തിരുവനന്തപുരം; നെട്ടയം മുക്കോല ആമ്പാടി വീടിന്റെ ചുവരിലെ 'തെന്നല ബാലകൃഷ്ണപിള്ള ' എന്ന നെയിം ബോർഡിൽ 'IN' എന്നുതന്നെയായിരുന്നു ഇന്നലെയും. തെന്നല ബാലകൃഷ്ണപിള്ള അകത്തുണ്ടായിരുന്നു. പക്ഷേ,ഉണരാത്ത ദീർഘനിദ്രയിലായിരുന്നു. സ്വീകരണ മുറിയിൽ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോഴും അദ്ദേഹത്തിന്റെ മുഖം ശാന്തമായിരുന്നു. പുരുഷായുസ്സ് മുഴുവൻ പാർട്ടിക്കായി സമർപ്പിച്ച നേതാവിനെ കാണാനും ഉപദേശങ്ങൾ തേടാനുമായി എത്തുന്നവർക്ക് മുന്നിൽ നിറഞ്ഞ പുഞ്ചിരിയുമായി അദ്ദേഹം ഇനിയില്ല.
കോൺഗ്രസ് രാഷ്ട്രീയത്തിലെ സൗമ്യതയുടെ ആൾരൂപമായിരുന്ന തെന്നലയെ അവസാനമായി കാണാൻ നേതാക്കളുടെയും പ്രവർത്തകരുടെയും ഒഴുക്കായിരുന്നു ഇന്നലെ. മരണവിവരമറിഞ്ഞ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കെത്തിയ നേതാക്കളും പ്രവർത്തകരും,ഭൗതികദേഹം വീട്ടിലെത്തിച്ചപ്പോഴും ഒപ്പമുണ്ടായിരുന്നു.
മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി,യു.ഡി.എഫ് കൺവീനർ അടൂർപ്രകാശ്,മന്ത്രി റോഷി അഗസ്റ്റിൻ,കോൺഗ്രസ് നേതാക്കളായ വി.എം.സുധീരൻ,എം.എം ഹസൻ,കെ.മുരളീധരൻ,രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി,എൽദോസ് കുന്നപ്പള്ളി എം.എൽ.എ,എൻ.എസ്.എസ് വൈസ് പ്രസിഡന്റ് സംഗീത്കുമാർ,ഡി.സി.സി പ്രസിഡന്റ് പാലോട് രവി,സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ,മുതിർന്ന സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ,തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്,ശരത് ചന്ദ്രപ്രസാദ് തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു. കേരളകൗമുദിക്ക് വേണ്ടി അസോസിയേറ്റ് എഡിറ്റർ വി.എസ് രാജേഷ് റീത്ത് സമർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |