കടയ്ക്കൽ: പെരുനാൾ ആഘോഷവുമായി ബന്ധപ്പെട്ട് കശാപ്പ് ചെയ്യുന്നതിനിടെ വിരണ്ടോടിയ പോത്ത് നിലമേൽ പഞ്ചായത്തിലാകെ പരിഭ്രാന്തി പരത്തി. പോത്തിന്റെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു.
കണ്ണൻകോട് ജുമാമസ്‌ജിദിലെ ഉസ്താദിന്റെ സഹായി സലാഹുദീൻ (62), ബംഗ്ലാക്കുന്നിലെ റഫീഖ് (24) എന്നിവർക്കാണ് പരിക്കേറ്റത്. സലാഹുദീൻ ബൈക്കിൽ പോകവേ പിന്നാലെയെത്തിയ പോത്ത് ബൈക്ക് കുത്തിവീഴ്ത്തുകയായിരുന്നു. ഈ വീഴ്ചയിലാണ് അദ്ദേഹത്തിന് പരിക്കേറ്റതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
ബംഗ്ലാക്കുന്നിലെ കശാപ്പുശാലയിൽ നിന്ന് വിരണ്ടോടിയ പോത്ത് കിലോമീറ്ററുകളോളം ഓടി. നിലമേൽ ടൗണിന് സമീപം വെച്ച് കിളിമാനൂർ പുല്ലയിൽ നിന്ന് വന്ന ഒരു ഓട്ടോറിക്ഷയെ പോത്ത് കുത്തിമലർത്തിയിട്ടു. ഓട്ടോയിലുണ്ടായിരുന്നവർക്കും പരിക്കേറ്റു.
വിവരമറിഞ്ഞ് കടയ്ക്കൽ സ്റ്റേഷനിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയുടെ വാഹനത്തിന് നേരെയും പോത്ത് ആക്രമണം അഴിച്ചുവിട്ടു. ഈ ആക്രമണത്തിൽ പോത്തിന്റെ കൊമ്പ് ഒടിഞ്ഞു. ആറു കിലോമീറ്ററോളം വിരണ്ടോടിയ പോത്തിനെ ഒടുവിൽ പണിക്കാരും നാട്ടുകാരും ചേർന്ന് കണ്ണൻകോട് വെച്ച് വൈകുന്നേരത്തോടെ നിയന്ത്രണത്തിലാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |