# കുടുംബ ബഡ്‌ജറ്റ് താളം തെറ്റും
ആലപ്പുഴ: മീനിനും കോഴിയിറച്ചിക്കും പിന്നാലെ പച്ചക്കറിക്കും തീവില. ട്രോളിംഗ് നിരോധനം നിലവിൽ വരികയും കാലവർഷം വീണ്ടും ശക്തിപ്രാപിക്കുകയും ചെയ്യുന്നതോടെ വരുംദിവസങ്ങളിൽ പച്ചക്കറി വീണ്ടും വില കൂടാനാണ് സാദ്ധ്യത.
മേയ് അവസാനവാരം കാലവർഷം ആരംഭിച്ചതിന് പിന്നാലെ കൊച്ചിയിലെ ചരക്ക് കപ്പൽ അപകടവും കളളക്കടൽ പ്രതിഭാസവും മത്സ്യക്ഷാമത്തിനും വിലക്കൂടുതലിനും കാരണമായിരുന്നു. കപ്പലപകടമുണ്ടാക്കിയ അനാവശ്യഭീതി മത്സ്യത്തിന്റെ ഡിമാന്റ് കുറച്ചതോടെ കോഴിവിലയും കൂടി. കാലവർഷത്തിന്റെ തുടക്കത്തിലുണ്ടായ ശക്തമായ മഴയിലും കാറ്റിലും നാടൻ പച്ചക്കറികൾക്കുണ്ടായ നാശവും അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞതുമാണ് പച്ചക്കറി ക്ഷാമത്തിനും വിലവർദ്ധനയ്ക്കും ഇപ്പോൾ കാരണമായത്.
കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് മിക്ക പച്ചക്കറികൾക്കും വില കൂടിയിട്ടുണ്ട്. ചില ഇനങ്ങൾക്ക് 5 മുതൽ 10 രൂപവരെ കിലോഗ്രാമിന് കൂടിയപ്പോൾ പച്ചമുളക്, പടവലം തുടങ്ങിയവയുടെ വില ഇരട്ടിയിലധികമായാണ് ഉയർന്നത്. തേങ്ങയുൾപ്പെടെ സാധനങ്ങളുടെയെല്ലാം വില കുതിച്ചുയർന്നതോടെ ട്രോളിംഗ് കാലത്ത് വീടുകളിൽ അടുപ്പ് പുകയ്ക്കുക ദുഷ്കരമായിരിക്കുകയാണ്. കാലവർഷം ശക്തമായാൽ തൊഴിൽ മേഖലകൾ നിശ്ചലമാകുകയും സാധനങ്ങളുടെ വില വർദ്ധന കുടുംബ ബഡ്ജറ്റുകളെ താളം തെറ്റിക്കുകയും ചെയ്യും.
വില നിലവാരം
(ഇനം, കഴിഞ്ഞ ആഴ്ച, ഇന്നലത്തെ വില കി.ഗ്രാമിന് )
സവാള...........20..........26
ഉരുളക്കിഴങ്ങ്..27..........35
പച്ചമുളക്.......35..........80
പയർ...............80........100
പാവയ്ക്ക............60.........95
ബീറ്റ് റൂട്ട് .........35........65
പടവലം.............40........80
ബീൻസ്...........70.........90
കത്തിരിക്ക...........35.........45
വഴുതനങ്ങ.....40.........55
വെള്ളരി..............15.........22
ഇഞ്ചി(നാടൻ)..100....170
തേങ്ങ..............70-75....80-85
നാട്ടിൻ പുറങ്ങളിലെ പച്ചക്കറി കൃഷി കാലവർഷത്തിൽ നശിച്ചതിനാൽ ഗ്രാമീണ വിപണികളിൽ നാടൻ പച്ചക്കറികളുടെ വരവ് കുറഞ്ഞു. നാടൻ പച്ചക്കറികളില്ലാതായതും അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള വരവ് കുറഞ്ഞതുമാണ് വിലക്കയറ്റത്തിന് കാരണം
-നൗഷാദ്, പച്ചക്കറി വ്യാപാരി, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |