കൊച്ചി: കിറ്റെക്സ് ഗ്രൂപ്പിന്റെ ആന്ധ്രയിലെ പുതിയ നിക്ഷേപ നിർദ്ദേശത്തെച്ചൊല്ലി വ്യവസായ മന്ത്രി പി. രാജീവും കിറ്റെക്സ് എം.ഡി സാബു എം. ജേക്കബും തമ്മിൽ ആരോപണ പ്രത്യാരോപണങ്ങൾ. കേരളത്തിൽ മികച്ച വ്യവസായ അന്തരീക്ഷമാണെന്നും കിറ്റെക്സ് കമ്പനിയെ ഇവിടെനിന്ന് ആരും ഓടിച്ചിട്ടില്ലെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. കേരളം ആരുടേയും പിതൃസ്വത്തല്ലെന്നും നിക്ഷേപം എപ്പോൾ, എവിടെ നടത്തണമെന്ന് താൻ തീരുമാനിക്കുമെന്നും സാബു എം.ജേക്കബ് തിരിച്ചടിച്ചൂ. ശനിയാഴ്ച ആന്ധ്രാ മന്ത്രി എസ്. സവിത കിറ്റെക്സ് എം.ഡിയുമായി കൊച്ചിയിൽ നടത്തിയ ചർച്ചകളാണ് വാക്പോരിന്
വഴിയൊരുക്കിയത്.
കിറ്റെക്സ് എം.ഡിയുടെ പ്രസ്താവന രാഷ്ട്രീയ നേതാവിന്റേതായി കണ്ടാൽ മതിയെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കമ്പനി വളർന്നത് കേരളത്തിൽ നിന്നാണ്. അവരുടെ പ്രവർത്തനത്തിൽ ഒരു മിനിട്ടു പോലും എന്തെങ്കിലും തടസമുണ്ടായിട്ടില്ല. ഇക്കാര്യത്തിലൊന്നും വിവാദത്തിനില്ല. തിരുത്തേണ്ട കാര്യങ്ങൾ തിരുത്തും. മന:സമാധാനം വേണമെങ്കിൽ സാബു ജേക്കബ് തന്നെ തീരുമാനിക്കണം. കേരളത്തിലെ വിദേശ നിക്ഷേപത്തിൽ ഒരു വർഷത്തിനുള്ളിൽ നൂറു ശതമാനം വളർച്ചയുണ്ടായി. ആന്ധ്രയേയും പഞ്ചാബിനേയും പിന്തള്ളി ആദ്യ പത്ത് സംസ്ഥാനങ്ങളിൽ ഒന്നായി കേരളം മാറി. ഇവിടെ വ്യവസായികളെ ഓടിക്കുകയാണോയെന്ന് ചോദിക്കുന്നവരാരും കേരളത്തിന്റെ ഈ നേട്ടം ചർച്ച ചെയ്യുന്നില്ലെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥരും എൽ.ഡി.എഫും ഒന്നിച്ചുനിന്നാണ് കിറ്റക്‌സിനെ ആക്രമിക്കുന്നതെന്ന് എം.ഡി സാബു ജേക്കബ് കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സഹി കെട്ടാണ് 3500 കോടിയുടെ നിക്ഷേപം തെലുങ്കാനയിലേക്ക് മാറ്റിയത്. ആന്ധ്രയിൽ പോയാലും മലയാളികൾക്ക് ആദ്യം ജോലി കൊടുക്കും. മുഖ്യമന്ത്രിയുടെ സന്ദേശവുമായാണ് ആന്ധ്രാ മന്ത്രി വന്നത്..പേടി കൊണ്ടാണ് പല വ്യവസായികളും പ്രശ്നങ്ങൾ പുറത്തു പറയാത്തത്.കേരളത്തിലേക്കാൾ നല്ല ശമ്പളവും സൗകര്യവും മറ്റ് സംസ്ഥാനങ്ങളിൽ കിറ്റെക്സ് നൽകും. തൊഴിലാളികളെ ചൂഷണം ചെയ്യൽ കിറ്റെക്സിന്റെ നയമല്ല. മന്ത്രി ഉദ്ദേശിക്കുന്ന മന:സമാധാനത്തിന്റെ വഴിക്ക് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |