചെമ്മീൻ,ഞണ്ട് തുടങ്ങിയവയുടെ വില 400ഉം അതിനുമുകളിലേക്കും എത്തിക്കഴിഞ്ഞു.
ആശ്വാസം പുഴമീൻ
കടൽ മത്സ്യങ്ങൾ കിട്ടാതെ നട്ടംതിരിഞ്ഞപ്പോഴാണ് അരുവികളിലും കൈത്തോടുകളിലും കുത്തിയൊലിച്ചുവന്ന മഴവെള്ളത്തിൽ ശുദ്ധജല മത്സ്യങ്ങളുമെത്താൻ തുടങ്ങി. ഇവയ്ക്കിപ്പോൾ ആവശ്യക്കാർ ഏറെയാണ്. കർഷകർ വളർത്തുന്ന മീനുകളും വിപണിയിലുണ്ട്. വളർത്തുമത്സ്യങ്ങളായ കട്ല,രോഹു,മുഷി,ആറ്റുവാള,തിലാപ്പിയ,കരിമീൻ തുടങ്ങിയവ അന്വേഷിച്ച് ഇപ്പോഴേ മത്സ്യപ്രേമികൾ ഇറങ്ങിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |