അസൗകര്യങ്ങൾക്ക് നടുവിൽ വഞ്ചിയൂർ സബ് ട്രഷറി
തിരുവനന്തപുരം: പെൻഷൻ, ശമ്പളം തുടങ്ങി സർക്കാരിന്റെ മുഴുവൻ സാമ്പത്തിക ഇടപാടുകളും നടക്കുന്ന വഞ്ചിയൂർ അഡിഷണൽ സബ് ട്രഷറി അസൗകര്യങ്ങളാൽ വീർപ്പുമുട്ടുന്നു.തലസ്ഥാനത്തെ ആദ്യ ട്രഷറികളിൽ ഒന്നായ ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ പോലും എത്തിനോക്കിയിട്ടില്ല.
പ്രായമായവർ ഉൾപ്പെടെ നൂറുകണക്കിന് പേർ ദിവസേന ആശ്രയിക്കുന്ന ട്രഷറി, വഞ്ചിയൂർ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ കോമ്പൗണ്ടിലാണ് പ്രവർത്തിക്കുന്നത്. ലക്ഷങ്ങളുടെ ഇടപാട് പ്രതിദിനം നടക്കുന്ന ട്രഷറിയുടെ ഷീറ്റിന്റെ മേൽക്കൂര ഏത് നേരവും നിലം പൊത്താവുന്ന അവസ്ഥയിലാണ്.
പ്രധാന ക്യാഷ്യറുടെ ഇരിപ്പിടത്തിന് മുകളിലെ ഷീറ്റ് പകുതിയിളകിയ നിലയിലാണ്. മഴക്കാലത്ത് മേൽക്കൂര ചോർന്ന് പ്രധാന രേഖകളടക്കം നനയും. മഴ പെയ്യുമ്പോൾ ജീവനക്കാർ രേഖകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും നീക്കിവയ്ക്കേണ്ട അവസ്ഥയാണ്. കമ്പ് കുത്തി മേൽക്കൂര താഴെ വീഴാതെ നോക്കേണ്ട ഗതികേടുമുണ്ട്. കാറ്റടിക്കുമ്പോൾ മുറിയിലാകെ പൊടിപടലങ്ങൾ നിറയും. ധനകാര്യവകുപ്പിന് കീഴിലാണ് ട്രഷറി പ്രവർത്തിക്കുന്നത്. ട്രഷറിയുടെ കെട്ടിടം മാറുന്നതിനെക്കുറിച്ച് ഇടയ്ക്ക് ചർച്ച നടന്നെങ്കിലും പുരോഗതിയുണ്ടായില്ല.
ഭിന്നശേഷി സൗഹൃദമല്ല
രാവിലെ 8.30 മുതൽ ട്രഷറിയിൽ ടോക്കൺ നൽകി തുടങ്ങും. പെൻഷൻ ലഭിക്കുന്ന ആദ്യ ദിവസം അഞ്ഞൂറോളം പേരാണ് എത്തുന്നത്. ഇതിൽ ഭിന്നശേഷിക്കാരും ഉൾപ്പെടുന്നു. 103 വയസുള്ളവർ വരെ എത്താറുണ്ട്. വീൽച്ചെയറിൽ എത്തുന്നവർക്ക് റാമ്പ് സൗകര്യമില്ല. മണിക്കൂറുകൾ കാത്തിരിക്കേണ്ടി വരുന്ന പെൻഷൻകാർക്ക് ഇരിക്കാൻ ആകെ ഒരു ബെഞ്ചാണുള്ളത്. വെയിലത്ത് പുറത്തേയ്ക്ക് ക്യൂ നീളുമ്പോൾ പ്രായമായവർ തളരും. വെള്ളം നൽകാൻ സൗകര്യമില്ല. ചിലർ കുഴഞ്ഞുവീണിട്ടുമുണ്ട്.
ടോയ്‌ലെറ്റുമില്ല
വിവിധ വിഭാഗങ്ങളിലായി പതിനഞ്ചോളം ജീവനക്കാരുള്ളതിൽ പകുതിയിലധികവും സ്ത്രീകളാണ്. എന്നാൽ, സ്ത്രീകൾക്കും പുരുഷന്മാർക്കുമായി ഒരു പൊതു ടോയ്‌ലെറ്റ് മാത്രമാണുള്ളത്. നാപ്കിൻ നിക്ഷേപിക്കാൻ ഇടമില്ല. രോഗികളായ പെൻഷൻകാർക്ക് ഉപയോഗിക്കാനായി ഒരു ടോയ്‌ലെറ്റ് പോലുമില്ല.
വഞ്ചിയൂർ സബ് ട്രഷറി
ജില്ലയ്ക്ക് പുറത്തുള്ളവർ ഉൾപ്പെടെ ആശ്രയിക്കുന്ന പഴക്കമേറിയ ട്രഷറികളിൽ ഒന്ന്
മുൻപ് തിരുവനന്തപുരം കളക്ടറേറ്റ് സ്ഥിതിചെയ്തിരുന്നത് ഇവിടെയാണ്.
ജില്ലാ കോടതിയിലെ തെളിവുകൾ, പ്രധാനപ്പെട്ട രേഖകൾ എന്നിവ സൂക്ഷിക്കുന്നു
വഞ്ചിയൂർ സ്റ്രേഷനിലെ പൊലീസുകാർ പെറ്റി കേസുകളുടെ പണം അടയ്ക്കാൻ എത്താറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |