തിരുവനന്തപുരം: വിവാഹപരസ്യം നല്‍കിയ ശേഷം കേരളത്തിലെ വിവിധ ജില്ലകളിലായി പത്ത് വിവാഹം കഴിച്ച എറണാകുളം കാഞ്ഞിരമറ്റം സ്വദേശി രേഷ്മ (30) ചെയ്തത് സമാനതകളില്ലാത്ത തട്ടിപ്പ്. വെള്ളിയാഴ്ച രാവിലെ വിവാഹത്തിനായി ഒരുങ്ങി ഓഡിറ്റോറിയത്തിലേക്ക് പോകാന്‍ നിന്ന രേഷ്മയെ പ്രതിശ്രുത വരനായ പഞ്ചായത്ത് അംഗത്തിന്റെ പരാതിയില്‍ ആര്യനാട് പൊലീസ് നാടകീയമായി അറസ്റ്റ് ചെയ്യുകയായിരുന്നു.
ചോദ്യം ചെയ്യലിൽ താൻ നിരവധി വിവാഹങ്ങൾ കഴിച്ചതായി രേഷ്മ വെളിപ്പെടുത്തി. ഇതിൽ ഒരു വിവാഹത്തിൽ രേഷ്മയ്ക്ക് ഒരു കുട്ടിയുമുണ്ട്. ആദ്യവിവാഹമാണെന്ന് പറഞ്ഞാണ് രേഷ്മ വിവാഹങ്ങൾ നടത്താറുള്ളത്. വരനേക്കാെണ്ട് വിവാഹത്തിന് മുൻപുതന്നെ സ്വർണവും വസ്ത്രങ്ങളും വാങ്ങിപ്പിക്കുന്നതാണ് യുവതിയുടെ പതിവ്. തുടർന്ന് ഈ സ്വർണവും വസ്ത്രങ്ങളും കല്യാണാവശ്യത്തിനുള്ള പണവും കെെക്കലാക്കി വിവാഹപ്പിറ്റേന്നുതന്നെ മുങ്ങുന്നതാണ് യുവതിയുടെ രീതി.
അമ്മയുടേത് എന്ന് കരുതുന്ന ഫോൺ നമ്പർ പരിശോധിച്ചപ്പോൾ രേഷ്മയാണ് ആ ഫോൺ ഉപയോഗിക്കുന്നതെന്ന് പൊലീസ് കണ്ടെത്തി. അമ്മ എന്ന വ്യാജേന യുവതി തന്നെയാണ് വരനോട് സംസാരിക്കുന്നത്. 2014ലാണ് രേഷ്മയുടെ ആദ്യ വിവാഹം നടന്നത്. 2022 മുതൽ വിവിധ ജില്ലകളിലായി ആറ് പേരെ കല്യാണം കഴിച്ചു. അനാഥയാണെന്ന ഒരേ കഥയാണ് എല്ലാവരോടും പറഞ്ഞത്. സ്‌നേഹം തേടിയാണ് തുടരെ തുടരെ വിവാഹം കഴിച്ചതെന്നാണ് രേഷ്മ പൊലീസിന് നൽകിയ മൊഴി. എന്നാൽ ഇത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. സ്വർണവും പണവും തട്ടലായിരുന്നു ലക്ഷ്യമെന്നാണ് പൊലീസ് സംശയിക്കുന്നത്.
45 ദിവസം മുൻപ് വിവാഹം കഴിച്ചയാളെ കബളിപ്പിച്ചാണ് പഞ്ചായത്ത് അംഗവുമായുള്ള വിവാഹത്തിന് രേഷ്മ എത്തിയതെന്നും അടുത്ത മാസം തിരുവനന്തപുരം സ്വദേശിയായ മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. രേഷ്മയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പ്രതിശ്രുത വരനും ബന്ധുവും ചേര്‍ന്ന് ഇവരുടെ ബാഗ് പരിശോധിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |