അമ്പലപ്പുഴ: ട്രോളിംഗ് നിരോധനത്തെ തുടർന്ന് ബോട്ടുകൾ കരയിലേക്കടുപ്പിച്ചതോടെ ചാകര പ്രതീക്ഷയിലാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ. ട്രോളിംഗ് കാലയളവിൽ പരമ്പരാഗത വള്ളങ്ങൾക്കും പൊന്തുവള്ളങ്ങൾക്കും മാത്രമാണ് മത്സ്യ ബന്ധനത്തിന് അനുമതിയുള്ളത്. ഈ കാലയളവിലാണ് ചാകര പ്രത്യക്ഷപ്പെടുന്നത്.
ബോട്ടുകൾക്ക് നിരോധനമുള്ളതിനാൽ വള്ളങ്ങൾക്ക് കൂടുതൽ മത്സ്യം ലഭിക്കുന്നതും അവയ്ക്ക് മതിയായ വില ലഭിക്കുന്നതും ഈ കാലയളവിലാണ്.
സ്വർണം പണയം വച്ചും വട്ടി പലിശക്ക് കടമെടുത്തും ജീവിതം തള്ളിനീക്കുന്ന പരമ്പരാഗത മത്സ്യതൊഴിലാളികളുടെ ഏക പ്രതീക്ഷയാണ് ട്രോളിംഗ് കാലം. സ്കൂളുകൾ തുറന്നതോടെ കടം വാങ്ങിയാണ് പലരും കുട്ടികളെ സ്കൂളിലേക്ക് അയച്ചത്. ഈ കടങ്ങളെല്ലാം വീട്ടാൻ കഴിയുമെന്ന പ്രതീക്ഷയിൽ വള്ളം ഇറക്കാൻ കാത്തിരിക്കുകയാണ് തൊഴിലാളികളും വള്ളം ഉടമകളും. ലെയ്ലാൻഡ്, വീഞ്ച്, ഡിസ്കോ തുടങ്ങിയ വള്ളങ്ങളെല്ലാം കടലിൽ പോകുവാനുള്ള തയ്യാറെടുപ്പിലാണ്.വലകളുടെ മിനുക്കു പണികളിലായിരുന്നു കഴിഞ്ഞ ഏതാനും ദിവസമായി മത്സ്യതൊഴിലാളികൾ.
കഴിഞ്ഞ വർഷം പ്രതീക്ഷിച്ചതു പോലെ ചാകര ലഭിച്ചിരുന്നില്ല. ഇടക്കിടെയുണ്ടായ മഴമുന്നറിയിപ്പും കള്ളക്കടൽ പ്രതിഭാസവും മത്സ്യതൊഴിലാളികളെ പ്രതിസന്ധിയിലാക്കി. ദിവസങ്ങളോളം മത്സ്യ ബന്ധനത്തിന് പോകാനാവാത്ത സ്ഥിതിയും ഉണ്ടായി. എന്നാൽ,
ഇത്തവണ കടലമ്മ കനിയുമെന്ന പ്രതീക്ഷയിലാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികളും കുടുംബങ്ങളും.
ട്രോളിംഗ് കാലയളവാണ് പരമ്പരാഗത മത്സ്യതൊഴിലാളികളുടെ പ്രതീക്ഷ. ചാകരയും ഈ കാലയളവിലാണ് ഉണ്ടാകുന്നത്. കഴിഞ്ഞ വർഷം പൊതുവെ അനുകൂലമായിരുന്നില്ല. ഇത്തവണ അതെല്ലാം മാറി കടങ്ങൾ വീട്ടാനാകുമെന്ന പ്രതീക്ഷയിലാണ്
-ഡി.അഖിലാനന്ദൻ, വള്ളംഉടമ, പുന്നപ്ര
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |