തൃശൂർ: ജലം പാഴാകുന്നതും ജലമോഷണവും തടഞ്ഞ് ജലവിനിയോഗം കുറ്റമറ്റതും കാര്യക്ഷമവുമാക്കുന്ന കോർപറേഷന്റെ പദ്ധതി അവസാനഘട്ടത്തിൽ. വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുടിവെള്ള വിതരണം കൃത്യമായി നിരീക്ഷിക്കാനും ഈ പദ്ധതിയിലൂടെയാകും. കുടിവെള്ളം മുടങ്ങുന്നതടക്കമുള്ള പ്രശ്‌നങ്ങൾ ഇതോടെ ഒഴിവാകും. പൈപ്പിലൂടെ പോകുന്ന വെള്ളത്തിന്റെ അളവ് കൃത്യമായി നിരീക്ഷിക്കും.
ഈ ക്രമീകരണത്തിലൂടെ പൊട്ടിയ സ്ഥലം കൃത്യമായി കണ്ടെത്താം. കേന്ദ്ര സർക്കാരിന്റെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ പദ്ധതി ഉടൻ കമ്മിഷൻ ചെയ്യും. കോർപറേഷൻ നേരിട്ട് കുടിവെള്ള വിതരണം നടത്തുന്ന മേഖലയിലാണ് ഇത് നടപ്പാക്കുന്നത്. നഗരത്തിലെ 20,000 ത്തോളം ഉപഭോക്താക്കൾക്ക് പദ്ധതി ഗുണം ചെയ്യും. പുതിയ കണക്ഷൻ എടുക്കുന്നവരും പദ്ധതിയുടെ കീഴിൽ വരും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പദ്ധതി നിർവഹണം. അഞ്ച് വർഷത്തേക്കുള്ള നടത്തിപ്പും ഇവരുടെ ചുമതലയാണ്.
5.59 കോടി ചെലവ്
അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വാട്ടർ എഫിഷ്യന്റ് പദ്ധതിക്ക് 5.59 കോടിയാണ് ചെലവ്. 50 ശതമാനം തുക കേന്ദ്ര സർക്കാരും 30 ശതമാനം സംസ്ഥാന സർക്കാരും 20 ശതമാനം കോർപ്പറേഷനുമാണ് ചെലവഴിച്ചത്. 2019ൽ പ്രാരംഭ പ്രവർത്തനം ആരംഭിച്ച് 2021ൽ പദ്ധതിക്ക് തുടക്കം കുറിച്ചു.
എല്ലാം കൃത്യമായി രേഖപ്പെടുത്തും
മണ്ണിനടിയിൽ പൈപ്പ് പൊട്ടിയത് എവിടെയാണെന്നും എത്ര ആഴത്തിലാണെന്നും കണ്ടെത്താം.
ഭൂമിക്കടിയിലെ പൈപ്പുകളെ 'ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാർ' ഉപയോഗിച്ച് അടയാളപ്പെടുത്തും
ബില്ലിംഗിനായി പ്രത്യേക സോഫ്റ്റ്‌വെയർ
ഓൺലൈനായി പണം അടയ്ക്കാം.
പരാതികൾ അറിയിക്കാൻ ആപ്പ്
കുടിവെള്ള കണക്ഷനുകൾ, പൊതു ടാപ്പുകൾ, വെള്ള ടാങ്ക് തുടങ്ങിയവ ജി.പി.എസ് ഉപയോഗിച്ച് അടയാളപ്പെടുത്തും
മാർക്കിംഗ് പൂർത്തിയായി, വെറ്റ് പദ്ധതി പൂർത്തിയാകുന്നതോടെ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട മുഴുവൻ വിവരവും 'ഇന്റർനെറ്റ് ഓഫ് തിംഗ്‌സ്' ഉപയോഗിച്ച് ജി.ഐ.എസ് പ്ലാറ്റ്‌ഫോമിൽ
ഉദ്ഘാടനം മുഖ്യമന്ത്രിയെ കൊണ്ട് നടത്തിക്കാനാണ് ശ്രമം. കോർപറേഷനെ സംബന്ധിച്ച് കുടിവെള്ള വിതരണ രംഗത്ത് കാര്യക്ഷമമായ പ്രവർത്തനങ്ങൾക്ക് പദ്ധതി ഗുണകരമാകും.
വർഗീസ് കണ്ടംകുളത്തി
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |