കോഴിക്കോട്: ദേശീയപാത തകർന്നതിൽ ഗുരുതരമായ അഴിമതിയുണ്ടെന്നും ന്യായവും നിഷ്പക്ഷവുമായ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും കെ.പി.സി.സി പ്രസിഡന്റ് അഡ്വ. സണ്ണിജോസഫ്. ദേശീയപാത നിർമ്മാണത്തിലെ അഴിമതിയിൽ ജൂഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫിസിന് മുന്നിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൂരിയാട് ദേശീയ പാതയിൽ വിള്ളലുണ്ടായ സ്ഥലത്ത് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നാളിതുവരെ സന്ദർശിച്ചിട്ടില്ല. കേന്ദ്രത്തെ കുറ്റം പറയാൻ ദേശീയപാതയുടെ അവകാശവാദം ഉന്നയിച്ച കേരളത്തിലെ പൊതുമരാമത്ത് മന്ത്രിക്ക് ഭയമാണ്. തന്റെ കുടുംബം ഉൾപ്പെട്ട അഴിമതിയിൽ കേന്ദ്രസർക്കാരിന്റെ സഹായം ലഭിക്കണമെന്നതിനാലാണ് മന്ത്രി കേന്ദ്രത്തെ കുറ്റപ്പെടുത്താത്തത്. പാർലമെന്റ് പബ്ലിക് അക്കൗണ്ട് ചെയർമാനായ കെ.സി വേണു ഗോപാൽ സ്ഥലം സന്ദർശിച്ചതിനെ മോശമായാണ് അദ്ദേഹം വിശേഷിപ്പിച്ചത്. കേന്ദ്ര പ്രതിപക്ഷ നേതാവ് കഴിഞ്ഞാൽ സംഭവം അന്വേഷിക്കേണ്ട രണ്ടാമത്തെ ഉത്തരവാദിത്വമുള്ളയാളാണ് കെ.സി വേണുഗോപാൽ. അത് മനസിലാക്കാതെയാണ് മന്ത്രി മോശം പരാമർശം നടത്തിയത്. കൂരിയാട് ദേശീയ പാത തകർന്നതിന് പിന്നിൽ കേന്ദ്രസർക്കാരെന്ന് പറയാനുള്ള ആർജ്ജവം പൊതുമരാമത്ത് മന്ത്രി കാണിക്കണമെന്ന് കൂട്ടായ്മയിൽ സംസാരിച്ച ഷാഫി പറമ്പിൽ എം.പി ആവശ്യപ്പെട്ടു. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ അദ്ധ്യക്ഷനായി. എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി, കെ. ബാലനാരായണൻ, കെ.സി അബു, വിദ്യബാലകൃഷ്ണൻ, കെ.എം അഭിജിത്ത് പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |