തിരുവനന്തപുരം: മൂന്നുപതിറ്റാണ്ടായുള്ള കേരളത്തിന്റെ ആവശ്യമായ ശബരിറെയിൽപ്പാത യാഥാർത്ഥ്യമാക്കുമെന്ന് കേന്ദ്രത്തിൽ നിന്ന് ഉറപ്പുകിട്ടിയെങ്കിലും പദ്ധതിചെലവിന്റെ പകുതി വഹിക്കുന്നതിൽ അവ്യക്തത. 3800.93കോടിയാണ് പദ്ധതിചെലവ്. പകുതിതുകയായ 1900.47കോടി കേരളം നൽകണമെന്നാണ് കേന്ദ്രം നിർദേശിച്ചത്. കിഫ്ബിയിൽ നിന്ന് തുക നൽകാൻ സന്നദ്ധമാണെങ്കിലും ഇത് സംസ്ഥാനത്തിന്റെ വായ്പാ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നാണ് സർക്കാർ നിലപാട്. മാർച്ചിൽ മുഖ്യമന്ത്രി കേന്ദ്രത്തിനയച്ച കത്തിലും ഇക്കാര്യം ആവർത്തിച്ചിരുന്നു.
ഉപാധികളില്ലാതെ പകുതിച്ചെലവ് വഹിക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നത്.
ഈ മാസം അവസാനത്തോടെ റെയിൽവേബോർഡിന്റെ സംഘം കേരളത്തിലെത്തും. അപ്പോഴേക്കും തീരുമാനമറിയിക്കേണ്ടതുണ്ട്. നിലപാട് മാറ്റണമെങ്കിൽ മന്ത്രിസഭായോഗം തീരുമാനിക്കണം.
കിഫ്ബിയുടെ മേജർ ഇൻഫ്രാസ്ട്രക്ചർ ഡെലവപ്മെന്റ് പ്രോജക്ട് (എം.ഐ.ഡി.പി) ഫണ്ടിൽ നിന്ന് ശബരിപാതയ്ക്ക് പണം നൽകുമെന്ന് ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരുന്നു. അത് സംസ്ഥാനത്തിന്റെ വായ്പാപരിധിയിൽ നിന്നൊഴിവാക്കണമെന്നുമുള്ള ആവശ്യം കേന്ദ്രം തള്ളിയതോടെ തുടർനടപടികളുണ്ടായില്ല.
ശബരിമലയിലെത്തുന്ന ലക്ഷക്കണക്കിന് ഭക്തർക്ക് ഉപകാരപ്രദമാകും എന്ന് വിലയിരുത്തിയാണ് 2019ൽ മരവിപ്പിച്ച പദ്ധതി റെയിൽവേ നടപ്പാക്കുന്നത്. എറണാകുളം,ഇടുക്കി, കോട്ടയം,പത്തനംതിട്ട ജില്ലകളിലെ ദശലക്ഷക്കണക്കിനാളുകൾക്ക് ഗുണകരമാണ് ശബരിപ്പാത.
വിഴിഞ്ഞം തുറമുഖത്തിന്റെ സാദ്ധ്യതകൾ പൂർണമായി പ്രയോജനപ്പെടുത്താനും മദ്ധ്യകേരളത്തിലെ മലയോരജില്ലകളിൽ റെയിൽ കണക്ടിവിറ്റിയെത്തിക്കാനും ശബരിറെയിൽ അനിവാര്യമാണ്.
ചെലവ് കേന്ദ്രത്തിന് വഹിക്കാം
സംസ്ഥാനവിഹിതമില്ലെങ്കിലും പൂർണമായി കേന്ദ്രചെലവിൽ പദ്ധതി നടപ്പാക്കാനാവും. സംസ്ഥാനം വിഹിതം നൽകാത്തതിനാൽ 55ഓവർബ്രിഡ്ജുകൾ റെയിൽവേയുടെ സ്വന്തംചെലവിൽ നിർമ്മിക്കാൻ അടുത്തിടെ തീരുമാനിച്ചിരുന്നു.
പകുതി ചെലവ് സംസ്ഥാനം വഹിക്കണമെന്ന് നിർദ്ദേശിച്ചിരുന്ന ആലപ്പുഴ വഴിയുള്ള എറണാകുളം- കായംകുളം, തിരുവനന്തപുരം-കന്യാകുമാരി പാതയിരട്ടിപ്പിക്കൽ ജോലികൾ കേന്ദ്രത്തിന്റെ ചെലവിലാണ് നടത്തുന്നത്.
ശബരിപാതയ്ക്കൊപ്പം 2019ൽമരവിപ്പിച്ച ഗുരുവായൂർ-തിരുനാവായ പാതയും പുനരുജ്ജീവിപ്പിക്കുന്നുണ്ട്. ഈ പാതയ്ക്ക് പകുതിചെലവ് സംസ്ഥാനം വഹിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടില്ല.
പുതിയപാതകൾ, പാതയിരട്ടിപ്പിക്കൽ എന്നിവയ്ക്കായി ബഡ്ജറ്റിന് പുറമെ ചെലവഴിക്കാൻ 50,000കോടിയോളം റെയിൽവേയ്ക്ക് അനുമതിയുണ്ട്. കേന്ദ്രസർക്കാരിന്റെ തീരുമാനമാവും ഇക്കാര്യത്തിൽ നിർണായകം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |