മലപ്പുറം: പെരുന്നാളിന് ചിക്കൻ കഴിക്കണമെങ്കിൽ കൈ പൊള്ളുന്ന സ്ഥിതിയാണ്.
നിലവിൽ ഒരു കിലോ കോഴിയിറച്ചിയുടെ വില 210 രൂപയാണ്. കഴിഞ്ഞയാഴ്ച ചിക്കന്റെ വില 170 രൂപയായിരുന്നു. നാടൻ കോഴിയുടെ വില നിലവിൽ 350 രൂപയാണ്. ബീഫ് വില 320 ആയി. പെരുന്നാളായതും മുങ്ങിയ കപ്പലിലെ കണ്ടെയ്നറുകളിലെ രാസമാലിന്യ ഭീതിയിൽ മത്സ്യത്തിന്റെ വിൽപ്പന ഇടിഞ്ഞതും വില വർദ്ധനവിന് പ്രധാന കാരണങ്ങളാണ്. ഇന്നലെ ഉച്ചയോടെ തന്നെ ജില്ലയിലെ ചിക്കൻ മാർക്കറ്റുകളിൽ ആവശ്യക്കാരുടെ എണ്ണം കൂടുതലാണ്.
തമിഴ്‌നാട്ടിൽ നിന്നാണ് ഇറച്ചിക്കോഴി കൂടുതലും എത്തുന്നത്. കേരളത്തിൽ കോഴി ഫാമുകൾ ഉണ്ടെങ്കിലും പരിപാലന ചെലവ് കൂടുതലായതിനാൽ ഉത്പാദനം കുറവാണ്. ചൂട് കൂടിയതും ജലക്ഷാമവുമെല്ലാം കാരണം കേരളത്തിലെ പല ഫാമുകളും പൂട്ടിയിരുന്നു. കോഴി തീറ്റയ്ക്കടക്കമുള്ള വലി കണക്കാക്കിയാൽ വർദ്ധനവ് വരുത്താതെ പിടിച്ച് നിൽക്കാൻ സാധിക്കില്ലെന്ന് കോഴിക്കർഷകരും പറയുന്നു. തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലെത്തിക്കുന്ന ഇറച്ചിക്കോഴികളുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ടെന്ന് ചിക്കൻ വ്യാപാരികൾ പറയുന്നു.
ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും ബീഫ് എത്തുന്നത്. പെരുന്നാളായതിനാൽ വിലയിൽ എത്ര വർദ്ധനവ് വരുത്തിയാലും വാങ്ങാൻ ആളുകളെത്തും എന്നതും വിലവർദ്ധനവിന് കാരണമായി.
ചിക്കൻ - 210
നാടൻ ചിക്കൻ - 350
ബീഫ് - 320
വിപണി സജീവം
അതേസമയം, പെരുന്നാളിനോടനുബന്ധിച്ച് ഇന്നലെ ജില്ലയിലെ കടകളിലും വസ്ത്ര വ്യാപാര ശാലകളിലും വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. വസ്ത്രം മുതൽ ഇറച്ചിയും പച്ചക്കറിയും ഉൾപ്പെടെ വാങ്ങിയാണ് പലരും മടങ്ങിയത്. ഓഫറുകളും മറ്റും നിരത്തിയാണ് മിക്ക വസ്ത്ര വ്യാപാര ശാലകളും ആളുകളെ സ്വീകരിച്ചത്. പടക്കമുൾപ്പെടെ ഉള്ളവയ്ക്കും വലിയ ഡിമാൻഡ് ആയിരുന്നു. പഴം വിപണികളും വഴിയോര കച്ചവടങ്ങളും ഇന്നലെ സജീവമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |