ഹൈക്കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചു
ഹർജി രാഷ്ട്രീയ പ്രേരിതം,ഉന്നം താനും മകളും
കൊച്ചി: സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന പൊതുതാത്പര്യ ഹർജിയുടെ ഉന്നം തന്നേയും മകൾ വീണയേയും താറടിക്കുകയെന്നതാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഹൈക്കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചു.
മാദ്ധ്യമപ്രവർത്തകൻ എം.ആർ. അജയൻ ഫയൽ ചെയ്ത ഹർജി രാഷ്ട്രീയ പ്രേരിതമാണെന്നും 'ലക്‌ഷ്വറി ലിറ്റിഗേഷൻ' എന്ന ഗണത്തിൽപ്പെടുത്താവുന്നതാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഹർജിയിലെ 15-ാം എതിർ കക്ഷിയായ പിണറായിക്ക് ഹൈക്കോടതി നേരത്തേ നോട്ടീസയച്ചിരുന്നു. വിഷയം ഹൈക്കോടതി 17ന് പരിഗണിക്കും.
തനിക്കെതിരായ ഹർജിയിൽ പൊതുതാത്പര്യമില്ലെന്നും ഉന്നയിക്കുന്ന കാര്യങ്ങൾക്ക് പിൻബലമേകുന്ന യാതൊരു വസ്തുതകളും സമർപ്പിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവിനെയാണ് ഹർജിക്കാരൻ ആശ്രയിക്കുന്നത്. ഇതിൽ താനോ മകളോ കക്ഷികളല്ല.കമ്പനിയിൽ നിന്ന് താൻ വഴിവിട്ട സഹായം കൈപ്പറ്റിയെന്നാരോപിച്ച് മാത്യു കുഴൽനാടൻ എം.എൽ.എ, ഗിരീഷ് ബാബു എന്നിവർ നൽകിയ ഹർജികൾ വിജിലൻസ് കോടതികളും ഹൈക്കോടതിയും തള്ളിയിട്ടുള്ളതാണ്.
അഞ്ചു പതിറ്റാണ്ടിലേറെയായി പൊതുസേവനത്തിന് ജീവിതം സമർപ്പിച്ച വ്യക്തിയാണ് താൻ. ആറു തവണ എം.എൽ.എയായി. 2016 മുതൽ മുഖ്യമന്ത്രിയാണ്. തിരഞ്ഞെടുപ്പ് കമ്മിഷന് മുന്നിൽ എല്ലാ ആസ്തി ബാദ്ധ്യതകളും സമയാസമയം വെളിപ്പെടുത്തിയിട്ടുണ്ട്.
സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് അന്വേഷണം നടത്തുന്ന കേസിൽ സമാന്തര അന്വേഷണം പാടില്ലെന്ന നിയമം കാറ്റിൽപ്പറത്തിയാണ് ഹർജിയിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നത്. ഈ സാഹചര്യങ്ങളിൽ ഹർജി തള്ളണമെന്നും പിണറായി ആവശ്യപ്പെടുന്നു.
മുഖ്യമന്ത്രിയുടെ
സത്യവാങ്മൂലത്തിൽ നിന്ന്:
1. ഉന്നയിക്കുന്ന വിഷയവുമായി ഹർജിക്കാരന് നേരിട്ട് ബന്ധമില്ല. തെളിവുകളോ രേഖകളോ ഇല്ല. ഊഹങ്ങളും കേട്ടുകേൾവികളുമാണ് ഉന്നയിച്ചിരിക്കുന്നത്.
2. തനിക്ക് സി.എം.ആർ.എൽ അടക്കം ഒരു കമ്പനിയിൽനിന്നും നേരിട്ടോ അല്ലാതെയോ അനധികൃത സഹായം ലഭിച്ചിട്ടില്ല. മകൾ ഡയറക്ടറായ എക്സാലോജിക് മുഖേനയും പണം വന്നിട്ടില്ല. ആരോപണം സമ്പൂർണ നുണയാണ്.
3. സി.എം.ആർ.എൽ- എക്സാലോജിക് സാമ്പത്തിക ഇടപാടുകൾ ബാങ്ക് അക്കൗണ്ടുകൾ മുഖേനയാണ്. എക്സാലോജിക് തന്റെ ബിനാമി കമ്പനിയാണെന്ന ആരോപണം വസ്തുതാവിരുദ്ധമാണ്. സി.എം.ആർ.എല്ലിനു വേണ്ടി പക്ഷപാതം കാട്ടിയിട്ടില്ല.
4. കോവളം പാലസ് ഒരു വ്യവസായിക്ക് കൈമാറാനായി താൻ സ്വാധീനശക്തി പ്രയോഗിച്ചെന്ന ഹർജിയിലെ ആരോപണം തെറ്റിദ്ധാരണാജനകമാണ്. താൻ അധികാരത്തിൽ വന്നപ്പോഴേക്കും കോവളം കൊട്ടാരം കൈമാറാനുള്ള കരാറുകളും നിയമനടപടികളും ഏകദേശം പൂർത്തിയായിരുന്നു.
5.ആദായനികുതി സെറ്റിൽമെന്റ് ക്രിമിനൽ നിയമത്തിന്റെ പരിധിയിൽ വരില്ല. സെറ്റിൽമെന്റ് റീഓപ്പൺ ചെയ്യാനും വ്യവസ്ഥയില്ല. സി.എം.ആർ.എല്ലിനെ സെബി ലിസ്റ്റിൽ നിന്ന് നീക്കണമെന്നും മറ്റുമുള്ള ആവശ്യങ്ങളും ഉന്നയിക്കുന്ന ഹർജി ദിശ തെറ്റിയതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |