കൊട്ടിയൂർ: വിശാഖം നാളായ ഇന്നലെ അർദ്ധരാത്രിയോടെ പെരുമാളുടെ തിരുവാഭരണങ്ങളുമായി ഭണ്ഡാരം എഴുന്നള്ളത്ത് അക്കരെ സന്നിധിയിൽ എത്തിയതോടെ കൊട്ടിയൂരിൽ നിത്യപൂജകൾക്കും ദർശന കാലത്തിനും തുടക്കമായി. ദേവീ സങ്കല്പമായ അമ്മാറക്കൽ തറ, മാലോം ദൈവസ്ഥാനം, വഴിവിളക്ക് എന്നിവിടങ്ങളിൽ മേൽക്കൂരയായി ഉപയോഗിക്കാനുള്ള കുടകളുമായുള്ള എഴുന്നള്ളത്ത് ഇന്നലെ രാവിലെ മണത്തണയിൽ നിന്ന് പുറപ്പെട്ട് വൈകുന്നേരത്തോടെ കൊട്ടിയൂരിൽ എത്തി. തൃക്കൈക്കുട സ്ഥാനികരായ മണത്തണ സ്വദേശി നാരായണൻ, സനീഷ്, രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് കുട എഴുന്നള്ളിച്ചത്.
മഹോത്സവത്തിന്റെ ഭാഗമായി ഇന്നലെ പകൽ മണത്തണയിൽ വിവിധ ചടങ്ങുകൾ നടന്നു. യോഗി സമുദായത്തിലെ സ്ഥാനികർക്കായി പൂതനാക്കൂലിൽ യോഗിയൂട്ട് നടത്തി.തുടർന്ന് കലശം വരവ്.കാവുതീണ്ടി പെരുവണ്ണാൻ രാത്രി കരിമ്പനയ്ക്കൽ ഗോപുരത്തിൽ എത്തി അറ തുറക്കാൻ അനുമതി നൽകി.
തുടർന്ന് സപ്തമാതൃപുരം എന്ന ചപ്പാരം ഭഗവതിയുടെ വാളുകളുമായി വാളശ്ശൻ സ്ഥാനികൻ കരിമ്പനയ്ക്കൽ ഗോപുരത്തിൽ എത്തി. ഭഗവതി കരിമ്പന ഗോപുരത്തിലെത്തി താക്കോൽ കൈമാറിയതോടെ വാളശ്ശന്മാരിലെ കാരണവർ അറയിൽ നിന്ന് ഭണ്ഡാരങ്ങൾ എടുത്ത് കണക്കപ്പിള്ളയെ ഏല്പിച്ചു.കണക്കപ്പിളള കുടിപതി കാരണവർക്ക് കൈമാറി.സ്വർണ്ണം, വെള്ളി പൂജാ പാത്രങ്ങളും തിരുവാഭരണങ്ങളും കുടിപതി സ്ഥാനികർ ഏറ്റുവാങ്ങി. കാരണവർ മുതൽ സ്ഥാനം അനുസരിച്ച് പൂജാ പാത്രങ്ങളും ആഭരണങ്ങളും കൈകളിൽ എടുത്തും കാവുകളാക്കി തോളിൽ വഹിച്ചും കൊട്ടിയൂരിലേക്ക് പുറപ്പെട്ടു. ചപ്പാരം വാൾ ഏഴില്ലക്കാരായ വാളശ്ശന്മാരാണ് എഴുന്നള്ളിച്ചത്.രണ്ട് ഗജവീരന്മാരുടെയും പരമ്പരാഗത വാദ്യങ്ങളുടെയും അകമ്പടിയോടെയായിരുന്നു എഴുന്നള്ളത്ത്.
സമുദായിയുടെ അദ്ധ്യക്ഷതയിൽ നടത്തുന്ന ഭണ്ഡാരം എഴുന്നള്ളത്തിൽ അടിയന്തര യോഗക്കാരും ഊരാളന്മാരും ഒപ്പമുണ്ടായിരുന്നു. മുമ്പിൽ സ്വർണപാത്രങ്ങൾ, തുടർന്ന് തിരുവാഭരണ ചെപ്പ്, വെള്ളിവിളക്ക്, ചപ്പാരം ഭഗവതിയുടെ വാളുകൾ ഒടുവിൽ വാദ്യഘോഷ അകമ്പടി. ഇതായിരുന്നു ഭണ്ഡാരം എഴുന്നള്ളത്തിന്റെ ക്രമം. എഴുന്നള്ളത്ത് കൊട്ടിയൂരിൽ എത്തും മുമ്പ് അഞ്ചിടത്ത് വാളാട്ടം നടത്തി.
എഴുന്നള്ളത്ത് ഇക്കരെ കൊട്ടിയൂരിൽ എത്തിയതോടെ ഇക്കരെ ക്ഷേത്രത്തിൽ എഴുന്നള്ളിച്ച് എത്തിച്ച മുതിരേരി വാൾ ഇക്കരെ ക്ഷേത്രത്തിലെ ദേവീദേവന്മാരുടെ ബലിബിംബങ്ങൾ എന്നിവ കൂടിച്ചേർന്ന് ഭണ്ഡാരം എഴുന്നള്ളത്ത് അക്കരെ സന്നിധിയിൽ പ്രവേശിച്ചു.കൊട്ടിയൂരിലെ ദർശന കാലത്തിന് ഇതോടെ തുടക്കമായി.ഭണ്ഡാരം എഴുന്നള്ളത്ത് അക്കരെ എത്തിയതോടെ സ്ത്രീകൾക്കും ദർശനത്തിനായി അക്കരെ പ്രവേശിക്കാൻ അനുമതിയായി.
നിത്യപൂജകൾ
രാവിലെ നിർമ്മാല്യം.36 കുടം ജലാഭിഷേകം. ഉഷപൂജ, സ്വർണ്ണക്കുടം - വെളളിക്കുടം സമർപ്പണം, പന്തീരടി പൂജ, ഉച്ചശീവേലി, ആയിരം കുടം ജലാഭിഷേകം, അത്താഴപൂജ, ശീവേലി, ശ്രീഭൂതബലി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |