തൃപ്പൂണിത്തുറ: അമൃത് ഭാരത് പദ്ധതിയിലൂടെ മുഖം മിനുക്കുകയാണ് തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ. സ്റ്റേഷൻ പ്ലാറ്റ്ഫോം ഉൾപ്പെടെ നവീകരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. സിഗ്നൽ, സിവിൽ സംബന്ധ നിർമ്മാണങ്ങൾ പൂർത്തീകരിച്ചാൽ ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകും.
പത്തു കോടി രൂപയുടെ വികസനമാണ് രാജനഗരിയിലെ റെയിൽവേ സ്റ്റേഷനിൽ നടക്കുന്നത്. ഏപ്രിൽ മാസത്തിൽ ആദ്യഘട്ട നിർമ്മാണത്തിന്റെ ഉദ്ഘാടനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും ചിറയൻകീഴ്, കുഴിത്തറ എന്നീ സ്റ്റേഷനുകളുടെ ഉദ്ഘാടനം മാത്രമാണ് നടന്നത്. ഉടനെ തന്നെ തൃപ്പൂണിത്തുറയിൽ ഉദ്ഘാടനം നടക്കും.
മോടി പിടിപ്പിച്ച് സ്റ്റേഷൻ കവാടം
പദ്ധതിയുടെ ആദ്യഘട്ടത്തിൽ രാജനഗരിയുടെ പ്രൗഢി വിളിച്ചോതുന്ന തരത്തിൽ സ്റ്റേഷൻ കവാടം പുതുക്കിപ്പണിതു. ടിക്കറ്റ് കൗണ്ടറും മോടി പിടിപ്പിച്ചു. ആദ്യഘട്ട നിർമ്മാണത്തിന്റെ 90ശതമാനം ജോലികളും പൂർത്തിയായി കഴിഞ്ഞു. ബാക്കിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ 20ന് മുമ്പ് പൂർത്തീകരിക്കും.
പ്ലാറ്റ്ഫോം ഉയർത്തി ടൈൽ വിരിക്കുന്നു
ശുചി മുറി, വിശ്രമ കേന്ദ്രം എന്നിവ ഒരുക്കുന്നു
ഉന്നത നിലവാരമുള്ള കാത്തിരിപ്പ് കേന്ദ്രവും മികച്ച ഇരിപ്പിട സൗകര്യവും ഒരുക്കുന്നു
യാത്രക്കാർക്ക് ട്രെയിൻ സംബന്ധമായ വിവരങ്ങൾ മനസിലാക്കുവാൻ എൽ.ഇ.ഡി സൈൻ ബോർഡുകൾ
ശുദ്ധജല ബൂത്തുകൾ, സ്പീക്കറുകൾ തുടങ്ങിയവ ക്രമീകരിച്ചിട്ടുണ്ട്.
രണ്ടാംഘട്ടം
രണ്ടാം ഘട്ടത്തിൽ അപ്രോച്ച് റോഡ്, നടപ്പന്തലിന്റെ ഇരുവശത്തും ലിഫ്റ്റ് സൗകര്യം എന്നിവ ഒരുക്കും. രണ്ടാമത്തെ പ്ലാറ്റ്ഫോമിന്റെ മേൽക്കൂര നിർമ്മാണവും പ്ലാറ്റ്ഫോം ഉയർത്തലും രണ്ടാം ഘട്ടങ്ങളിൽ നടക്കും. സൗജന്യ വൈ ഫൈ, സർക്കുലേറ്റിംഗ് ഏരിയകൾ, എസ്കലേറ്റർ, പ്രാദേശിക ഉത്പന്നങ്ങൾക്കുള്ള കിയോസ്കുകൾ, ബിസിനസ് മീറ്റിംഗിനുള്ള നോമിനേറ്റഡ് ഇടങ്ങൾ എന്നീ പ്രവർത്തനങ്ങൾ രണ്ടാംഘട്ടത്തിൽ നടക്കും.
വലഞ്ഞ് യാത്രക്കാർ
ആദ്യഘട്ടത്തിലെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി അവശേഷിച്ച അസംസ്കൃത വസ്തുക്കൾ യാത്രക്കാർക്ക് ദുരിതം സമ്മാനിക്കുന്നു. പ്ലാസ്റ്റിക് കവറുകൾ അടക്കം സ്റ്റേഷന്റെ കവാടത്തിൽ കൂട്ടിയിട്ടിരിക്കുകയാണ്. ഇതിൽ നിന്നുള്ള പൊടിയും അപ്പ്രോച്ച് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടുള്ള പി.സി.സിയിൽ നിന്നുയരുന്ന പൊടിയും യാത്രക്കാർക്ക് കടുത്ത ശ്വാസംമുട്ടൽ ഉൾപ്പെടെ ഉണ്ടാക്കുന്നുണ്ട്.
ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം വൈകാതെ തന്നെ ഉണ്ടാകും. തുടർന്ന് രണ്ടാംഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കും. നിർമ്മാണ പ്രവർത്തനത്തിന്റെ ഭാഗമായി ഉപേക്ഷിക്കപ്പെട്ടിട്ടുള്ള അസംസ്കൃത വസ്തുക്കൾ 20ന് മുമ്പ് മാറ്റി വൃത്തിയാക്കും.
പി.ആർ.ഒ
സതേൺ റെയിൽവേ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |