വൈപ്പിൻ: യന്ത്രവത്കൃത ഷിപ്പിംഗ് ബോട്ടുകൾക്കുള്ള 52 ദിവസത്തെ ട്രോളിംഗ് നിരോധനം കഴിഞ്ഞ അർദ്ധരാത്രി മുതൽ പ്രാബല്യത്തിലായി. വൈപ്പിൻ, മുനമ്പം ഹാർബറുകളിലായി 800 ഓളം ബോട്ടുകളാണ് ഇക്കാലയളവിൽ കെട്ടിയിടുന്നത്. ഭൂരിപക്ഷം അന്യസംസ്ഥാനക്കാരായ തൊഴിലാളികളെല്ലാം നാട്ടിലേക്ക് മടങ്ങി. നിരോധനം തുടങ്ങുന്നതിനു മുൻപ് തന്നെ പ്രതികൂല കാലാവസ്ഥ പരിഗണിച്ച് കടലിലേക്കിറങ്ങുന്നത് താത്കാലികമായി തടഞ്ഞിരുന്നു. ആ ദിവസങ്ങളിൽത്തന്നെ അന്യസംസ്ഥാനക്കാർ തിരിച്ച് പോകാൻ തുടങ്ങിയിരുന്നു. നിരോധനം അവസാനിക്കുന്ന ജൂലായ് 31ന് ഇവർ തിരിച്ചെത്തും.
നിരോധന കാലയളവിലാണ് ബോട്ടുകൾക്കും വലകൾക്കും അറ്റകുറ്റപ്പണി നടത്തുക. പെയിന്റിംഗ് നടത്തുന്നതും ഇപ്പോഴാണ്. ഫിഷിംഗ് രംഗത്തെ ഒരു കൂട്ടർക്ക് തൊഴിൽ ഇല്ലാതാകുമ്പോൾ അനുബന്ധത്തൊഴിലാളികൾക്ക് പണികൂടും.
മുനമ്പം മാതൃക ഹാർബറിലും വൈപ്പൻ കാളമുക്ക് ഹാർബറിലും വള്ളക്കാർ അടുക്കുന്നതിനാൽ ഇവിടങ്ങളിൽ മത്സ്യക്കച്ചവടവും കയറ്റിറക്ക് തൊഴിലും മുടങ്ങില്ല. എന്നാൽ, മുനമ്പം മിനി ഹാർബറിൽ വള്ളങ്ങൾ അടുക്കാത്തതിനാൽ നിരോധനം ഇവിടെ പൂർണമായും ബാധിക്കും.
ട്രോളിംഗ് നിരോധനം നടപ്പിൽ വന്നതോടെ ഇതര സംസ്ഥാനങ്ങളിലെ യാനങ്ങൾ കേരളതീരം വിട്ട്‌പോകണമെന്ന് ഫിഷറീസ് വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. ഉത്തരവ് ലംഘിച്ച് ഇവിടെ തുടർന്നാൽ യാനങ്ങൾ പിടിച്ചെടുത്ത് നടപടി സ്വീകരിക്കും.
മത്സ്യക്കുഞ്ഞുങ്ങൾക്കായി...
മത്സ്യങ്ങളുടെ പ്രജനന കാലം പരിഗണിച്ച് കടലിൽ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിനാണ് സമുദ്ര ശാസ്ത്രജ്ഞരുടെ പഠനറിപ്പോർട്ട് ശുപാർശ പ്രകാരം നിശ്ചിത കാലയളവിലേക്ക് ആഴക്കടലിൽ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയത്. 38 വർഷം മുൻപാണ് ട്രോളിംഗ് നിരോധനം ആദ്യമായി നടപ്പാക്കിയത്. നിരോധനം കടലിൽ നല്ല ഫലങ്ങളുളവാക്കിയതിനാൽ പിന്നീട് എല്ലാ വർഷങ്ങളിലും തുടരുകയായിരുന്നു. ആദ്യകാലങ്ങളിൽ 40 ദിവസമായിരുന്നു നിരോധനമെങ്കിൽ പിന്നീടത് 52 ദിവസമായി വർദ്ധിപ്പിക്കുകയായിരുന്നു.
നിരോധനം തുടങ്ങിയ കാലത്ത് ബോട്ടുടമകളും ബോട്ട് തൊഴിലാളികളും ശക്തമായ എതിർപ്പ് ഉയർത്തിയിരുന്നു. നിരോധനത്തെ പിന്താങ്ങി പമ്പരാഗത മത്സ്യത്തൊഴിലാളികൾ രംഗത്ത് വരികയും ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടാകുകയും ചെയ്തിരുന്നു. പിന്നീട് പ്രതിഷേധം കെട്ടടങ്ങുകയും നിരോധനത്തെ എല്ലാവരും പിന്തുണയ്ക്കുകയും ചെയ്തു. നിരോധനം യന്ത്രവത്കൃത ബോട്ടുകൾക്ക് മാത്രമാണ്. പരമ്പരാഗത യാനങ്ങൾക്ക് നിരോധനം ബാധകമല്ല. ഇവർക്ക് നിരോധന കാലയളവിൽ ധാരാളം മത്സ്യം ലഭിക്കുകയും ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |