ബംഗളൂരു: ഭാര്യയുടെ തല വെട്ടിയെടുത്ത് സ്കൂട്ടറിൽ വച്ച് ഭർത്താവിന്റെ യാത്ര. ബംഗളൂരു നഗരത്തിന് പുറത്തുള്ള അനേക്കലിലെ ചന്ദാപുര എന്ന സ്ഥലത്തെ ഹെെവേയിലാണ് സംഭവം നടന്നത്. കൊലപാതകത്തിൽ ബംഗളൂരു ഹെബ്ബഗൊഡി സ്വദേശി ശങ്കറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 11.30നായിരുന്നു കൊലപാതകം നടന്നതെന്നാണ് വിവരം. 26കാരിയായ മാനസയാണ് മരിച്ചത്. മാനസയെ ഭർത്താവ് ശങ്കർ വീട്ടിലുണ്ടായിരുന്ന മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
അനേക്കലിൽ നിന്ന് ചന്ദാപുരയിലേക്കുള്ള ഹെെവേയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിന്റെ ക്വിക് റെസ്‌പോൺസ് ടീമാണ് നടുക്കുന്ന കാഴ്ച കണ്ടത്. രക്തത്തിൽ കുളിച്ച നിലയിൽ ഒരു യുവാവ് സ്കൂട്ടറോടിച്ച് ഹെെവേയിലൂടെ അതിവേഗം പോകുകയായിരുന്നു. ഇയാളെ പിന്തുടർന്ന് തടഞ്ഞ് നിർത്തിയപ്പോഴാണ് സ്കൂട്ടറിന്റെ ഫുട്ബോഡിൽ വെട്ടിയെടുത്ത നിലയിൽ ഒരു സ്ത്രീയുടെ തല പൊലീസ് കണ്ടത്. ഇതാരാണെന്ന് തിരക്കിയ പൊലീസിനോട് ഇത് തന്റെ ഭാര്യ ആണെന്നും താൻ കൊലപ്പെടുത്തിയെന്നും വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ശങ്കറും മാനസയും അഞ്ച് വർഷം മുൻപാണ് വിവാഹിതരായത്. ഇവർക്ക് മൂന്ന് വയസുള്ള ഒരു മകളുണ്ട്. ഇരുവരും സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. അടുത്തിടെയായി മാനസയ്ക്ക് മറ്റൊരു പുരുഷനുമായി ബന്ധം ഉണ്ടെന്ന് ശങ്കർ അറിയുകയും ഇത് വലിയ വാക്കുതർക്കങ്ങൾക്ക് കാരണമാകുകയും ചെയ്തു. തുടർന്ന് മാനസ വീട് ഉപേക്ഷിച്ച് മറ്റൊരു സ്ഥലത്ത് താമസം തുടങ്ങി.
എന്നാൽ മാനസയുമായി അടുപ്പത്തിലായിരുന്ന യുവാവ് ബന്ധം ഉപേക്ഷിച്ച് പോയതോടെ മറ്റ് വഴികളില്ലാതെ യുവതി തിരിച്ച് വീട്ടിലെത്തുകയായിരുന്നു. മകളെ കാരണമായി ചൂണ്ടിക്കാട്ടി ഒരു ഒത്തുതീർപ്പിന് യുവതി ശ്രമിച്ചു. എന്നാൽ അത് ഒത്തുതീർപ്പായില്ല. പിന്നാല ഇന്നലെ ഇരുവരും തമ്മിൽ നടന്ന വാക്കുതർക്കത്തിനിടെ ശങ്കർ മഴു ഉപയോഗിച്ച് യുവതിയെ കൊലപ്പെടുത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |